സമ്പദ്‌വ്യവസ്ഥ മനുഷ്യന്റെ അന്തസ്സിനും ലോകത്തിനും ഉപകരിക്കണം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സമ്പദ്‌വ്യവസ്ഥയ്ക്ക് അതിൽത്തന്നെ അർത്ഥമില്ലെന്നും, മനുഷ്യരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ലോകത്തിന്റെ പൊതുവായ നന്മയ്ക്കും ഉപകരിക്കുമ്പോഴാണ് അതിന് പ്രാധാന്യമേറുന്നതെന്നും ലിയോ പതിനാലാമൻ പാപ്പാ. അർജന്റീനയിലെ ബൊയ്നെസ് ഐറെസിലെ (Buenos Aires) കൺവെൻഷൻ സെന്ററിൽ നവംബർ 13-ന് നടന്ന മുപ്പത്തിയൊന്നാമത് ദേശീയ വ്യവസായികമേളയിലേക്കയച്ച തന്റെ സന്ദേശത്തിലാണ്, റേരും നൊവാരും (Rerum novarum) എന്ന ലിയോ പതിമൂന്നാമൻ പാപ്പായുടെ ഉദ്ബോധനത്തെ അധികരിച്ച്, ലിയോ പതിനാലാമൻ പാപ്പാ ഇങ്ങനെ എഴുതിയത്.
ചിലയിടങ്ങളിലേക്ക് മാത്രമല്ല, മറിച്ച് എല്ലാ സ്ത്രീപുരുഷന്മാരുടെയും സമഗ്രമായ പുരോഗതിക്ക് ഉപകാരപ്രദമാകുകയെന്നതാകണം സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യമെന്ന് പാപ്പാ കഴിഞ്ഞ നൂറ്റാണ്ടിലെ സഭാപ്രബോധനം അവർത്തിച്ചുകൊണ്ട് പാപ്പാ എഴുതി. നീതിയാൽ നയിക്കപ്പെട്ട്, ഐക്യദാർഢ്യത്താൽ പ്രേരിതമായി വേണം സമ്പദ്‌വ്യവസ്ഥ പ്രവർത്തിക്കേണ്ടതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ഒരു വ്യവസായസ്ഥാപനത്തിന്റെ വിജയം അതിന്റെ സാമ്പത്തികനേട്ടത്തിൽ മാത്രം ഒതുങ്ങരുതെന്നും, അതിനൊപ്പം, മാനവികവികസനം സാധ്യമാക്കാനും, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാനും, സൃഷ്ടിയുടെ പരിപാലനം ഉറപ്പാക്കാനുമുള്ള കഴിവും കണക്കിലെടുക്കണമെന്നും പാപ്പാ എഴുതി.
സഭയുടെ സാമൂഹിക സിദ്ധാന്തം (Social Doctrine) അമൂർത്തമായ വെറുമൊരു തത്വമോ സാധ്യമല്ലാത്ത ഒരു ചിന്തയോ അല്ലെന്നും, മറിച്ച്, ക്രിസ്തുവിനെ മാനുഷികമായ എല്ലാ പ്രവൃത്തികളുടെയും കേന്ദ്രബിന്ദുവാക്കി നിറുത്തിക്കൊണ്ട്, പ്രാപ്യമായതും, വ്യക്തികളെയും സ്ഥാപനങ്ങളെയും പരിവർത്തനം ചെയ്യാൻ പറ്റുന്ന ഒന്നാണെന്നും പാപ്പാ പ്രസ്താവിച്ചു.
ദൈവസ്നേഹത്താലും പരസ്നേഹത്താലും പ്രേരിതരായി, പൊതുനന്മയ്ക്കായി ഉപകാരപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയ്ക്കായി അദ്ധ്യാനിക്കാൻ തയ്യാറുള്ള സംരംഭകരേയും നടത്തിപ്പുകാരെയുമാണ് ഇന്നത്തെ സമൂഹങ്ങൾക്കും ലോകത്തിനും ആവശ്യമെന്ന്, അർജന്റീനയിൽനിന്നുള്ള വ്യവസായിയും ദൈവദാസനുമായ എൻറിക് ഷോയെ (Enrique Shaw 1991-62) പരാമർശിച്ചുകൊണ്ട് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
