തിരയുക

പൊന്തിഫിക്കൽ ക്രൈസ്തവ പുരാവസ്തുശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ളവർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ പൊന്തിഫിക്കൽ ക്രൈസ്തവ പുരാവസ്തുശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ളവർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@VATICAN MEDIA)

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് സഭയുടെയും വിശ്വാസത്തിന്റെയും വളർച്ചയിൽ പ്രമുഖസ്ഥാനം: ലിയോ പതിനാലാമൻ പാപ്പാ

പൊന്തിഫിക്കൽ ക്രൈസ്തവ പുരാവസ്തുശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂറാം സ്ഥാപനവാർഷികത്തിൽ, പുരാവസ്തുശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഒരു അപ്പസ്തോലിക ലേഖനം പുറത്തുവിട്ട ലിയോ പതിനാലാമൻ പാപ്പാ, ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഡിസംബർ 11 വ്യാഴാഴ്ച കൂടിക്കാഴ്ച അനുവദിച്ചു. സഭയുടെ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും, സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പരത്തുന്നതിലും ഇൻസ്റ്റിറ്റ്യൂട്ടിൻറെ പ്രവർത്തനങ്ങൾ ഉപകാരപ്രദമാകുമെന്ന് പാപ്പാ പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

എക്യൂമെനിക്കൽ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സാംസ്‌കാരിക നയതന്ത്രം വളർത്തുന്നതിനും, സമാധാനവും പ്രത്യാശയും പരത്തുന്നതിനും പൊന്തഫിക്കൽ ക്രൈസ്തവ പുരാവസ്തുശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Pontifical Institute of Christian Archaeology) പ്രവർത്തനങ്ങൾ ഉപകാരപ്രദമാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. പൊന്തിഫിക്കൽ ക്രൈസ്തവ പുരാവസ്തു ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂറാം സ്ഥാപനവാർഷികത്തിൽ, പ്രത്യേകമായി തയ്യാറാക്കിയ ഒരു അപ്പസ്തോലിക ലേഖനം പുറത്തുവിട്ടതിന് ശേഷം, ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഡിസംബർ 11 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് ഈയൊരു ശാസ്ത്രമേഖലയുടെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.

"ക്രൈസ്തവ റോമിന്റെ ആദ്യ പുരാതന സെമിത്തേരികൾ" (I primitivi cemeteri di Roma cristiana) എന്ന മോത്തു പ്രോപ്രിയോ രേഖ വഴി, ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട പുരാവസ്തുശാസ്ത്രപഠനത്തിന്റെ പ്രാധാന്യം പയസ് പതിനൊന്നാമൻ പാപ്പാ എടുത്തുപറഞ്ഞത് അനുസ്മരിച്ച ലിയോ പതിനാലാമൻ പാപ്പാ, പുരാതന ക്രൈസ്തവസ്മാരകങ്ങളെക്കുറിച്ചുള്ള പഠനത്തിൽ എല്ലാ ദേശങ്ങളിലും നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകേണ്ടതിന്റെ ആവശ്യം വ്യക്തമായി മനസ്സിലാക്കിയിരുന്നുവെന്ന് പ്രസ്താവിച്ചു.

ക്രൈസ്തവ പുരാവസ്തു ശാസ്ത്രത്തിന്, വചനം മാംസമായ ക്രിസ്തുവിൽനിന്ന് ജനിച്ച ക്രൈസ്തവികതയുടെയും സഭയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിലും, സുവിശേഷവത്കരണ, എക്യൂമെനിക്കൽ പ്രവർത്തനങ്ങളിലും ഐക്യം കൊണ്ടുവരുന്നതിലും സമാധാനവും പ്രത്യാശയും പ്രോത്സാഹിപ്പിക്കുന്നതിലും ഉള്ള പങ്ക് വ്യക്തമാക്കാനാണ് ഡിസംബർ 11-ന് പുറത്തുവിട്ട തന്റെ അപ്പസ്തോലിക ലേഖനത്തിലൂടെ താൻ ഉദ്ദേശിച്ചതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

ക്രൈസ്തവമതം എന്നത് വെറുമൊരു ആശയത്തിൽനിന്നല്ല, ക്രിസ്തുവിന്റെ ശരീരത്തിൽനിന്നാണ് ജന്മമെടുത്തതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സഭയ്ക്ക് പൊതുവായുള്ള പുരാതനവേരുകൾ സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകളും, സഭയുടെ എക്യൂമെനിക്കൽ ഐക്യത്തിന് സഹായകരമാകുമെന്ന് പ്രസ്താവിച്ചു. തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി പുരാതന നിഖ്യ എന്ന, ഇന്നത്തെ ഇസ്‌നിക് നഗരത്തിൽ, പ്രഥമ എക്യൂമെനിക്കൽ കൗൺസിൽ അനുസ്മരണം നടത്തിയതും, പുരാതന ക്രൈസ്തവ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടതും പാപ്പാ അനുസ്മരിച്ചു.

കൂടിക്കാഴ്ചയിൽനിന്നുള്ള മറ്റൊരു ദൃശ്യം
കൂടിക്കാഴ്ചയിൽനിന്നുള്ള മറ്റൊരു ദൃശ്യം   (@VATICAN MEDIA)

പുരാവസ്തുപഠനത്തിലൂടെ സംസ്കാരത്തിന്റെ നയതന്ത്രം കൂടിയാണ് നമുക്ക് പ്രോത്സാഹിപ്പിക്കാനാകുന്നതെന്ന് പറഞ്ഞ പാപ്പാ, ദേശങ്ങളുടെ അതിർത്തികൾ കടന്ന് മറ്റുള്ളവരിലേക്കെത്താനും, മുൻവിധികളെ അതിജീവിച്ച്, പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും ക്രൈസ്തവ പുരാവസ്തു ശാസ്ത്രപഠനങ്ങൾ ഉപകാരപ്രദമാകുമെന്ന് പ്രസ്താവിച്ചു.

1925-ലെ "സമാധാനത്തിന്റെ ജൂബിലി"യുടെ നൂറാം വാർഷികത്തിൽ "പ്രത്യാശയുടെ ജൂബിലി" ആഘോഷിക്കുന്നത് ഓർമ്മിപ്പിച്ച പാപ്പാ, ശാസ്ത്രത്തിന്റെയും അറിവിന്റെയും മാത്രമല്ല, സമാധാനത്തിന്റെയും വക്താക്കളാകാൻ ക്രൈസ്തവ പുരാവസ്തു ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾക്കാകട്ടെയെന്ന് ആശംസിച്ചു.

യൂറോപ്പിന്റെ ക്രൈസ്തവപരമ്പര്യവും വേരുകളും എടുത്തുപറഞ്ഞ പാപ്പാ, ക്രൈസ്തവവിശ്വാസത്താൽ പ്രേരിതമായ സാഹിത്യത്തിന്റെയും സ്മാരകങ്ങളുടെയും കാര്യം പ്രത്യേകം പരാമർശിച്ചു.

മെത്രാന്മാരും സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഉത്തരവാദിത്വം വഹിക്കുന്നവരും യുവജനങ്ങളെയും വൈദികരെയും അല്മയരെയും പുരാവസ്തുശാസ്ത്രം പഠിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ തന്റെ അപ്പസ്തോലിക ലേഖനത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഡിസംബർ 2025, 13:55