തിരയുക

ഭക്ഷണ വേളയിൽ പാപ്പാ ആളുകൾക്കൊപ്പം ഭക്ഷണ വേളയിൽ പാപ്പാ ആളുകൾക്കൊപ്പം  (ANSA)

നാമേവരും ഒരു കുടുംബത്തിന്റെ ഭാഗമാണ്: പാപ്പാ

ദരിദ്രർക്കുവേണ്ടിയുള്ള ആഗോളദിനത്തിൽ പാവപ്പെട്ട ആളുകൾക്കൊപ്പം പാപ്പാ ഭക്ഷണം കഴിച്ചു. തദവസരത്തിൽ, ഏവരെയും അഭിവാദ്യം ചെയ്തു കൊണ്ട് പാപ്പാ സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏവരെയും പ്രത്യാശയിലേക്ക് ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, സമൂഹത്തിൽ വേദനയനുഭവിക്കുന്ന പാവപ്പെട്ട ആളുകൾക്കുവേണ്ടി ജൂബിലിയാഘോഷം വത്തിക്കാനിൽ വച്ച് നടത്തി. തുടർന്ന്, ദരിദ്രർക്കുവേണ്ടിയുള്ള ആഗോളദിനമായ നവംബർ പതിനാറാം  തീയതി, ഏകദേശം ആയിരത്തിമുന്നൂറോളം പാവപെട്ട ആളുകൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം, വിൻസെന്റ് ഡി പോൾ സന്യാസസഭയാണ് തയാറാക്കി നൽകിയത്. വൈദികരും, സന്യസ്തരും അത്മായരും അടങ്ങുന്ന സന്നദ്ധപ്രവർത്തകർ ഭക്ഷണം വിളമ്പി നൽകി.

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ നാനൂറാം ജന്മദിനത്തോടനുബന്ധിച്ചാണ്, പാവപ്പെട്ടവർക്ക് വേണ്ടി സഭ ഭക്ഷണം നൽകിയത്. സഭയുടെ ഔദാര്യപൂർണ്ണമായ മനസിന് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. ഈ ദിവസം കൃതജ്ഞതയുടെ  ഒരു ദിവസമാണെന്ന് ആമുഖമായി പാപ്പാ പറഞ്ഞു. അതുപോലെ ഭക്ഷണം ആശീർവദിക്കുന്ന വേളയിൽ,  ലഭിച്ച ദാനങ്ങൾക്കും, സന്നിഹിതരായിരിക്കുന്ന ഓരോരുത്തർക്കും അവരുടെ   പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും നിയോഗങ്ങൾക്കും, സഹായം നല്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, അക്രമം, യുദ്ധം, പട്ടിണി എന്നിവ നിമിത്തം കഷ്ടപ്പെടുന്ന അനേകം ആളുകളെ പ്രത്യേകമായി  സ്മരിക്കുകയും ചെയ്തു.

ഭക്ഷണശേഷം, പിതൃതുല്യമായ വാത്സല്യത്തോടെ ഒരിക്കൽ കൂടി, പാപ്പാ ഏവരെയും അഭിവാദ്യം ചെയ്യുകയും, എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുകയും ചെയ്തു. ബാക്കിവന്ന പഴങ്ങൾ  എടുത്തു കൊണ്ടുപോകുവാനും പിന്നീട് കഴിക്കുവാനും പാപ്പാ പറഞ്ഞതോടൊപ്പം, വന്നവർക്ക് ഒരു സമ്മാനപ്പൊതിയും ഒരുക്കിയിട്ടുണ്ടെന്ന കാര്യവും അനുസ്മരിച്ചു. പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണം ഒരുക്കിയത്. കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി, വിൻസെന്റ് ഡി പോൾ സഭയുടെ ജനറാൾ എന്നിവരും പാപ്പായ്‌ക്കൊപ്പം സന്നിഹിതരായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 നവംബർ 2025, 14:36