യുവതലമുറയിൽ ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങൾ പ്രചോദിപ്പിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മയക്കുമരുന്ന്, മദ്യം, ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ആസക്തികളെ തിരിച്ചറിയുവാനും, അവരെ സഹായിക്കുവാനും ഇന്ന് സമൂഹത്തിനുള്ള കടമകൾ ഓർമ്മപ്പെടുത്തിക്കൊണ്ട്, ഇറ്റാലിയൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന, മയക്കുമരുന്നു ആസക്തികളെക്കുറിച്ചുള്ള ഏഴാമത് ദേശീയ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം അയച്ചു. ഇത്തരത്തിലുള്ള ആസക്തി ആരോഗ്യസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും പാപ്പാ ചൂണ്ടിക്കാണിച്ചു. അതുപോലെ തന്നെ ചൂതാട്ടക്കളികളും, അശ്‌ളീല ചിത്രങ്ങളും, മനുഷ്യന്റെ അസ്തിത്വത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളും പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു.
ഈ പ്രതിഭാസങ്ങൾ, മിക്കപ്പോഴും, വ്യക്തിയുടെ മാനസികമോ ആന്തരികമോ ആയ അസ്വസ്ഥതയുടെയും, മൂല്യച്യുതിയുടെയും, സാമൂഹിക അപചയത്തിന്റെയും ലക്ഷണമാണെന്നു പറഞ്ഞ പാപ്പാ, കൗമാരക്കാരിലും ചെറുപ്പക്കാരിലും, അസ്തിത്വത്തിനുവേണ്ടിയുള്ള അർത്ഥം തേടുന്നതിന്റെയും ഭാവിയെക്കുറിച്ചുള്ള തിരഞ്ഞെടുപ്പുകളുടെയും സമയത്ത്ആ, ഇത്, ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതും ചൂണ്ടികാണിച്ചു.
മയക്കുമരുന്നിന്റെ വിപണിയിലും ഉപഭോഗത്തിലും ഉണ്ടാകുന്ന വർദ്ധനവ്, ഇന്റർനെറ്റിനോടുള്ള ആസക്തി തുടങ്ങിയവ മാനുഷികവും ആത്മീയവുമായ നിർദ്ദേശങ്ങളുടെ അഭാവമുള്ള പ്രത്യാശയില്ലാത്ത ലോകത്തെ രൂപപ്പെടുത്തിയെന്നും, അതിനാൽ തിന്മയിൽ നിന്ന് നന്മയെ വേർതിരിച്ചറിയുവാനും, ധാർമ്മികത മനസിലാക്കുവാനും സാധിക്കുന്നില്ല എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു.
അതിനാൽ, യുവതലമുറയിൽ ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങൾ പ്രചോദിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള വ്യക്തികളായി പെരുമാറുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും പാപ്പാ സന്ദേശത്തിൽ പറഞ്ഞു.
ഈ സാഹചര്യങ്ങളിൽ കൗമാരക്കാരും ചെറുപ്പക്കാരും അവരുടെ മനസ്സാക്ഷി രൂപപ്പെടുത്തുന്നതിനും, അവരുടെ ആന്തരിക ജീവിതം പരുവപ്പെടുത്തുന്നതിനും, അവരുടെ സമപ്രായക്കാരുമായും മുതിർന്നവരുമായും ക്രിയാത്മകമായ സംഭാഷണത്തിൽ നല്ല ബന്ധം സ്ഥാപിക്കുന്നതിനും തയാറാകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ഭാവിയെക്കുറിച്ചുള്ള ഭയവും, മുതിർന്നവരുടെ ബുദ്ധിമുട്ടുകളും ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ ഉണ്ടാക്കുന്ന നിരാശാജനകമായ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്, ബൗദ്ധികവും ധാർമ്മികവുമായ മുന്നേറ്റം ഉറപ്പാക്കുന്നതിനും, അവരുടെ ഇച്ഛാശക്തി കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരുക്കുവാനാണ് സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സഭ, സമൂഹം എന്നിവ മുൻതൂക്കം നൽകേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, കായികം, ആരോഗ്യകരമായ ജീവിതം, അസ്തിത്വത്തിന്റെ ആത്മീയ മാനം എന്നിവയാണ് ആസക്തികളിൽ നിന്നും ആളുകളെ വിമോചിപ്പിക്കുവാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. സാമൂഹിക സമ്മർദ്ദങ്ങളുടെയും, കൗമാര ഘട്ടത്തിന്റെ അരക്ഷിതാവസ്ഥയുടെയും വൈകാരിക അസ്ഥിരതയുടെയും ബുദ്ധിമുട്ടുകളും കുറക്കുന്നതിനും ഇവ സഹായകരമാകുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
