തിരയുക

ലിയോ പതിനാലാമൻ പാപ്പായും പലസ്തീൻ പ്രസിഡന്റ മഹ്മൂദ് അബ്ബാസും ലിയോ പതിനാലാമൻ പാപ്പായും പലസ്തീൻ പ്രസിഡന്റ മഹ്മൂദ് അബ്ബാസും  (ANSA)

പാലസ്തീൻ പ്രസിഡന്റിന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്‌ച അനുവദിച്ചു

പലസ്തീൻ പ്രസിഡന്റ മഹ്മൂദ് അബ്ബാസിന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. നവംബർ ആറാം തീയതി വത്തിക്കാനിൽ നടന്ന സൗഹാർദ്ദപരമായ കൂടിക്കാഴ്ചയിൽ, ഗാസായിലെ ജനത്തിന് ലഭിക്കേണ്ട അടിയന്തിരസേവനങ്ങളും, സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ട ദ്രുതപരിശ്രമങ്ങളും ചർച്ചാവിഷയമായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ പാലസ്തീൻ പ്രസിഡന്റ മഹ്മൂദ് അബ്ബാസിന് (Mahmoud Abbas) വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. വത്തിക്കാനും പാലസ്തീനുമായുള്ള ആഗോളകരാറിന്റെ പത്താം വാർഷികത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നവംബർ ആറാം തീയതി വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന സൗഹാർദ്ധപരമായ ഈ കൂടിക്കാഴ്ചയിൽ, ഗാസയിലെ സാധാരണ ജനത്തിന് അടിയന്തിര സഹായമെത്തിക്കുന്നതിലുണ്ടാകേണ്ട പ്രാധാന്യവും അത്യാവശ്യവും പ്രത്യേകം ചർച്ച ചെയ്യപ്പെട്ടു. ഗാസാ മുനമ്പിലുൾപ്പെടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെയും, അവ അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യവും ചർച്ചാവിഷയമായി.

ഇസ്രായേൽ-പാലസ്തീന പ്രശ്നപരിഹാരത്തിനായി “രണ്ട് രാജ്യങ്ങൾ” എന്ന സാധ്യതയും ചർച്ച ചെയ്യപ്പെട്ടുവെന്ന് പ്രെസ് ഓഫീസ് വ്യക്തമാക്കി. ലിയോ പതിനാലാമൻ പാപ്പായും പാലസ്തീൻ പ്രസിഡന്റ മഹ്മൂദ് അബ്ബാസും തമ്മിൽ ടെലിഫോൺ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് നേരിട്ടുള്ള കൂടിക്കാഴ്ച നടക്കുന്നത്.

നവംബർ 5 ബുധനാഴ്ച പാലസ്തീൻ പ്രസിഡന്റ മഹ്മൂദ് അബ്ബാസ് റോമിലെ മേരി മേജർ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ കല്ലറയ്ക്കരികിലെത്തി പൂക്കൾ സമർപ്പിച്ചിരുന്നു. ഫ്രാൻസിസ് പാപ്പാ പാലസ്തീൻ ദേശത്തിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി ചെയ്ത കാര്യങ്ങളും, പാലസ്തീനയെ, മറ്റാരുടെയും നിർബന്ധം ഇല്ലാതിരുന്നിട്ടുകൂടി അംഗീകരിച്ചതും തനിക്ക് മറക്കാനാകില്ലെന്ന്, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു.

2015 ജൂൺ 26-നാണ് പരിശുദ്ധ സിംഹാസനവും പാലസ്തീനും തമ്മിലുള്ള ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കപ്പെട്ടത്. പാലസ്തീന്റെ സ്വയം നിർണ്ണയാവകാശം, ഇരുരാഷ്ട്ര പോംവഴി, യഹൂദർക്കും, ക്രൈസ്തവർക്കും, ഇസ്ലാം മതസ്ഥർക്കും ജെറുസലേം നഗരവുമായി ബന്ധപ്പെട്ട ആത്മീയ പ്രാധാന്യം എന്നിവ ഈ കരാറിൽ എടുത്തുപറയുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 നവംബർ 2025, 14:31