പ്രത്യാശിക്കുക എന്നാൽ സാക്ഷ്യം നൽകുക എന്നാണ് അർത്ഥം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പൊതുനന്മയ്ക്കായി സംഭാവന നൽകാനും കഴിയുമെന്ന് സമൂഹം ഉറപ്പുവരുത്തണമെന്നും അതിനായി ഏവരുടെയും കൂട്ടായ പ്രതിബദ്ധത ഏറെ ആവശ്യമാണെന്നും, ഓർമ്മപെടുത്തിക്കൊണ്ട്, 2025 ജൂബിയോടനുബന്ധിച്ചു, നവംബർ എട്ടാം തീയതി വത്തിക്കാൻ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയിൽ സന്ദേശം നൽകി. ജൂബിലിയുടെ പ്രത്യാശ ദൈവത്തിന്റെ ആശ്ചര്യകരമായ പ്രവൃത്തികളിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും, നമ്മുടെ കാഴ്ചപ്പാടുകളിൽ നിന്നും, ദൈവീകകാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ഈ വൈവിധ്യത്തെ തിരിച്ചറിയാനും അതിനെ നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യാനുമുള്ള വിളിയാണ് ജൂബിലി വർഷം നൽകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
നമ്മുടെ ദൈവീക വിളിയെ തിരിച്ചറിയുന്നതിനും, കർത്താവ് എളിമയോടുകൂടി എപ്രകാരമാണ് നമുക്ക് സമീപസ്ഥനായതെന്നു മനസിലാക്കുവാനും സാധിക്കണമെന്നു വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ ഓർമ്മപ്പെടുത്തിയ പാപ്പാ, ദൈവത്തിന്റെ മാനദണ്ഡങ്ങൾ എപ്പോഴും താഴ്മയിൽ നിന്നുമാണ് ആരംഭിക്കുന്നതെന്ന് എടുത്തു പറഞ്ഞു.
പ്രത്യാശ എന്നാൽ സാക്ഷ്യം വഹിക്കുക എന്നതാണെന്നു, ആഫ്രിക്കയിലെ കോംഗോയിൽ മിഷനറിയായിരുന്ന ഇസിഡോർ ബകാഞ്ചയുടെ ജീവിതം എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ പറഞ്ഞു. 1885 ൽ ജനിച്ച അദ്ദേഹം, കത്തോലിക്കാ മിഷനറിമാരായ ട്രാപ്പിസ്റ്റ് സന്യാസിമാരുമായി വളർത്തിയ സൗഹൃദം, യേശുവിനെക്കുറിച്ച് അറിയുവാനും, ഇരുപതാം വയസ്സിൽ ക്രിസ്തീയ വിദ്യാഭ്യാസം നേടിയെടുക്കുവാനും, പിന്നീട് മാമ്മോദീസ സ്വീകരിക്കുവാനും അദ്ദേഹത്തെ ധൈര്യപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യത്തിന്റെ ജീവിതമായിരുന്നുവെന്നു പാപ്പാ അടിവരയിട്ട് പറഞ്ഞു. പുതിയ ജീവിതത്തിന് സാക്ഷ്യം വഹിക്കുമ്പോൾ , പ്രയാസങ്ങൾക്കിടയിലും വെളിച്ചം വീശുവാണ്. നമുക്ക് സാധിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
യൂറോപ്യൻ മുതലാളിക്ക് വേണ്ടി ഒരു കാർഷിക തൊഴിലാളിയായി ജോലി ചെയ്യുന്ന അവസരത്തിൽ, കോളനിവൽക്കരണക്കാരുടെ ദുരുപയോഗങ്ങൾക്കെതിരെ തദ്ദേശീയരെ സംരക്ഷിക്കുന്ന ക്രിസ്തുമതത്തെയും മിഷനറിമാരെയും യജമാനൻ വെറുത്തുവെങ്കിലും, ഇസിഡോർ തന്റെ സഹനങ്ങൾക്കിടയിലും, കർത്താവിനു സാക്ഷ്യം വഹിച്ചുവെന്നും, ക്രൂരമായ പീഡനങ്ങൾ ഏറ്റുകൊണ്ട് മരിക്കുമ്പോൾ പോലും, മരണാനന്തര ജീവിതത്തിൽ തന്നെ പീഡിപ്പിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ, ഏവർക്കും പ്രത്യാശ പകരുന്നതാണെന്നും പാപ്പാ പറഞ്ഞു.
തിന്മയുടെ ചങ്ങല തകർക്കുന്ന ജീവനുള്ള വാക്കാണ് കുരിശിന്റെ വചനമെന്നു പറഞ്ഞ പാപ്പാ, അഹങ്കാരികളെ ആശയക്കുഴപ്പത്തിലാക്കുകയും ശക്തരെ അവരുടെ സിംഹാസനങ്ങളിൽ നിന്ന് അട്ടിമറിക്കുകയും ചെയ്യുന്ന ശക്തിയാണ് ഇതെന്നും കൂട്ടിച്ചേർത്തു. പുരാതന സഭകൾ ഇന്ന് യുവ സഭകളിൽ നിന്ന് ഈ സാക്ഷ്യം സ്വീകരിക്കുന്നുവെന്നും, ഇത് ഒരുമിച്ച് ദൈവരാജ്യത്തിലേക്ക് നടക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്നു അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
