കാരുണ്യത്തിന്റെയും ദൈവവുമായുള്ള ഐക്യമേകുന്ന ആനന്ദത്തിന്റെയും സാക്ഷ്യം നൽകാൻ സമർപ്പിതരെ ആഹ്വാനം ചെയ്‌ത് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവുമായുള്ള ഐക്യമേകുന്ന ആനന്ദത്തിൽ ജീവിക്കാനും, അത് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനും, കാരുണ്യപ്രവൃത്തികളിലൂടെ സാക്ഷ്യം നൽകാനും അഗസ്റ്റീനിയൻ സന്ന്യസ്‌തകളെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിലുള്ള വിവിധ അഗസ്റ്റീനിയൻ ധ്യാനാത്മക-ഏകാന്ത.ആശ്രമങ്ങളുടെ (മിണ്ടാമഠങ്ങൾ) ഫെഡറേഷന്റെ സാധാരണ സമ്മേളനത്തിൽ പങ്കെടുത്ത സന്ന്യസ്തകൾക്ക് നവംബർ 13 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടുവച്ചത്.
അഗസ്റ്റീനിയൻ സഭകളിലെ എല്ലാ വിശുദ്ധരുടെയും തിരുനാൾ ഒരുമിച്ചാഘോഷിക്കുന്ന നവംബർ 13-നാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന കാര്യം എടുത്തു പറഞ്ഞ അഗസ്റ്റീനിയൻ സന്ന്യസ്തൻ കൂടിയായ പാപ്പാ, ഇത് നമുക്കേവർക്കുമുള്ള ഒരു സമ്മാനമാണെന്ന് പ്രസ്താവിച്ചു.
അഗസ്റ്റീനിയൻ അദ്ധ്യാത്മികത പിന്തുടർന്ന് വിവിധ മഠങ്ങളിലായി ജീവിച്ച് സന്ന്യസ്ത സഹോദരിമാർ നൽകുന്ന സാക്ഷ്യത്തെ പാപ്പാ പ്രശംസിച്ചു. തങ്ങൾ പൊതുവായി പങ്കിടുന്ന അഗസ്റ്റീനിയൻ സിദ്ധികൾ ഒരുമിച്ച് പങ്കുവയ്ക്കാനും കൂടുതലായി അറിയാനും വേണ്ടി വിവിധ സമൂഹങ്ങൾ ഒരുമിച്ച് വരുന്നതിന് പിന്നിലെ സിനഡാത്മകഭാവം പാപ്പാ പ്രത്യേകം പരാമർശിച്ചു.
സംവാദങ്ങളും പങ്കുവയ്ക്കലും കുറഞ്ഞുവരുന്ന ഇന്നത്തെ ലോകത്ത്, പരസ്പരം ആശയങ്ങൾ കൈമാറ്റം ചെയ്യാനും, മറ്റുളളവരെ ശ്രവിക്കാനുമായി അഗസ്റ്റീനിയൻ സന്ന്യസ്തകൾ ഒരുമിച്ച് എത്തുന്നത്, സ്നേഹത്തിന്റെ പ്രവാചകാത്മാകമായ സാക്ഷ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു.
കർത്താവിൽ ആനന്ദിക്കുന്നത്, യഥാർത്ഥ സന്തോഷം കൊണ്ടുവരുന്നുവെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ പരാമർശിച്ച പാപ്പാ, ദൈവവുമായുള്ള ഐക്യം നൽകുന്ന സന്തോഷത്തിന്റെ സാക്ഷ്യം നൽകി ജീവിക്കാൻ സമർപ്പിതരെ ആഹ്വാനം ചെയ്തു.
സഭയിലും ലോകത്തും കാരുണ്യത്തിന്റെ സാക്ഷ്യമേകിക്കൊണ്ട് അഗസ്റ്റീനിയൻ സന്ന്യസ്തസഹോദരിമാർ ചെയ്യുന്ന പ്രവർത്തനങ്ങളെ ശ്ലാഖിച്ച പാപ്പാ, അഗസ്റ്റീനിയൻ ഫെഡറേഷനിലെ വിവിധ ആശ്രമങ്ങൾ തങ്ങളുടെ ജോലികൾ പരസ്പരസഹകരണത്തോടെ ചെയ്യുന്നതിനെയും, സമർപ്പിതരുടെ ആദ്ധ്യാത്മിക ആദ്ധ്യാത്മിക ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് സന്ന്യസ്താശ്രമങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും എടുത്തുകാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
