തിരയുക

"ദിലെക്സി തെ" (Dilexi te) അപ്പസ്തോലിക പ്രബോധനത്തിൽ പാപ്പാ ഒപ്പുവയ്ക്കുന്നു "ദിലെക്സി തെ" (Dilexi te) അപ്പസ്തോലിക പ്രബോധനത്തിൽ പാപ്പാ ഒപ്പുവയ്ക്കുന്നു  (@Vatican Media)

ജീവകാരുണ്യപ്രവർത്തനങ്ങൾ ഔദാര്യമല്ല കടമയാണ്

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ ഇരുപത്തിനാലു മുതൽ മുപ്പത്തിനാലു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. ദരിദ്രരോടുള്ള പരിഗണനയെക്കുറിച്ചു വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നതിനെ ഈ ഖണ്ഡികകൾ അടിവരയിട്ടു പറയുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു. (സങ്കീർത്തനങ്ങൾ 34:6). വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിലൂടെ കണ്ണോടിച്ചാൽ നാം കണ്ടുമുട്ടുന്നത് രാജാക്കന്മാരുടെയോ പ്രതാപികളുടെയോ ദൈവത്തെയല്ല, മറിച്ച് അനാഥരുടെയും വിധവകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നിലവിളി കേൾക്കുന്ന ഒരു ദൈവത്തെയാണ്. കത്തോലിക്കാ സഭ എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന 'ദരിദ്രരോടുള്ള പക്ഷംചേരൽ' (Preferential Option for the Poor) എന്ന ദർശനം തിരുവചനത്തിൽ ആഴത്തിൽ വേരൂന്നിയ ഒന്നാണ്.

പഴയനിയമ കാലം മുതൽക്കേ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് ദരിദ്രന്റെ സംരക്ഷകനായിട്ടാണ്. ഈജിപ്തിലെ അടിമത്തത്തിൽ നട്ടംതിരിഞ്ഞ ഇസ്രായേൽ ജനത്തിന്റെ വിലാപം കേട്ട് അവരെ രക്ഷിക്കാൻ മോശയെ അയച്ച ദൈവം, അടിമത്തത്തെയും ദാരിദ്ര്യത്തെയും എത്രമാത്രം വെറുക്കുന്നുവെന്ന് തെളിയിച്ചു. അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന്ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്ന് ഉദ്ധരിക്കുന്നു. (സങ്കീർത്തനങ്ങൾ 113:7) ദൈവസ്നേഹമാണ് പഴയനിയമ പ്രവാചകന്മാർ ജനങ്ങളെ പഠിപ്പിച്ചത്. "ദരിദ്രരോടു ദയ കാണിക്കുന്നവന്‍കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും" (സുഭാഷിതങ്ങൾ 19:17) എന്ന വചനം, ദരിദ്രനെ സഹായിക്കുന്നത് സാക്ഷാൽ ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണെന്ന വലിയ സത്യം നമ്മെ ഓർമ്മിപ്പിക്കുന്നു.

ദൈവകാരുണ്യത്തിന്റെ പൂർണ്ണരൂപമായ യേശുക്രിസ്തുവിന്റെ ജീവിതത്തിലേക്ക് വരുമ്പോൾ ഈ സ്നേഹം അതിന്റെ പാരമ്യത്തിൽ നാം കാണുന്നു. ഒരു കാലിത്തൊഴുത്തിൽ ദരിദ്രനായി ജനിച്ച അവിടുന്ന് തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടാണ്: "ദരിദ്രരോടു സുവിശേഷം അറിയിക്കാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു" (ലൂക്കാ 4:18). മലയിലെ പ്രസംഗത്തിൽ "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്" എന്ന് പഠിപ്പിച്ചുകൊണ്ട്, ലോകം അവഗണിക്കുന്നവരെ ദൈവം നെഞ്ചോട് ചേർക്കുന്നുവെന്ന് അവിടുന്ന് വ്യക്തമാക്കി.  സമ്പന്നന്റെയും ദരിദ്രനായ ലാസറിന്റെയും ഉപമയിലൂടെ, ഭൂമിയിൽ കഷ്ടപ്പെടുന്നവർക്ക് സ്വർഗ്ഗത്തിൽ ലഭിക്കാനിരിക്കുന്ന വലിയ ആശ്വാസത്തെക്കുറിച്ച് അവിടുന്ന് വാഗ്ദാനം നൽകി.

കത്തോലിക്കാ വിശ്വാസത്തിന്റെ കാതലായ മരിയൻ ഭക്തിയിലും ഈ ചിന്താഗതി ദൃശ്യമാണ്. പരിശുദ്ധ അമ്മ പാടിയ സ്തോത്രഗീതത്തിൽ (Magnificat), "അവിടുന്ന് വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ടു സംതൃപ്തരാക്കി" (ലൂക്കാ 1:53) എന്ന് ഏറ്റുപാടുന്നു. ദൈവത്തിന്റെ വിപ്ലവാത്മകമായ സ്നേഹം എപ്പോഴും എളിയവരെ ഉയർത്തുന്നതാണെന്ന് അമ്മ നമ്മളെ പഠിപ്പിക്കുന്നു.

വിശ്വാസജീവിതത്തിൽ നാം എത്രമാത്രം വിജയിച്ചു എന്നതിന്റെ അളവുകോൽ അന്ത്യവിധി നാളിൽ ദൈവം നിശ്ചയിക്കുന്നത് കരുണയുടെ അടിസ്ഥാനത്തിലായിരിക്കും. "എന്റെ ഏറ്റവും എളിയവരായ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്" (മത്തായി 25:40) എന്ന ക്രിസ്തുവിന്റെ വാക്കുകൾ ഓരോ ക്രൈസ്തവന്റെയും ഹൃദയത്തിൽ മുഴങ്ങേണ്ടതാണ്. വിശക്കുന്നവന് ഭക്ഷണവും, വസ്ത്രമില്ലാത്തവന് വസ്ത്രവും, കിടപ്പാടമില്ലാത്തവന് അഭയവും നൽകുമ്പോൾ നാം സേവിക്കുന്നത് മറ്റാരെയുമല്ല, ക്രിസ്തുവിനെ തന്നെയാണ്.

ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിക്കുന്നത് പോലെ, "ദരിദ്രരില്ലാത്ത സ്വർഗ്ഗരാജ്യത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല." അതിനാൽ, ദരിദ്രരോടുള്ള കരുണ എന്നത് ഒരു ഔദാര്യമല്ല, മറിച്ച് ക്രിസ്ത്യാനിയുടെ കടമയാണ്. നമ്മുടെ ചുറ്റുമുള്ള പാവപ്പെട്ടവരിൽ ക്രിസ്തുവിന്റെ മുഖം ദർശിക്കാനും, ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾ അവരുമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. വിശുദ്ധ ഗ്രന്ഥത്തിൽ, ദൈവസ്നേഹത്തിന്റെ കല്പനകൾ നൽകുന്ന അവസരത്തിൽ രണ്ടാമതായി നൽകുന്നത്, അയൽക്കാരനെ ചേർത്തുപിടിക്കുവാനുള്ള ക്ഷണവും, ഉത്തരവാദിത്വവുമാണ്. അതിൽ ഏറ്റവും പ്രധാനം, സഹോദരനെ മറന്നുകൊണ്ട്, ദൈവത്തെ മറക്കുന്ന ഉപരിപ്ലവമായ ജീവിതത്തെ വിശുദ്ധ ഗ്രന്ഥം ചൂണ്ടികാണിക്കുന്നതാണ്. യഥാർത്ഥമായ ഒരു ജീവിതത്തിലേക്കുള്ള ക്ഷണം കൂടിയാണിത്. പഴയനിയമത്തിൽ, ദൈവമായ കർത്താവ് ഇസ്രായേൽ ജനതയ്ക്കു നൽകുന്ന ഒരു ഉപദേശവും ഈ അപ്പസ്തോലിക പ്രബോധനം അടിവരയിടുന്നുണ്ട്. എത്ര ശത്രുതയിൽ ആയിരുന്നാൽ പോലും, അപരന്റെ ദയനീയമായ അവസ്ഥയിൽ അവനു കരം നൽകണമെന്ന് ആവശ്യപ്പെടുന്നു.ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം. നിന്നെ വെറുക്കുന്നവന്റെ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാല്‍, നീ കടന്നു പോകരുത്; അതിനെ എഴുന്നേല്‍പിക്കാന്‍ അവനെ സഹായിക്കണം. (പുറപ്പാട് 23:4-5) സ്വയം ബുദ്ധിമുട്ടിലാണെന്ന് കണ്ടെത്തുന്ന ഏതൊരാളും, ശത്രു പോലും, എല്ലായ്പ്പോഴും നമ്മുടെ സഹായം അർഹിക്കുന്നുവെന്നുള്ള ക്രിസ്തീയ കാഴ്ചപ്പാടിനെയാണ് പാപ്പാ എടുത്തു കാണിക്കുന്നത്.

അപ്പോസ്തലനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നതുപോലെ, അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നും പാപ്പാ പഠിപ്പിക്കുന്നു. ആധികാരികമായ ക്രിസ്തീയ സ്നേഹം ദരിദ്രരെ മാറ്റിനിർത്തിക്കൊണ്ട് പ്രകടിപ്പിക്കുവാൻ നമുക്ക് സാധിക്കുകയില്ല. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.(1 യോഹന്നാൻ  4:12)

ദൈവവുമായുള്ള ബന്ധം നമുക്ക് പ്രകടിപ്പിക്കുവാൻ സാധിക്കുന്നതും ഈ എളിയവരോടുള്ള കാരുണ്യപ്രവൃത്തികളിൽ അന്തർലീനമായിരിക്കുന്നു. അതുകൊണ്ടാണ് വചനം ഇപ്രകാരം പറയുന്നത്. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്" (മത്തായി 25:40). കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെയും ജീവിതത്തിൽ സമൂലപരിവർത്തനം വരുത്തിയ തിരുവചനമാണ് ഇത്.

അതിനാൽ ദൈവത്തിനു നാം സമർപ്പിക്കുന്ന ആരാധനകളുടെ ആധികാരികത സഹോദരങ്ങളോടുള്ള ബന്ധത്താലും, കാരുണ്യപ്രവൃത്തികളാലുമാണ് അളക്കപ്പെടുന്നത്. കണക്കുകൂട്ടലിന്റെയും ലാഭത്തിന്റെയും യുക്തിയിൽ ഇന്ന് ബന്ധങ്ങളെ അളക്കുന്ന ആധുനിക യുഗത്തിൽ, ഇത് ജീവിതത്തിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുവെന്നു പാപ്പാ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പ്രതിഫലം  നൽകുവാൻ അപരന് സാധിക്കില്ല എന്ന് കണ്ടാൽ പ്രഥമമായി അവനെ സഹായിക്കണമെന്നാണ്, ലൂക്ക സുവിശേഷത്തിലൂടെ കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

എന്നാൽ ദരിദ്രരോടുള്ള നമ്മുടെ പരിഗണനയ്ക്ക് ചിലപ്പോൾ, ഇഹലോകവാസകാലത്ത് നമുക്ക് അനുഗ്രഹങ്ങൾ തിരിച്ചറിയണം എന്നില്ല. മറിച്ച് മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും, സാമ്പത്തിക നഷ്ടങ്ങളുമെല്ലാം സഹിച്ചും, പാവങ്ങളെ സഹായിക്കുന്ന സഭയുടെയും, വ്യക്തികളുടെയും വിവിധങ്ങളായ സംരംഭങ്ങളെപോലും നമുക്ക് അറിയാം. ഇവിടെയാണ് അന്ത്യവിധിയിൽ കർത്താവ് നമ്മോട് ചോദിക്കുന്ന ചോദ്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ട്, പാപ്പാ ഓർമ്മിപ്പിക്കുന്നത്,പൂർണതയിലേക്ക് എത്തിച്ചേരുവാനുള്ള ഏക മാർഗം പാവങ്ങളോടുള്ള കരുണാർദ്രമായ പെരുമാറ്റം ഒന്ന് മാത്രമാണ് എന്ന്. 

എന്നാൽ കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനവും മാതൃകയും എന്തായിരിക്കണമെന്നതും പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്. യാക്കോബ് ശ്ലീഹായുടെ ലേഖനത്തിലെ വാക്കുകളാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം നിർജ്ജീവമാണെന്നു ഓർമ്മിപ്പിക്കുന്ന വാക്കുകളാൽ, നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ  മാതൃക യേശു മാത്രമെന്നതും ഓർമ്മപ്പെടുത്തുന്നു. തുടർന്ന് വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ലേഖനത്തിലെ വാക്കുകളും പാപ്പാ എടുത്തു പറയുന്നു. "ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?" (1 യോഹന്നാൻ  3:17).

അതിനാൽ തിരുവചനം നമുക്ക് മുൻപിൽ വയ്ക്കുന്ന ജീവകാരുണ്യ പ്രവൃത്തികളുടെ ആവശ്യകതയും, ദരിദ്രരോടും, സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തോടും കാണിക്കേണ്ടുന്ന ഉത്തരവാദിത്വപൂർണ്ണമായ കരുതലും വളരെയധികം വ്യക്തമാണ്. അതിനാൽ ധൈര്യത്തോടും തീക്ഷ്ണതയോടും കൂടി ഈ ക്രൈസ്തവ ദൗത്യം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ പാപ്പാ, പ്രബോധനം വഴിയായി ഏവരെയും ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ സമൂഹത്തിൽ ഈ ക്രൈസ്തവോന്മുഖമായ ജീവകാരുണ്യം മനസ്സിലാക്കണമെങ്കിൽ ആദിമ സഭയുടെ ചരിത്രം കൂടി മനസിലാക്കിയേ മതിയാകൂ. ആദ്യകാല ക്രിസ്തീയ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലും ശൈലിയിലും ഇപ്രകാരം ദരിദ്രരായ ജനവിഭാഗത്തോട് പ്രത്യേകമായ ഒരു പരിഗണന നമുക്ക് അപ്പസ്തോല പ്രവർത്തന പുസ്തകത്തിൽ മനസിലാക്കുവാൻ സാധിക്കും. വിധവകളെയും, അനാഥരെയും പ്രത്യേക പരിഗണന നൽകി പരിചരിക്കണമെന്ന ആദിമ സമൂഹത്തിന്റെ ജീവിത രീതി, ഇന്നും ഇപ്രകാരം, നമ്മുടെ സമൂഹത്തിൽ, ഒറ്റപെട്ടു കഴിയുന്നവരെ ചേർത്ത് പിടിക്കുവാനുള്ള ആഹ്വാനം നമുക്ക് നൽകുന്നതാണ്.

ഗലാത്തിയയിലെ സഭയ്ക്ക് പൗലോസ് ശ്ലീഹ നൽകുന്ന ഉപദേശവും ഇതാണ്: "പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം" (ഗലാ 2, 10). എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം സന്തോഷത്തിന്റേതായിരിക്കണമെന്നും പൗലോസ് ശ്ലീഹ പറയുന്നുണ്ട്. ഇതിനർത്ഥം സ്വതന്ത്രമായ മനസും, തുറന്ന ഹൃദയവും സ്വന്തമാക്കിക്കൊണ്ട്, ദരിദ്രരെ തന്റെ ജീവിതത്തോട് ചേർത്ത് വയ്ക്കുന്നവരാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെടുന്നതെന്നു പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ദരിദ്രരോടുള്ള പരിഗണനയെ ഒരു ഔദാര്യം എന്ന നിലയിലാണ് നാം ഏറ്റെടുക്കുന്നതെങ്കിൽ, അതിൽ ക്രിസ്തുവിന്റെ മാതൃക നമുക്ക് കണ്ടെത്തുവാൻ സാധിക്കുകയില്ല. അതിനാൽ ദാനധർമ്മം എന്നത്, കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെ മർമ്മപ്രധാനമായ ഒരു ദൗത്യം തന്നെയാണ്. ദൈവ സ്നേഹം അനുഭവിക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ് ഈ പരസ്പരസ്നേഹവും സഹകരണവും.

ഇന്ന് ഓരോരുത്തരും അവരുടെ മായിക  ലോകത്തിലേക്ക് ഒറ്റപെട്ടു കഴിയുവാൻ ആഗ്രഹിക്കുമ്പോൾ, നിരവധിയാളുകൾ നിശ്ശബ്ദതയുടെ ഇരുട്ടറയിലേക്ക് തള്ളപ്പെടുമ്പോൾ, ഈ ദിലെക്സി തെ പ്രബോധനം ക്രൈസ്തവർ എന്ന നിലയിൽ നമുക്കുള്ള ഒരു ആഹ്വാനമാണ്, മാമോദീസ വഴിയായി നാം സ്വീകരിച്ച ദൗത്യത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഡിസംബർ 2025, 11:58