സാഹോദര്യത്തിന്റെ മാധുര്യം പ്രകടമാക്കി ലിയോ പതിനാലാമൻ പാപ്പാ തുർക്കിയെയിൽ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലിക യാത്രയ്ക്ക് വേദിയായ തുർക്കിയെയിൽ വിവിധ സന്ദർശനങ്ങൾ പുരോഗമിക്കുകയാണ്. പ്രത്യാശയുടെയും, സമാധാനത്തിന്റെയും, സംഭാഷണത്തിന്റെയും സന്ദേശങ്ങൾ തുർക്കിയെയുടെയും, ലെബനന്റെയും മണ്ണിലേക്ക് വാക്കുകളുടെ ആധികാരികതയിലും, വിശ്വാസതീക്ഷ്‌ണതയിലും, പിതൃതുല്യമായ വാത്സല്യത്തോടെയും എത്തിക്കുവാനുള്ള ലിയോ പതിനാലാമൻ പാപ്പായുടെ കടന്നുവരവിനെ, ആളുകൾ ഒന്നടങ്കം, നിറഞ്ഞ ഹൃദയത്തോടെയാണ് സ്വീകരിക്കുന്നത്. പാപ്പായുടെ സന്ദർശനത്തിന്റെ, മൂന്നാം ദിനമായ നവംബർ മാസം ഇരുപത്തിയൊമ്പതാം തീയതി, ശനിയാഴ്ച്ച, ഉച്ചകഴിഞ്ഞുള്ള കൂടിക്കാഴ്ചകൾക്കും, തിരുക്കർമ്മങ്ങൾക്കും വേദിയായത്, വിശുദ്ധ ഗീവർഗീസിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന പാത്രിയാർക്കൽ ദേവാലയവും, വോക്സ്വാഗൻ വേദിയുമാണ്.
വിശുദ്ധ ഗീവർഗീസ് പാത്രിയാർക്കൽ ദേവാലയത്തിലേക്ക്
ഉച്ചഭകഷണത്തിനു ശേഷം, പ്രാദേശിക സമയം മൂന്നു പതിനഞ്ചോടെ, ദൈവവസ്തുതികൾ അർപ്പിച്ചു പ്രാർത്ഥിക്കുന്ന ഡോക്സോളജി കർമ്മത്തിനായി, ലിയോ പതിനാലാമൻ പാപ്പാ, അപ്പസ്തോലിക ഡെലിഗേറ്റിന്റെ ഭവനത്തിൽ നിന്നും, ഏകദേശം 5,8 കിലോമീറ്ററുകൾ അകലെയുള്ള, സെന്റ്.ജോർജ് പാത്രിയാർക്കൽ ദേവാലയത്തിലേക്ക് കാറിൽ യാത്രയായി. 1720 ൽ പണികഴിക്കപ്പെട്ട ഈ പുരാതന ദേവാലയം, നഗരം കീഴടക്കിയതിനുശേഷം ഓട്ടോമൻമാർ സ്ഥാപിച്ച നിയമമനുസരിച്ച്, താഴികക്കുടരഹിതമായിട്ടാണ് പൂർത്തിയാക്കിയത്. കാരണം താഴികക്കുടങ്ങൾ ഇസ്ലാമിക പാരമ്പര്യവുമായി ബന്ധപ്പെട്ട പള്ളികളുടെയും കെട്ടിടങ്ങളുടെയും പ്രത്യേക അവകാശമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കോൺസ്റ്റാന്റിനോപ്പിളിലെ ഏറ്റവും ആദരണീയരായ ചില വിശുദ്ധരുടെ തിരുശേഷിപ്പുകൾ പാത്രിയാർക്കൽ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ പാത്രിയർക്കീസിന്റെ സിംഹാസനവും കലാമൂല്യത്താൽ ഏറെ ശ്രദ്ധേയമാണ്. 2004 നവംബർ 27 ന് പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് കൈമാറിയ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ഗ്രിഗറിയുടെയും, ജോൺ ക്രിസോസ്റ്റത്തിന്റെയും തിരുശേഷിപ്പുകളും ഈ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ഓർത്തഡോക്സ് സഭയിൽ ഏകദേശം 225 ദശലക്ഷം വിശ്വാസികളുണ്ട്.
ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് സഭയുടെ ഏറ്റവും ഉയർന്ന സ്ഥാനവും കേന്ദ്രവുമാണ് എക്യുമെനിക്കൽ പാത്രിയാർക്കേറ്റ്. ഓർത്തഡോക്സ് സഭയിലെ മറ്റ് പാത്രിയാർക്കീസുമായി താരതമ്യപ്പെടുത്തുമ്പോൾ, തുല്യരിൽ ഒന്നാമൻ, പ്രാഥമികമായി, എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആണ്, കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രാധാന്യം ഓർത്തഡോക്സ് സഭയുടെ ഐക്യത്തെ കാനോനികമായി പ്രതിഫലിപ്പിക്കുകയും അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ഡോക്സോളജി പ്രാർത്ഥന
കത്തീഡ്രൽ ദേവാലയത്തിന്റെ മുറ്റത്ത് എത്തിയ പാപ്പായെ പൂക്കൾ നൽകി സ്വീകരിച്ചു, തുടർന്ന് കടന്നുവന്ന വഴിയുടെ ഇരുവശങ്ങളിലായി, പാത്രിയർക്കെറ്റിന്റെ അംഗങ്ങൾ പ്രത്യേകമായും വൈദികർ, വലതുകരം ഹൃദയത്തോട് ആദരപൂർവം ചേർത്തുവച്ചു തല കുനിച്ചുകൊണ്ട് പാപ്പായെ വരവേറ്റു. തദവസരത്തിൽ, പ്രാർത്ഥനാ ഗീതങ്ങളും അകമ്പടി സേവിച്ചു. തുടർന്ന് ദേവാലയ കവാടത്തിൽ, എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമൻ, ഔദ്യോഗിക തിരുവസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട്, പാപ്പായെ സ്വീകരിച്ചു.തിരുവചനഗ്രന്ഥം ചുംബിച്ചുകൊണ്ട്, പാപ്പാ, പാത്രിയാർക്കീസിനോടൊപ്പം ദേവാലയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് ഇരുവരും മെഴുകുതിരികൾ സ്വീകരിക്കുകയും, പാത്രിയർക്കീസിന്റെ കത്തിച്ച തിരിയിൽ നിന്നും, പാപ്പാ തിരി തെളിക്കുകയും ചെയ്തു. തുടർന്ന് ദേവാലയത്തിന്റെ മധ്യത്തിലൂടെ പ്രദക്ഷിണമായി കടന്നുവന്ന ഇരുവരും, യേശുവിന്റെ ഐക്കൺ ചിത്രം ചുംബിക്കുകയും ചെയ്തു. അൾത്താരയുടെ സമീപം ഇരുവശങ്ങളിലുമായി, പാപ്പായും, പാത്രിയർക്കീസും നിലയുറപ്പിച്ചു. അതേസമയം, ദൈവമാതാവിന്റെ സ്തുതിഗീതങ്ങൾ ഗ്രീക്ക് ഭാഷയിൽ ഗായകസംഘം ആലപിക്കുന്നുണ്ടായിരുന്നു. തുടർന്ന് ദൈവത്തിനു സ്തുതികൾ അർപ്പിച്ചുകൊണ്ടും, വിശുദ്ധരുടെ സഹായം അഭ്യർഥിച്ചും കൊണ്ടുള്ള പ്രാർത്ഥനകളും നടത്തി, പരിശുദ്ധാത്മാവിനോടുള്ള പ്രത്യേക അപേക്ഷകളും, ഗാനരൂപത്തിൽ പ്രാർത്ഥിച്ചു. മാധ്യസ്ഥ പ്രാർത്ഥനകളുടെ അവസരത്തിൽ, പ്രത്യേകമായി ലിയോ പതിനാലാമൻ പാപ്പായ്ക്കുവേണ്ടിയും, പാത്രിയർക്കീസിനുവേണ്ടിയും പ്രാർത്ഥിച്ചു. ഒപ്പം സഭയിലെ എല്ലാവർക്കും വേണ്ടിയും, സഭയ്ക്ക് മുഴുവനും വേണ്ടിയും, ലോകത്തിനും, സമാധാനത്തിനും വേണ്ടി പ്രത്യേകമായ പ്രാർത്ഥനകളും നടത്തി. ഹൃദയസ്പർശിയായ പ്രാർത്ഥനാനിമിഷങ്ങളിൽ ദേവാലയത്തിൽ എല്ലാവരും നിറഞ്ഞ ഹൃദയത്തോടെ പങ്കെടുത്തു.
പാത്രിയർക്കീസും ഒന്നിച്ചുള്ള പ്രാർത്ഥന
പാത്രീയാർക്കീസ് ബർത്തോലോമിയോ ഒന്നാമനും, ഗ്രീക്ക് ഭാഷയിൽ പ്രത്യേക പ്രാർത്ഥന നടത്തി, തുടർന്ന് സക്കറിയ പ്രവാചകന്റെ പുസ്തകത്തിൽ നിന്നും വചനഭാഗം വായിക്കപ്പെട്ടു. അവസാനം, പാത്രിയർക്കീസ് ഔദ്യോഗികമായി പാപ്പായെ സ്വാഗതം ആശംസിച്ചുകൊണ്ട് സ്വീകരിച്ചു. ഇരുസഭകൾക്കിടയിലും നിലനിൽക്കുന്ന ഹൃദ്യമായ സാഹോദര്യത്വത്തെ പാത്രീയാർക്കീസ് അടിവരയിട്ടു പറഞ്ഞു. നിഖ്യ കൗൺസിലിന്റെ എക്യൂമെനിക്കൽ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപൂർത്തീകരണമാണ്, ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശനത്തിലൂടെ കൈവന്നിരിക്കുന്നതെന്നു പറഞ്ഞ പാത്രിയർക്കീസ്, പാപ്പായുടെ ഈ ആദ്യ അപ്പസ്തോലിക സന്ദർശനം, നിരവധി അനുഗ്രഹങ്ങൾ കൊണ്ടുവരട്ടെയെന്നും ആശംസിച്ചു. തുടർന്ന് പാപ്പായും തന്റെ സന്ദേശം നൽകി.
പ്രാർത്ഥനയുടെ അവസാനം ഇരുവരും ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് പ്രാർത്ഥനാഗീതങ്ങളുടെ അകമ്പടിയോടെ ഇരുവരും പ്രദക്ഷിണമായി ദേവാലയത്തിനു പുറത്തേക്ക് കടന്നുവന്നു. തുടർന്ന്, ക്രിസ്തീയ ഐക്യത്തിനും ഈസ്റ്ററിന് ഒരു പൊതു തീയതിക്കും വേണ്ടിയുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടും, യുദ്ധത്തിന്റെ ദുരന്തത്തിന് "ഉടനടി" അന്ത്യം കുറിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ടും ഇസ്താംബൂളിലെ ഫാനറിൽ വെച്ച് പാപ്പായും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസും ഒരു സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ഇരുവരും വിവിധ സമ്മാനങ്ങളും കൈമാറി.
വോക്സ്വാഗൻ വേദി
തുടർന്ന് പാപ്പാ, ഏകദേശം പതിനേഴു കിലോമീറ്ററുകൾ അകലെയുള്ള, വോക്സ്‌വാഗൻ വേദിയിലേക്ക്, വിശുദ്ധ കുർബാനയ്ക്കായി യാത്രയായി. പ്രാദേശിക സമയം വൈകുന്നേരം നാലു നാല്പത്തിയഞ്ചോടെ വേദിക്കരികിൽ എത്തിയ പാപ്പാ, അഞ്ചുമണിയോടെ പ്രദക്ഷിണമായി അൾത്താരയിലേക്ക് നീങ്ങി. നിരവധി വിശ്വാസികളും, സമർപ്പിതരും തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നതിനായി എത്തിയിരുന്നു. തുർക്കിയെക്കു പുറമെ, നിരവധി ലോകരാജ്യങ്ങളിൽ നിന്നും ആളുകൾ, പാപ്പായുടെ സന്ദർശനത്തിന് സാക്ഷ്യം വഹിക്കുവാൻ എത്തിച്ചേർന്നു. പ്രദക്ഷിണ വേളയിൽ വിശ്വാസികളെ മുഴുവൻ ആശീർവദിച്ചുകൊണ്ടാണ് പാപ്പാ അൾത്താരയ്ക്ക് സമീപത്തേക്ക് കടന്നുവന്നത്. തുടർന്ന് വിശുദ്ധ കുർബാന ആരംഭിച്ചു. ലത്തീൻ ഭാഷയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലെ ഗീതങ്ങൾക്ക് പൗരസ്ത്യഈണവും കൂട്ടിച്ചേർത്താണ് ആലപിച്ചത്. വചന വായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം നൽകി.....
വിശുദ്ധ ബലിയിൽ പാത്രിയാർക്കീസിന്റെ സാന്നിധ്യം
പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമനും തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു. കർമ്മങ്ങളുടെ അവസാനം, അപ്പസ്തോലിക ഡെലിഗേറ്റ് ഏവർക്കും നന്ദിയർപ്പിച്ചു. വിവിധ സമ്മാനങ്ങളും കൈമാറപ്പെട്ടു. പര്യവസാനത്തിൽ, പാപ്പായും, പാത്രീയാർക്കീസും വിശ്വാസികളെ ആശീർവദിച്ചു കൊണ്ട് വേദിയുടെ പുറത്തേക്ക് കടന്നുപോയി.
മൂന്നാം ദിനത്തിലെ ഔദ്യോഗിക സന്ദർശന പരിപാടികൾക്ക് ഇതോടെ അവസാനമായി.
അർമേനിയൻ പാത്രിയർക്കേറ്റ് കത്തീഡ്രലിൽ
അപ്പസ്തോലിക സന്ദർശനത്തിന്റെ നാലാം ദിനമായ, നവംബർ മാസം മുപ്പതാം തീയതി ഞായറാഴ്ച, ലിയോ പതിനാലാമൻ പാപ്പാ,അപ്പസ്തോലിക ഡെലിഗേറ്റിൽ അർപ്പിച്ച വിശുദ്ധ ബലിക്ക് ശേഷം, പ്രാദേശിക സമയം, രാവിലെ ഒൻപതു പതിനഞ്ചോടെ, കോൺസ്റ്റാന്റിനോപ്പിൾ അർമേനിയൻ പാത്രിയർക്കേറ്റ് കത്തീഡ്രലിലേക്ക്, പ്രാർത്ഥനയ്ക്കായി യാത്രയായി. ഒൻപതുമുപ്പതോടെ കത്തീഡ്രലിൽ എത്തിയ പാപ്പായെ ദേവാലയ കവാടത്തിൽ അർമേനിയൻ പാത്രീയാർക്കീസ്, സഹാക് രണ്ടാമൻ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് ദേവാലയത്തിലേക്ക് പൗരസ്ത്യ പാരമ്പര്യത്തിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഇരുവരും പ്രദക്ഷിണമായി നീങ്ങി. അൾത്താരയുടെ ഇരുവശങ്ങളിലും സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ, നിലയുറപ്പിച്ചശേഷം, പാത്രിയർക്കീസ് ഔദ്യോഗികമായി പാപ്പയെ സ്വാഗതം ചെയ്തു.
തുടർന്ന് പാപ്പാ സന്ദേശം നൽകി. പ്രാർത്ഥനയ്‌ക്കു ശേഷം ഇരുവരും പ്രദക്ഷിണമായി ദേവാലയത്തിനു വെളിയിലേക്ക് കടന്നു വന്നു. പാപ്പായുടെ സന്ദർശനത്തിന്റെ ഒരു സ്മാരകവും തദവസരത്തിൽ ആശീർവദിക്കപ്പെട്ടു.
ബർത്തലോമിയോ ഒന്നാമനൊപ്പം പ്രാർത്ഥനയിൽ ലിയോ പതിനാലാമൻ പാപ്പാ
തുർക്കിയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസാന ദിവസം, ലെബനനിലേക്ക് പോകുന്നതിനുമുമ്പ്, പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്റെ അധ്യക്ഷതയിൽ, വിശുദ്ധ ഗീവർഗീസ് പാത്രിയാർക്കൽ ദേവാലയത്തിൽ നടന്ന ആരാധന തിരുക്കർമ്മങ്ങളിലും പാപ്പാ പങ്കെടുത്തു. പ്രാർത്ഥനകളിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്കുവേണ്ടിയും പ്രത്യേകമായി അനുസ്മരിച്ചു. കർമ്മങ്ങൾക്കിടയിൽ, ബർത്തോലോമിയോ ഒന്നാമൻ, പാപ്പായുടെ സന്ദർശനത്തിൽ തങ്ങൾക്കുള്ള അതിയായ സന്തോഷം എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം നൽകി. വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിവസത്തിൽ നടന്ന പ്രാർത്ഥന സമ്മേളനത്തിൽ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന രക്തരൂക്ഷിതമായ യുദ്ധങ്ങളെ എടുത്തു പറയുകയും, സമാധാനത്തിന്റെ പ്രവർത്തകരാകുവാൻ ഏവരെയും ക്ഷണിക്കുകയും ചെയ്തു. തുടർന്ന് ലിയോ പതിനാലാമൻ പാപ്പായും സന്ദേശം നൽകി.
സംയുക്ത ആശീർവാദം
കർമ്മങ്ങളുടെ അവസാനത്തിൽ, ഇരുവരും പരസ്പരം സാഹോദര്യം പങ്കുവച്ചുകൊണ്ട് ചുംബിക്കുകയും ചെയ്തു. തുടർന്ന് പ്രദക്ഷിണമായി ദേവാലയത്തിനു പുറത്തുകടന്ന ഇരുവരും ചേർന്ന്, മട്ടുപ്പാവിൽ നിന്നുകൊണ്ട് വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തു. ഇരുവരും കരങ്ങൾ ചേർത്ത് വച്ചതും, പരസ്പരം ചുംബനം, നൽകിയതും ഏറെ ഹൃദ്യമായിരുന്നു. തുടർന്ന് ഉച്ചഭക്ഷണത്തിനായി, ഇരുവരും പാത്രിയാർക്കൽ ഭവനത്തിലേക്ക് കടന്നുപോവുകയും ചെയ്തു.
ലിയോ പതിനാലാമൻ പാപ്പായുടെ തുർക്കിയെ സന്ദർശനത്തിന്റെ മൂന്നും നാലും ദിവസത്തെ വിവരണങ്ങളാണ് മുകളിൽ വിവരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
