തിരയുക

കർദിനാൾ പിയെത്രോ പരോളിൻ സംസാരിക്കുന്നു കർദിനാൾ പിയെത്രോ പരോളിൻ സംസാരിക്കുന്നു  

സൃഷ്ടിയുടെ പരിപാലനത്തിലൂടെ മാത്രമേ സമാധാനം സംസ്ഥാപിക്കുവാൻ സാധിക്കുകയുള്ളൂ: പാപ്പാ

ബ്രസീലിലെ, ബെലെമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച കോപ്പ് 30 (COP 30) അംഗങ്ങളുടെ സമ്മേളനത്തിൽ, ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വായിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ  കോപ്പ് 30 രാജ്യങ്ങളുടെ  പ്രതിനിധി സംഘങ്ങളുടെ മുപ്പതാമത് സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വായിച്ചു. സന്ദേശത്തിൽ സൃഷ്ടിയെ പരിപാലിക്കുവാനുള്ള ഏവരുടെയും ഉത്തരവാദിത്വം പാപ്പാ അടിവരയിട്ടു പറഞ്ഞു. സമാധാനം സംസ്ഥാപിക്കണമെങ്കിൽ, സൃഷ്ടിയെ പരിപാലിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും, ദൈവവും മനുഷ്യരും മുഴുവൻ സൃഷ്ടിയും തമ്മിൽ നിലനിൽക്കുന്ന അഭേദ്യമായ ബന്ധമാണ് സമാധാനത്തിന്റെ അടിത്തറയെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു.

അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും ആശങ്കയും പ്രധാനമായും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറുവശത്തു, സൃഷ്ടിയോട് അർഹമായ ബഹുമാനമില്ലായ്മ, പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജീവിതനിലവാരത്തകർച്ച എന്നിവ സമാധാനത്തിനു ഭീഷണിയുയർത്തുന്നുവെന്ന സത്യം തിരിച്ചറിയണമെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.

ഈ വെല്ലുവിളികൾ ഭൂമിയിലെ എല്ലാവരുടെയും ജീവന് ഭീഷണിയുയർത്തുന്നുവെന്നും, അതിനാൽ ഇക്കാര്യങ്ങളിലുള്ള അന്താരാഷ്ട്ര സഹകരണം, ജീവന്റെ പവിത്രത, അന്തസ്, പൊതുനന്മ, എന്നിവയ്ക്ക് ഊന്നൽ നല്കണമെന്നും സന്ദേശത്തിൽ പാപ്പാ അടിവരയിട്ടു പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ, സ്വാർഥത, അപരനോടുള്ള അവഗണന, ഹ്രസ്വമായ വീക്ഷണം  എന്നിവയാൽ വിപരീത ദിശയിലേക്ക് പോകുന്ന രാഷ്ട്രീയ സമീപനങ്ങളും മനുഷ്യ പെരുമാറ്റങ്ങളും ഇന്ന് ഉണ്ടാകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ആഗോളതാപനം മൂലമോ സായുധ സംഘർഷങ്ങൾ മൂലമോ കത്തിജ്വലിക്കുന്ന ഈ ലോകത്തിൽ, പ്രത്യാശയുടെ അടയാളമായി ഈ സമ്മേളനം മാറട്ടെയെന്നും പാപ്പാ ആശംസിച്ചു. സ്വാർത്ഥ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ഒരു പൊതു ഭാഷയും സമവായവും തേടാനുള്ള കൂട്ടായ ശ്രമത്തിൽ ഏവരും ഉൾച്ചേരണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

പാരിസ്ഥിതിക പ്രതിസന്ധി "ഒരു ധാർമ്മിക പ്രശ്നം" ആണെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകളും ഓർമ്മപ്പെടുത്തിയ പാപ്പാ, സമാധാനപരവും ആരോഗ്യകരവുമായ പ്രകൃതിദത്തവും സാമൂഹികവുമായ അന്തരീക്ഷം വികസിപ്പിക്കുന്നതിൽ വിവിധ രാജ്യങ്ങൾ പരസ്പര പൂരകങ്ങളായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തിര ഭീഷണിയോട് ഫലപ്രദവും പുരോഗമനപരവുമായ പ്രതികരണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഉണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാത നീണ്ടതും സങ്കീർണ്ണവുമാണെങ്കിലും, അവയെ ധൈര്യപൂർവം നടപ്പിൽ വരുത്തുവാൻ എല്ലാ രാഷ്ട്രങ്ങളോടും പാപ്പാ അഭ്യർത്ഥിച്ചു.

കാലാവസ്ഥാ പ്രതിസന്ധിയുടെ മാനുഷിക മുഖം മനസ്സിൽ വെച്ചുകൊണ്ട് ചിന്തയിലും പ്രവർത്തനത്തിലും ഈ പാരിസ്ഥിതിക പരിവർത്തനത്തെ ധൈര്യപൂർവ്വം സ്വീകരിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് അവബോധം വളർത്തുകയും സൃഷ്ടിയെ മികച്ച രീതിയിൽ ബഹുമാനിക്കാനും, വ്യക്തിയുടെ അന്തസ്സും മനുഷ്യജീവിതത്തിന്റെ അലംഘനീയതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 നവംബർ 2025, 14:34