തിരയുക

പാപ്പാ സന്ദേശം നൽകുന്നു പാപ്പാ സന്ദേശം നൽകുന്നു  

ആധികാരികമായ വിദ്യാഭ്യാസം വിശ്വാസവും, യുക്തിചിന്തയും സമഗ്രമാക്കുന്നു: പാപ്പാ

മാഡ്രിഡിലെ, ഔവർ ലേഡി ഓഫ് ഗുഡ് കൗൺസിലർ കോളജിൽ വച്ച് , "സ്വത്വമില്ലാതെ വിദ്യാഭ്യാസമില്ല" എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം നൽകി. സങ്കീർണ്ണമായ സാഹചര്യങ്ങളിൽ, വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികളെ പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ക്രിസ്തീയ സ്വത്വം ഒരു അലങ്കാര മുദ്രയല്ല, മറിച്ച് വിദ്യാഭ്യാസ പ്രക്രിയയ്ക്ക് അർത്ഥവും രീതിയും ലക്ഷ്യവും നൽകുന്ന മൂലബിന്ദുവാണെന്നു എടുത്തുപറഞ്ഞുകൊണ്ട്, മാഡ്രിഡിലെ, ഔവർ ലേഡി ഓഫ് ഗുഡ് കൗൺസിലർ കോളജിൽ വച്ച് , "സ്വത്വമില്ലാതെ വിദ്യാഭ്യാസമില്ല" എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം നൽകി.  ക്രിസ്തീയ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, നമ്മുടെ ദിശാനക്ഷത്രം  ക്രിസ്തുവാണെന്നും, ആ വെളിച്ചമില്ലാതെ, വിദ്യാഭ്യാസ ദൗത്യം തന്നെ അർത്ഥശൂന്യമാകുകയും, സുവിശേഷം നമുക്ക് വാഗ്ദാനം ചെയ്യുന്ന പരിവർത്തന ശേഷിയില്ലാതെ ഒരു യാന്ത്രികതയായി മാറുകയും ചെയ്യുന്നുവെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

വിദ്യാഭ്യാസ ദൗത്യം വ്യക്തമാക്കുകയും, അതിന്റെ അർത്ഥത്തിന്റെ ചക്രവാളം നിർവചിക്കുകയും, അതിന്റെ ദൈനംദിന രീതികൾക്ക്  ദിശാബോധം നൽകുകയും ചെയ്യുന്ന അടിത്തറയാണ് ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ സവിശേഷതയെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ധ്രുവീകരണത്തിന്റെയും അക്രമത്തിന്റെയും കാലഘട്ടത്തിൽ  സാംസ്കാരിക, ധാർമ്മിക, സാമൂഹിക പിരിമുറുക്കങ്ങൾക്ക് മുന്നിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സഹായകരമാകുന്നില്ലെങ്കിൽ, അത് ഉപരിപ്ലവമായ  ഒന്നായി മാത്രം നിൽക്കുമെന്നുള്ള അപകടസാധ്യതയും പാപ്പാ ചൂണ്ടിക്കാട്ടി.

അതിനാൽ ഒരു ആധികാരിക വിദ്യാഭ്യാസം വിശ്വാസവും യുക്തിയും തമ്മിലുള്ള സംയോജനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, അവ എതിർ ധ്രുവങ്ങളല്ല, മറിച്ച് യാഥാർത്ഥ്യത്തെ മനസ്സിലാക്കാനും സ്വഭാവം രൂപപ്പെടുത്താനും ബുദ്ധി വളർത്താനുമുള്ള പൂരക പാതകളാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ശാസ്ത്രവും, ചരിത്രവും, ധാർമ്മികതയും, ആത്മീയതയും ഉൾപ്പെടുന്ന രീതികൾ വിദ്യാഭ്യാസാനുഭവത്തിൽ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും,  കുടുംബം, ഇടവക, സ്കൂൾ, പ്രാദേശിക യാഥാർത്ഥ്യങ്ങൾ എന്നിവ തമ്മിലുള്ള യഥാർത്ഥ സഹകരണം ഓരോ വിദ്യാർത്ഥിയുടെയും വിശ്വാസത്തിന്റെയും പഠനത്തിന്റെയും യാത്രയിൽ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും എടുത്തുപറഞ്ഞു.

സഭ അതിന്റെ വിദ്യാഭ്യാസ ദൗത്യത്തിൽ  സ്വന്തം മാതൃത്വം പുനരാവിഷ്കരിക്കുന്നുവെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. അതിനാൽ ഈ മാതൃത്വത്തിലാണ് എല്ലാം അനുരഞ്ജനപ്പെടുന്നതെന്നും, ഇത് സംഭാഷണത്തിനും, സമാധാനത്തിനും വഴിതെളിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 നവംബർ 2025, 12:45