നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വളർച്ചയിൽ ധാർമ്മികതയ്ക്കും ആത്മീയതയ്ക്കും സ്ഥാനം കൊടുക്കണം: പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗവേഷണങ്ങളിലൂടെയും, വിവിധ സംരംഭങ്ങളിലൂടെയും, അജപാലന കാഴ്ചപ്പാടോടെയും, ആധുനികസമൂഹത്തിൽ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ മനുഷ്യരുടെ അന്തസ്സിനും പൊതുനന്മയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ വേണ്ടി പരിശ്രമിക്കുന്ന ഏവർക്കും താൻ നന്ദി പറയുന്നുവെന്ന് ലിയോ പതിനാലാമൻ പാപ്പാ. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നവംബർ 6-7 തീയതികളിലായി നടന്ന "നിർമ്മിത ബുദ്ധിയുടെ നിർമ്മാതാക്കൾ 2025" എന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് പാപ്പാ ഈ ശ്രമങ്ങളെ അഭിനന്ദിച്ചത്.
"സഭയുടെ നിയോഗത്തിന് ഉപകാരപ്രദമാകുന്ന നിർമ്മിതബുദ്ധി ഉത്പന്നങ്ങളുടെ വികസനത്തെ സഹായിക്കുന്ന പരസ്പരബന്ധിതശിക്ഷണമുള്ള ഒരു സമൂഹം" വളർത്തിയെടുക്കുക എന്ന ലക്‌ഷ്യം ഇന്നത്തെ പ്രധാനപ്പെട്ട ഒരു പ്രശ്നത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് എഴുതിയ പാപ്പാ, അത്, നിർമ്മിത ബുദ്ധിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നത് മാത്രമല്ല, മറിച്ച്, നാം നിർമ്മിക്കുന്ന സാങ്കേതികവിദ്യകളിലൂടെ നാം ആരായിത്തീരുകയാണ് എന്നതുകൂടിയാണെന്ന് വിശദീകരിച്ചു.
ദൈവം മനുഷ്യർക്ക് നൽകിയ ക്രിയാത്മകശക്തി ഉപയോഗിച്ചാണ് നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു (cfr. Antiqua et Nova, 37). ഈയൊരർത്ഥത്തിൽ, സാങ്കേതികകണ്ടുപിടുത്തങ്ങൾ, ഒരു തരത്തിൽ, ദൈവത്തിന്റെ സൃഷ്ടികർമ്മത്തിലുള്ള പങ്കാളിത്തത്തിന്റെ ശൈലിയാണ് സ്വീകരിക്കുന്നതെന്ന് പാപ്പാ എഴുതി. മാനവികമായ കാഴ്ചപ്പാടോടെയുള്ള ഒരു തിരഞ്ഞെടുപ്പ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ഉണ്ടെന്നതിനാൽത്തന്നെ, അവയ്ക്ക് ധാർമ്മികവും ആത്‌മീയവുമായ പ്രാധാന്യവും ഉണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, എല്ലാ നിർമ്മിതബുദ്ധിയുടെ നിർമ്മാതാക്കളോടും, തങ്ങളുടെ പ്രവൃത്തിയുടെ അടിസ്ഥാന ഭാഗമായി ധാർമ്മികമായ ഒരു വിശകലനം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. നിങ്ങളുടെ നിർമ്മിതികൾ, നീതിയും, ഐക്യദാർഢ്യവും, ജീവിതത്തോടുള്ള ആത്മാർത്ഥമായ ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
രണ്ടു ദിവസങ്ങളിലായി ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന സമ്മേളനവും, സാങ്കേതികവിദ്യ സുവിശേഷപ്രഘോഷണത്തിന്റെയും, വ്യക്തികളുടെ സമഗ്രവികസനത്തിന്റെയും സേവനത്തിനുപകരപ്രദമാകുന്ന വിധത്തിൽ ഉപയോഗിക്കണമെന്ന ബോധ്യമാണ് ഊട്ടിയുറപ്പിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കത്തോലിക്കാ വിദ്യാഭ്യാസത്തിനായി കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വിഭാവനം ചെയ്യുമ്പോഴും, കാരുണ്യപൂർവ്വമുള്ള ആരോഗ്യപരിപാലനപ്രവർത്തനമേഖലയിലും, കാതോലിക്കാചരിത്രവും വിശ്വാസവും പരത്താനുപയോഗിക്കുന്ന സംരംഭമേഖലകളിലൂടെയും, സഭയുടെ സുവിശേഷപ്രഘോഷണം, മനുഷ്യരുടെ സമഗ്രവികസനം എന്നീ നിയോഗങ്ങളിലേക്കാണ് നിങ്ങൾ സംഭാവന ചെയ്യുന്നതെന്നും പാപ്പാ എഴുതി.
വിശ്വാസവും യുക്തിയും തമ്മിലുണ്ടാകേണ്ട സംവാദത്തിന്റെ ഭാഗം കൂടിയാണ് മേൽപ്പറഞ്ഞ വിവിധ മേഖലകളിലുണ്ടാകേണ്ട പരസ്പരസഹകരണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ബുദ്ധിശക്തി, അത് നിർമ്മിതമാകട്ടെ, മാനുഷികമാകട്ടെ, അതിന്റെ പൂർണ്ണത കണ്ടെത്തുന്നത്, സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും ദൈവവുമായുള്ള ബന്ധത്തിലുമാണെന്ന് ഉദ്‌ബോധിപ്പിച്ചു.
"ജ്ഞാനത്തിന്റെ സിംഹാസനമായ" പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾക്ക്, നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഈ സമ്മേളനത്തിന്റെ പ്രവർത്തനങ്ങളെ സമർപ്പിക്കുന്നുവെന്ന് ആശംസിച്ച പാപ്പാ, ബുദ്ധിപൂർവ്വവും, പരസ്പരബന്ധങ്ങൾക്കുപകരിക്കുന്നതും, സ്നേഹത്താൽ നയിക്കപ്പെടുന്നതുമായ, സൃഷ്ടാവിന്റെ രൂപരേഖകളെ പ്രതിഫലിപ്പിക്കുന്ന ഒരു നിർമ്മിതബുദ്ധിയിലേക്ക് ഈ സമ്മേളനം ഉപകാരപ്രദമാകട്ടെയെന്ന് കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
