തിരയുക

ലിയോ പതിനാലാമൻ പാപ്പായും അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങളും ലിയോ പതിനാലാമൻ പാപ്പായും അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങളും  (ANSA)

ദൈവശാസ്ത്രപഠനങ്ങൾ ഏവർക്കും ഉപകാരപ്രദമാകണം: ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന് നവംബർ 26 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ദൈവശാസ്ത്രചിന്തകൾക്കും പഠനങ്ങൾക്കും മറ്റു ശാസ്ത്രമേഖലകളുമായുള്ള ബന്ധം അനുസ്മരിപ്പിച്ച പാപ്പാ, ദൈവശാസ്ത്ര അറിവുകൾ പങ്കുവയ്ക്കപ്പെടുന്നത് സഭയും മാനവികതയും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സഹായകരമാകുമെന്ന് ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാനവികതയും സഭയും അഭിമുഖീകരിക്കുന്ന “പുതിയ യാഥാർത്ഥ്യങ്ങളെക്കുറിച്ച്” പഠിക്കാനും, തങ്ങളുടെ ചിന്തകൾ മറ്റു ശാസ്ത്രവിഭാഗങ്ങളുമായി പങ്കുവയ്ക്കാനും അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള (Türkiye and Lebanon) യാത്രയ്ക്ക് മുൻപായി നവംബർ 26 ബുധനാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച ഒരു കൂടിക്കാഴ്ചയിൽ, ദൈവശാസ്ത്രകമ്മീഷൻ അംഗങ്ങളുടെ പ്രവർത്തനങ്ങളെ ശ്ലാഖിച്ച പാപ്പാ, നിഖ്യാ കൗൺസിലിന്റെ 1700-ആം വാർഷികവുമായി ബന്ധപ്പെട്ട് കമ്മീഷൻ പുറത്തിറക്കിയ പഠനരേഖയെ പ്രത്യേകം പരാമർശിച്ചു.

ദൈവശാസ്ത്രത്തിന് ഒരു ശാസ്ത്രവിഭാഗത്തെയും അവഗണിക്കാനാകില്ലെന്നും, എല്ലാ ശാസ്ത്രങ്ങളെയും ക്രൈസ്തവവിശ്വാസം പ്രകാശിപ്പിക്കുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. അതുകൊണ്ടുതന്നെ, എല്ലാക്കാര്യങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പഠനരീതിയിലൂടെ, സഭയും മുഴുവൻ മാനവികതയും നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും വിശകലനം ചെയ്യാനും സഹായിക്കാനാണ് ദൈവശാസ്ത്രം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മാനവികതയുടെയും സഭയുടെയും പാതയിലുള്ള "പുതിയ കാര്യങ്ങളെ" അവലോകനം ചെയ്തുകൊണ്ട് മുന്നേറാൻ ആവശ്യപ്പെട്ട പാപ്പാ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം നൽകിയ സുവിശേഷം വിശ്വസ്തതയോടെ പ്രഘോഷിക്കാനുള്ള ഏവരുടെയും കടമയെക്കുറിച്ച് പരാമർശിച്ചു.

പുതിയ ഉൾക്കാഴ്ചകളും സമീപനരീതികളും വിശ്വാസകാര്യങ്ങൾക്കായുള്ള തിരുസംഘത്തിനും മെത്രാന്മാർക്കും നൽകാനും, അങ്ങനെ ക്രിസ്തുവിന്റെ ശരീരമായ സഭയെ വളർത്താനും ദൈവശാസ്ത്ര കമ്മീഷനുള്ള ഉത്തരവാദിത്വം പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

വിശ്വാസത്തിന്റെ കാതോലികതയെക്കുറിച്ച് വിചിന്തനം ചെയ്യാൻ ആഹ്വാനം ചെയ്ത പാപ്പാ, ലോകമെമ്പാടുമുള്ള പ്രാദേശികസഭകളിലെ വ്യത്യസ്തങ്ങളായ സാംസ്കാരികാനുഭവങ്ങൾ മനസ്സിലാക്കുന്നത് വഴി ദൈവശാസ്ത്രത്തിന് കൂടുതൽ വളരാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ചു. വിവിധ ദൈവശാസ്ത്രശാഖകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് വഴി, എല്ലാ സംസ്കാരങ്ങളിലുമുള്ള ആളുകളോട് സുവിശേഷം പ്രഘോഷിക്കാൻ സഹായകമാകുന്ന രീതിയിൽ, ദൈവശാസ്ത്ര ആശയങ്ങൾ വ്യക്തമാക്കാൻ സാധിക്കുമെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

സുവിശേഷത്തോട് ചേർന്ന് നിൽക്കുന്ന ഒരു ജീവിതത്തിനേ ക്രിസ്തുവിനും സഭയുടെ മിഷനറി പ്രവർത്തനത്തിനും വിശ്വസനീയമായ സാക്ഷ്യമേകാൻ സാധിക്കൂ എന്ന് പാപ്പാ പ്രസ്താവിച്ചു. വിശ്വാസത്തിന്റെ ശാസ്ത്രം എന്ന നിലയിൽ, ചരിത്രത്തിന്റെ വഴികളിൽ ക്രിസ്തുവിന്റെ നിത്യമായതും നമ്മെ രൂപീകരിക്കുന്നതുമായ പ്രകാശം പരത്താനും ദൈവശാസ്ത്രത്തിനുള്ള ഉത്തരവാദിത്വവും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, സഭയിലെ ദൈവശാസ്ത്ര നവീകരണത്തിന് വേണ്ടി, 1969-ൽ വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ സ്ഥാപിച്ചത്. തങ്ങളുടെ പ്ലീനറി അസംബ്ലിയുടെ ഭാഗമായാണ് കമ്മീഷൻ ഈ ദിവസങ്ങളിൽ റോമിൽ ഒരുമിച്ച് കൂടിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 നവംബർ 2025, 14:06