കർദ്ദിനാൾ ദൂക്കായുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കർദ്ദിനാൾ ഡൊമിനിക് ദൂക്കായുടെ (Card. Dominik Duka O.P.) നിര്യാണത്തിൽ അനുശോചനമറിയിച്ചും, അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്നവർക്ക് തന്റെ ആത്മീയസാമീപ്യം വാഗ്ദാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ. നവംബർ അഞ്ചാം തീയതി ഒപ്പിട്ട്, ചെക് റിപ്പബ്ലിക്കിലെ പ്രാഗ് (Prague) അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് യാൻ ഗ്രൗബ്നറിനയച്ച (H.E. Msgr. Jan Graubner) ടെലെഗ്രാം സന്ദേശത്തിൽ, ഈ അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ കൂടിയായിരുന്ന കർദ്ദിനാൾ ദൂക്കായിൽ, "വിശ്വാസത്തിൽ അടിയുറച്ച ഒരു ഇടയനെയും, ശക്തനായ ഒരു സുവിശേഷപ്രഘോഷകനെയും കാണാൻ സാധിച്ച ഏവർക്കും, പ്രത്യേകിച്ച് അവിടുത്തെ സഭാസമൂഹത്തിനും, ഡൊമിനിക്കൻ സമൂഹത്തിനും, അതിരൂപതയിലെ വൈദികർക്കും സമർപ്പിതർക്കും തന്റെ ആത്മീയസാമീപ്യം ഉറപ്പുനൽകുന്നുവെന്ന്" പാപ്പാ എഴുതി.
കർദ്ദിനാൾ ദൂക്കായുടേത് ശക്തമായ ഒരു അജപാലനസേവനമായിരുന്നുവെന്ന് വിശേഷിപ്പിച്ച പാപ്പാ, രാജ്യത്ത് മതപീഡനങ്ങൾ നടന്ന കാലത്ത്, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സമയത്തുപോലും ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയും കൂറും അദ്ദേഹം ഒരിക്കലും കൈവിട്ടില്ലെന്നത് തന്റെ സന്ദേശത്തിൽ പ്രത്യേകം അനുസ്മരിച്ചു. ഒരു പിതാവിനടുത്ത മനോഭാവത്തോടെ, അനുരഞ്ജനം പ്രോത്സാഹിപ്പിച്ചും, മതസ്വാതന്ത്ര്യത്തിനായി ശ്രമിച്ചും, വിശ്വാസവും സമൂഹവും തമ്മിലുള്ള സംവാദങ്ങൾ മുന്നോട്ടുവച്ചും ദൈവജനത്തെ നയിക്കാൻ കർദ്ദിനാൾ ദൂക്കാ പരിശ്രമിച്ചിരുന്നുവെന്നതും പാപ്പാ എടുത്തുപറഞ്ഞു.
ഡൊമിനിക്കൻ സഭംഗമായ കർദ്ദിനാൾ ദൂക്കാ, തന്റെ സന്ന്യസ്തസഭയുടെ സത്യവും കാരുണ്യവുമായി ബന്ധപ്പെട്ട പ്രത്യേക സിദ്ധി പരാമർശിക്കുന്നതുപോലെയും, അദ്ദേഹത്തിന്റെ മെത്രാനടുത്ത ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്ത, "സത്യത്തിന്റെ ആത്മാവിൽ" (In Spiritu veritatis) ആപ്തവാക്യം പോലെയും, തന്റെ സേവനം സഭയുടെ നിയോഗത്തോടുള്ള മാതൃകാപരമായ സമർപ്പണമാക്കി മാറ്റിയിരുന്നു എന്ന് പരിശുദ്ധ പിതാവ് എഴുതി.
നല്ലവനും ഉദാരമതിയുമായ കർദ്ദിനാൾ ദൂക്കായുടെ ആത്മാവിനെ ദൈവകരുണയ്ക്ക് മുന്നിൽ സമർപ്പിക്കുന്നുവെന്ന് എഴുതിയ പാപ്പാ, കർത്താവ് അദ്ദേഹത്തെ തന്റെ രാജ്യത്തിൻറെ ആനന്ദത്തിലേക്ക് സ്വീകരിക്കട്ടെയെന്ന് ആശംസിച്ചു. കർദ്ദിനാളിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്നവർക്കും അദ്ദേഹത്തിന്റെ മൃതസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും പാപ്പാ തന്റെ ആശീർവാദം നേർന്നു.
ചെക് റിപ്പബ്ലിക്കിലെ പ്രാഗ് അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും, സഭയുടെ വിവിധ മേഖലകളിൽ സ്തുത്യർഹസേവനം അനുഷ്ടിച്ചയാളുമായ കർദ്ദിനാൾ ദൂക്കാ നവംബർ നാലിനാണ് രോഗബാധയെത്തുടർന്ന് തന്റെ എൺപത്തിയൊന്നാം വയസ്സിൽ നിര്യാതനായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
