തിരയുക

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ   (@Vatican Media)

സ്നാപകയോഹന്നാനെപ്പോലെ സത്യവും നീതിയും തേടുന്ന ഒരു സ്വതന്ത്ര ശബ്ദമായി തുടരണം: പാപ്പാ

ഡിസംബർ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ.

വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരന്മാരേ, സന്തോഷകരമായ ഞായറാഴ്ച!

ഇന്നത്തെ സുവിശേഷം നമ്മെ, തന്റെ പ്രസംഗത്തോടുള്ള വിരോധം കൊണ്ട്  തടവിലാക്കപ്പെട്ട സ്നാപകയോഹന്നാനെകുറിച്ച് ധ്യാനിക്കുവാൻ സഹായിക്കുന്നു.(മത്തായി 14:3-5). എന്നിരുന്നാലും, അവൻ പ്രതീക്ഷ കൈവിടുന്നില്ല, ചങ്ങലകളിൽ പോലും പ്രവചനം സത്യവും നീതിയും തേടുന്ന ഒരു സ്വതന്ത്ര ശബ്ദമായി തുടരുന്നു എന്നതിന്റെ അടയാളമായി അവൻ  നമുക്ക് മാറുന്നു.

ജയിലിൽ നിന്ന്, സ്നാപകയോഹന്നാൻ  "ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ച്" (മത്തായി 11:2) കേൾക്കുന്നു, അവ അവൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ അവൻ അവനോട് ഇതെക്കുറിച്ച്  ചോദിക്കാൻ ദൂതരെ അയയ്ക്കുന്നു: "വരാനിരിക്കുന്നവൻ നീയാണോ, അതോ മറ്റൊരാളെ കാത്തിരിക്കണമോ?" (വാക്യം 3). സത്യവും നീതിയും അന്വേഷിക്കുന്നവർ, സ്വാതന്ത്ര്യവും സമാധാനവും കാത്തിരിക്കുന്നവർ, യേശുവിനോട് ചോദിക്കുന്നു. "നീ യഥാർത്ഥത്തിൽ മിശിഹായാണോ, അതായത്, പ്രവാചകന്മാരിലൂടെ ദൈവം വാഗ്ദാനം ചെയ്ത രക്ഷകനാണോ?"

യേശുവിന്റെ പ്രതികരണം എന്നാൽ ഇതായിരുന്നു:  നമ്മുടെ നോട്ടം അവൻ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തവരിലേക്ക് തിരിക്കുന്നു: ഏറ്റവും ചെറിയവർ, ദരിദ്രർ, രോഗികൾ,  ഇവർ അവനുവേണ്ടി സംസാരിക്കുന്നു.

താൻ ആരാണെന്ന് ക്രിസ്തു താൻ ചെയ്യുന്ന കാര്യങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവൻ ചെയ്യുന്നത് നമുക്കെല്ലാവർക്കും രക്ഷയുടെ അടയാളമാണ്. തീർച്ചയായും, നാം യേശുവിനെ കണ്ടുമുട്ടുമ്പോൾ, പ്രകാശരഹിതവും, ശബ്ദരഹിതവും ,   ആസ്വാദനവുമില്ലാത്ത ജീവിതം വീണ്ടും അർത്ഥവത്താകുന്നു: അന്ധർ കാണുന്നു, ഊമകൾ സംസാരിക്കുന്നു, ബധിരർ കേൾക്കുന്നു. കുഷ്ഠരോഗത്താൽ വികൃതമാക്കപ്പെട്ട ദൈവത്തിന്റെ പ്രതിച്ഛായ സമഗ്രതയും ആരോഗ്യവും വീണ്ടെടുക്കുന്നു. പൂർണ്ണമായും സംവേദനക്ഷമതയില്ലാത്ത മരിച്ചവർ പോലും ജീവിതത്തിലേക്ക് മടങ്ങുന്നു . ഇതാണ് യേശുവിന്റെ സുവിശേഷം, ദരിദ്രരോട് പ്രഖ്യാപിക്കുന്ന സുവാർത്ത: ദൈവം ലോകത്തിലേക്ക് വരുമ്പോൾ, നമ്മൾ കാണുന്നു!

നിരാശയുടെയും കഷ്ടപ്പാടിന്റെയും തടവറയിൽ നിന്ന്, യേശുവിന്റെ വചനം നമ്മെ മോചിപ്പിക്കുന്നു: ഓരോ പ്രവചനവും അവനിൽ ദീർഘകാലമായി കാത്തിരുന്ന നിവൃത്തി കണ്ടെത്തുന്നു. വാസ്തവത്തിൽ, ദൈവത്തിന്റെ മഹത്വത്തിലേക്ക് മനുഷ്യന്റെ കണ്ണുകൾ തുറക്കുന്നത് ക്രിസ്തുവാണ്. അക്രമവും വിദ്വേഷവും കൊണ്ട് നിശബ്ദമാക്കപ്പെട്ട അടിച്ചമർത്തപ്പെട്ടവർക്ക് അവൻ ശബ്ദം നൽകുന്നു; സത്യത്തിന് നമ്മെ ബധിരരാക്കുന്ന പ്രത്യയശാസ്ത്രത്തെ അവൻ ജയിക്കുന്നു; ശരീരത്തെ വികൃതമാക്കുന്ന രൂപങ്ങളെ അവൻ സുഖപ്പെടുത്തുന്നു.

അങ്ങനെ ഹൃദയത്തെ മരണത്തിലേക്ക് നയിക്കുന്ന തിന്മയിൽ നിന്ന് ജീവന്റെ വചനം നമ്മെ വീണ്ടെടുക്കുന്നു. അതിനാൽ, കർത്താവിന്റെ ശിഷ്യന്മാർ എന്ന നിലയിൽ, ഈ ആഗമനകാലത്ത്, ദൈവം ലോകത്തിൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള ശ്രദ്ധയോടെ രക്ഷകനെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയെ ഏകീകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ നമുക്ക് അതിന്റെ രക്ഷകനെ കണ്ടുമുട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിക്കാൻ കഴിയും:

കർത്താവിൽ സന്തോഷിപ്പിൻ" (ഫിലി 4:4). ആഗമനകാലത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്നത്തെ വിശുദ്ധ കുർബാനയ്ക്ക് ഈ ക്ഷണത്തോടെ തുടക്കമിടുന്നു, അതിനാൽ ഇത് ഗൗദേത്തെ ഞായറാഴ്ച എന്നറിയപ്പെടുന്നു. അപ്പോൾ നമുക്ക് സന്തോഷിക്കാം, കാരണം പ്രത്യേകിച്ച് പരീക്ഷണ സമയങ്ങളിൽ, ജീവിതത്തിന് അർത്ഥം നഷ്ടപ്പെടുകയും എല്ലാം ഇരുണ്ടതായി തോന്നുകയും വാക്കുകൾ നമ്മെ പരാജയപ്പെടുത്തുകയും മറ്റുള്ളവരെ ശ്രദ്ധിക്കാൻ നാം പാടുപെടുകയും ചെയ്യുമ്പോൾ, യേശു നമ്മുടെ പ്രത്യാശയായി മാറുന്നു .

പ്രതീക്ഷയുടെയും ആർദ്രതയുടെയും  സന്തോഷത്തിന്റെയും മാതൃകയായ കന്യകാമറിയം, ദരിദ്രരുമായി അപ്പവും സുവിശേഷവും പങ്കിട്ടുകൊണ്ട് തന്റെ പുത്രന്റെ പ്രവൃത്തി അനുകരിക്കാൻ നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഡിസംബർ 2025, 14:35