തിരയുക

ലിയോ പതിനാലാമൻ പാപ്പാ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു ലിയോ പതിനാലാമൻ പാപ്പാ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു 

നൈജീരിയ, ഉക്രൈൻ എന്നിവിടങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നതിൽ ആശങ്കയറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

നവംബർ 18 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. അമേരിക്കയിലെ കുടിയേറ്റക്കാരുടെ അന്തസ്സ്, നൈജീരിയയിൽ കൊല്ലപ്പെടുന്ന ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും, ഉക്രൈനിൽ തുടരുന്ന യുദ്ധത്തിൽ മരണമടയുന്ന നിരവധി ആളുകൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് പാപ്പാ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നൈജീരിയയിലും ഉക്രൈനിലും നിരവധിയാളുകൾ കൊല്ലപ്പെടുന്നതിൽ ആശങ്കയറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. റോമിന് പുറത്ത് കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന തന്റെ വേനൽക്കാല വസതിയിൽനിന്ന് നവംബർ 18 ചൊവ്വാഴ്ച വൈകുന്നേരം തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി, തന്നെ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ്, നൈജീരിയയിലെ പീഡനങ്ങളും, ഉക്രൈനിൽ തുടരുന്ന യുദ്ധവും തുടങ്ങി, അമേരിക്കയിൽ കുടിയേറ്റക്കാർ നേരിടുന്ന പ്രതിസന്ധികൾ വരെയുള്ള കാര്യങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചത്.

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ പീഡനങ്ങൾ നടക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ, കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനാ നയിച്ച വേളയിൽ ഇതുസംബന്ധിച്ച് തൻ സംസാരിച്ചത് പരാമർശിച്ച പാപ്പാ, അവിടെ ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും, സാമ്പത്തിക കാരണങ്ങളാലും, ഭൂപ്രദേശത്തിന്റെ നിയന്ത്രണത്തിന്റെ പേരിലും കൊല്ലപ്പെടുന്നുണ്ടെന്നത് എടുത്തുപറഞ്ഞു. രാജ്യത്ത് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ കൂടി കണക്കിലെടുത്ത്, സർക്കാരും മറ്റ് സമൂഹങ്ങളും മത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് വേണ്ടി പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു.

ഉക്രൈനും റഷ്യയും തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി ബുധനാഴ്‌ച തുർക്കിയിൽ വച്ച് സംവാദങ്ങൾ നടക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, ഉക്രൈന്റെ ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ പാപ്പാ, അത് ആ രാജ്യമാണ് തീരുമാനിക്കേണ്ടതെന്നും, എന്നാൽ വെടിനിറുത്തൽ ഇനിയും നടപ്പിലാകുന്നില്ലെന്നതും പറഞ്ഞു. പ്രദേശത്ത് അനുദിനം ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും, നാം സമാധാനത്തിനായുള്ള പരിശ്രമങ്ങൾ തുടരണമെന്നും ഓർമ്മിപ്പിച്ച പാപ്പാ, വെടിനിറുത്തലും, തുടർന്ന് സംവാദങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

വടക്കേ അമേരിക്കയിൽനിന്നുള്ള കൂട്ട കുടിയൊഴിപ്പിക്കലിനെതിരെ അവിടുത്തെ മെത്രാൻസമിതി പുറത്തിറക്കിയ അജപാലനരേഖയെക്കുറിച്ച് പരാമർശിച്ച പാപ്പാ, അത് ഏറെ പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. എല്ലാ മനുഷ്യരെയും മാനവികതയോടെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും സ്വന്തമായ അതിർത്തികളും, അവിടെ ആര് പ്രവേശിക്കണമെന്നുമുള്ളതിനെക്കുറിച്ച് ഓരോ രാജ്യങ്ങൾക്കും തീരുമാനിക്കാനുള്ള അവകാശവും ഉണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ അമേരിക്കയിൽ നിയമവിരുദ്ധമായി എത്തിയിട്ടുള്ളവരുടെ കാര്യത്തിൽ, തീരുമാനമെടുക്കാൻ നീതിന്യായവ്യവസ്ഥയുൾപ്പെടെയുള്ള വിവിധ സംവിധാനങ്ങളുണ്ടെന്ന കാര്യവും ഓർമ്മിപ്പിച്ചു.

പെറു ഉൾപ്പെടെ, തെക്കേ അമേരിക്കയിലേക്കുള്ള യാത്രയുടെ സാധ്യതയെക്കുറിച്ച് മറുപടി പറഞ്ഞ പാപ്പാ, ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും, എന്നാൽ അടുത്ത വർഷം കൂടുതൽ യാത്രകൾ വിഭാവനം ചെയ്യുന്നുണ്ടെന്നും, തനിക്ക് യാത്രകൾ ഇഷ്ടമാണെന്നും വ്യക്തമാക്കി. ഫാത്തിമ, മെക്സിക്കോയിലെ ഗ്വാദലൂപ്പെ, ഉറുഗ്വായ്, അർജന്റീന, പെറു തുടങ്ങിയ ഇടങ്ങൾ പാപ്പാ പ്രത്യേകം പരാമർശിച്ചു.

കസ്തേൽ ഗാന്തോൾഫോയിലെ താമസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ,, അനുദിന പ്രവർത്തനങ്ങളും ഫോൺ വിളികളും, ചില പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതുമായ കാര്യങ്ങളുമാണ് പ്രധാനമായി അവിടെ നടക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. എന്നാൽ ടെന്നീസ്, നീന്തൽ തുടങ്ങിയവയ്ക്കും സമയം കണ്ടെത്തുന്നുണ്ടെന്ന് പാപ്പാ അറിയിച്ചു. എല്ലാവരും അവനവന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും, അതുകൊണ്ടാണ് ഈ വിശ്രമം ആവശ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 നവംബർ 2025, 14:30