തിരയുക

ലെബനനിൽ കഴിഞ്ഞ ദിവസം നടന്ന എക്യൂമെനിക്കൽ-മതാന്തര സമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം ലെബനനിൽ കഴിഞ്ഞ ദിവസം നടന്ന എക്യൂമെനിക്കൽ-മതാന്തര സമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലികയാത്ര: അഞ്ചും ആറും ദിനങ്ങളിലൂടെ

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തുന്ന പ്രഥമ അപ്പസ്തോലിക യാത്രയിലെ അഞ്ചും ആറും ദിവസങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ-സംഗ്രഹ-വിവരണം.
ശബ്ദരേഖ - ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലികയാത്ര: അഞ്ചും ആറും ദിനങ്ങളിലൂടെ

മോൺസിഞ്ഞോർ ജോജി വടകര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെ തുർക്കി, ലെബനൻ അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ ലെബനനിലേക്ക് 2025 നവംബർ 30 ഞായറാഴ്ച എത്തിയ പാപ്പാ, അന്ന് വൈകുന്നേരം രാജ്യ നേതൃത്വവും രാഷ്ട്രീയാധികാരികളും ഉൾക്കൊള്ളുന്ന ദേശീയ നേതൃത്വനിരയുമായി കണ്ടുമുട്ടുകയും, ഹരിസായിൽ (Harissa) ധ്യാനാത്മകജീവിതം നയിക്കുന്ന ദൈവമാതാവിന്റെ കർമ്മലീത്ത സന്ന്യാസിനിമാരെ സന്ദർശിക്കുകയും വൈകിട്ട് അപ്പസ്തോലിക നൂൺഷ്യേച്ചറിൽ വിശ്രമിക്കുകയും ചെയ്തിരുന്നു. ഡിസംബർ ഒന്ന് തിങ്കളാഴ്ച രാവിലെ, അന്നായയിൽ (Annaya) വിശുദ്ധ മാറോണിന്റെ (Maroun) പേരിലുള്ള ആശ്രമത്തിൽ വിശുദ്ധ ഷാർബൽ മക്ലൂഫിന്റെ (Charbel Maklūf) കല്ലറ സന്ദർശിച്ച പാപ്പാ, പിന്നീട് ലെബനനിലെ മെത്രാന്മാരും, സമർപ്പിതരും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുമായുള്ള സമ്മേളനത്തിനായി ഹരിസായിലെ, ലെബനന്റെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിലെത്തി. സമ്മേളനശേഷം ഉച്ചയോടെ തിരികെ നൂൺഷ്യേച്ചറിൽ എത്തിയ പരിശുദ്ധ പിതാവ്, കത്തോലിക്കാ, ഓർത്തഡോക്സ് പാത്രിയർക്കീസുമാർക്കൊപ്പം ചർച്ചകൾ നടത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു എന്നുവരെയുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാൻ ന്യൂസും വത്തിക്കാൻ റേഡിയോയും പങ്കുവച്ചിരുന്നു.

എക്യൂമെനിക്കൽ, മതാന്തരസമ്മേളനനം

ഡിസംബർ 1 ഉച്ചയ്ക്ക് അപ്പസ്തോലിക നൂൺഷ്യേച്ചറിൽ അവിടുത്തെ വിവിധ ക്രൈസ്തവസഭാനേതൃത്വങ്ങളുമായി നടന്ന ചർച്ചകൾക്ക് ശേഷം, ഉച്ച കഴിഞ്ഞ് മൂന്നരയോടെ, ഇന്ത്യയിൽ വൈകുന്നേരം ഏഴുമണിയോടെ, ഈ യാത്രയുടെ ഭാഗമായി ലെബനനിൽ നടത്തുന്ന, എക്യൂമെനിക്കൽ, മതാന്തരസമ്മേളനത്തിനായി ബെയ്‌റൂട്ടിൽ "രക്തസാക്ഷികളുടെ ചത്വരം" എന്ന പേരിൽ അറിയപ്പെടുന്നയിടത്തേക്ക് പാപ്പാ കാറിൽ യാത്രയായി. ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്ററുകൾ അകലെയാണ് ഈ ചത്വരം.

രക്തസാക്ഷികളുടെ ചത്വരം

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത്, തുർക്കികൾക്കെതിരെയുള്ള വിപ്ലവവുമായി ബന്ധപ്പെട്ട് തൂക്കിക്കൊല്ലപ്പെട്ട ദേശസ്നേഹികളെ ഓർക്കുന്നതിനായാണ് 1931-ൽ ഈ ചത്വരത്തിന് "രക്തസാക്ഷികളുടെ ചത്വരം" എന്ന പേര് നൽകപ്പെട്ടത്. ചത്വരത്തിന്റെ നടുവിലുള്ള പ്രതിമയും ഇതിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 1979-1990 കാലയളവ്‌ലെ യുദ്ധത്തിന്റെ ഭാഗമായി ഏറ്റ വെടിയുണ്ടകളുടെ പാടുകളും ഈ പ്രതിമയിൽ കാണാം. ഇറ്റലിക്കാരനായ മരീനോ മസ്സകുറാത്തി (Marino Mazzacurati) നിർമ്മിച്ച ഈ പ്രതിമ 1960-ലായിരുന്നു അനാശ്ചാദനം ചെയ്യപ്പെട്ടത്. 2019-ന്റെ അവസാനത്തോടെ, ഗവൺമെന്റിനെതിരായ പ്രതിഷേധപ്രകടനങ്ങളുടെ ഇടം കൂടിയായി ഈ ചത്വരം മാറിയിരുന്നു.

സമ്മേളനം

ചത്വരത്തിലേക്കെത്തിയ പാപ്പായെ സീറോ കത്തോലിക്കാ, മാറോണീത്ത പാത്രിയർക്കീസുമാരും, സുന്നി വലിയ ഇമാമും, ഷിയാ വിഭാഗത്തിന്റെ പ്രതിനിധിയും ചേർന്ന് സ്വീകരിച്ചു. മറ്റ് മതനേതാക്കൾ സ്റ്റേജിൽ പാപ്പായെ കാത്തുനിന്നിരുന്നു. മനോഹരമായ ഈ ചടങ്ങിൽ, ഗാനാലാപനത്തിന് ശേഷം, സീറോ കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യുനാൻ (Ignatius Joseph III Yonan) പാപ്പായെ ഉൾപ്പെടെ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് സുവിശേഷവും ഖുറാനും വായിക്കപ്പെട്ടു. സുന്നി വിഭാഗം, ഗ്രീക്ക് ഓർത്തഡോക്സ് സഭ, ഷിയാ സമൂഹം, സിറിയൻ ഓർത്തഡോക്സ് സമൂഹം, ദ്രൂസോ സമൂഹം, അർമേനിയൻ ഓർത്തഡോക്സ് സമൂഹം, പ്രൊട്ടസ്റ്റന്റ് സമൂഹം, അലൗവീത്ത സമൂഹം തുടങ്ങിയവരുടെ നേതാക്കളും സമ്മേളനത്തിൽ സംസാരിച്ചു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

വികാരഭരിതവും, കൃതജ്ഞതാപൂർണ്ണവുമായ ഹൃദയത്തോടുകൂടിയാണ് ബെയ്‌റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ  നടന്ന എക്യുമെനിക്കൽ, സർവമത യോഗത്തിൽ, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം, ലെബനൻ ജനതയ്ക്കു നൽകിയത്. പഴയനിയമത്തിലെ പ്രവാചകന്മാർ ഉയർത്തിപ്പിടിച്ച ഒരു നാടെന്ന നിലയിലും, സ്വർഗ്ഗത്തിന്റെ ജാഗ്രതയോടെയുള്ള ദൃഷ്ടി പതിഞ്ഞ മണ്ണെന്ന നിലയിലും, ലെബനൻ നാടിന്റെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു. 2012-ൽ ബെയ്‌റൂട്ടിൽ ഒപ്പുവച്ച സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ എടുത്തു പറഞ്ഞ, മറ്റു മതങ്ങളുമായുള്ള സംഭാഷണത്തിന്റെ പ്രാധാന്യത്തെ പാപ്പാ അനുസ്മരിച്ചു. ഈ സംഭാഷണം ക്രിസ്ത്യാനികളെ ജൂതന്മാരെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്ന ആത്മീയവും ചരിത്രപരവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ദൈവശാസ്ത്രപരമായ അടിത്തറകളിൽ ഊന്നിയതാണെന്നും പാപ്പാ പറഞ്ഞു.

മോസ്കിന്റെ മാളികയും, ദേവാലയത്തിന്റെ മണിമാളികയും തോളോട് ചേർന്ന് ഉയരങ്ങളിലേക്ക് ലംബമായി നിൽക്കുന്നത്, ഈ നാടിന്റെ നിലനിൽക്കുന്ന വിശ്വാസത്തിനും, ഏക ദൈവത്തോടുള്ള  ജനങ്ങളുടെ ദൃഢമായ സമർപ്പണത്തിനും സാക്ഷ്യം വഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. പ്രാർത്ഥനയിലേക്കുള്ള ഓരോ ആഹ്വാനവും ഒരൊറ്റ ഗീതമായി ലയിക്കട്ടെയെന്നും, ആകാശത്തിന്റെയും ഭൂമിയുടെയും കരുണാമയനായ സ്രഷ്ടാവിനെ മഹത്വപ്പെടുത്താൻ മാത്രമല്ല, ഹൃദയത്തിൽ നിന്ന് സമാധാനത്തിനു വേണ്ടി  അപേക്ഷിക്കാനും മണിനാദവും, ബാങ്കുവിളികളും  ഉയർത്തപ്പെടട്ടെയെന്നും പാപ്പാ ആശംസിച്ചു.

വർഷങ്ങളായി, പ്രത്യേകിച്ച് സമീപകാലത്ത്, ലോകത്തിന്റെ കണ്ണുകൾ അബ്രഹാമിക് മതങ്ങളുടെ കളിത്തൊട്ടിലായ മധ്യ പൂർവേഷ്യയിലേക്കാണെന്ന് പറഞ്ഞ പാപ്പാ, ചിലപ്പോഴെങ്കിലും, മധ്യപൂർവദേശത്തെ ഭയത്തിന്റെയും നിരുത്സാഹത്തിന്റെയും വികാരത്തോടെയാണ് വീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എന്നാൽ സങ്കീർണ്ണവും ദീർഘകാലവുമായ സംഘർഷങ്ങളെ അഭിമുഖീകരിക്കുന്നുവെങ്കിലും, വിവിധ മതങ്ങളെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തുകയാണെകിൽ, പ്രതീക്ഷയിലേക്ക് നാം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

സഹവർത്തിത്വം ഒരു വിദൂര സ്വപ്നമായി തോന്നാവുന്ന ഒരു യുഗത്തിൽ, വ്യത്യസ്ത മതങ്ങളിലുള്ളവർ ലെബനനിൽ ഒരുമിച്ചുവസിക്കുന്നത് വലിയ ഉദാഹരണമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഭയം, അവിശ്വാസം, മുൻവിധി എന്നിവയ്ക്ക് പകരം, ഐക്യം, അനുരഞ്ജനം, സമാധാനം എന്നിവയാണ് ഈ നാട് കാട്ടിത്തരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. അറുപത് വർഷങ്ങൾക്ക് മുമ്പ്, നൊസ്ത്ര അയെത്താതെ എന്ന പ്രഖ്യാപനം പുറപ്പെടുവിച്ചതോടെ , രണ്ടാം വത്തിക്കാൻ കൗൺസിൽ കത്തോലിക്കരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും പരസ്പര ബഹുമാനത്തിനും ഒരു പുതിയ ചക്രവാളം തുറന്നുകൊടുത്തതും പാപ്പാ എടുത്തു പറഞ്ഞു. യഥാർത്ഥ സംഭാഷണവും സഹകരണവും സ്നേഹത്തിൽ വേരൂന്നിയതാണെന്നും അത് സമാധാനത്തിനും നീതിക്കും അനുരഞ്ജനത്തിനും ഏക അടിത്തറയാണെന്നും രേഖ അടിവരയിടുന്നതും പാപ്പാ അനുസ്മരിച്ചു.

യേശുവിന്റെ പരസ്യ ശുശ്രൂഷ പ്രധാനമായും ഗലീലിയിലും യൂദയായിലുമാണ്  നടന്നതെങ്കിലും, സുവിശേഷങ്ങളിൽ ഡെക്കാപ്പോളിസ് പ്രദേശം - അതുപോലെ സോറിന്റെയും സീദോന്റെയും ചുറ്റുപാടുകൾ - സന്ദർശിച്ച സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ അദ്ദേഹം സിറോ-ഫൊനീഷ്യൻ സ്ത്രീയെ കണ്ടുമുട്ടിയതും, അവളുടെ ഉറച്ച വിശ്വാസം അവളുടെ മകളെ സുഖപ്പെടുത്താൻ കാരണമായതും എടുത്തു പറഞ്ഞ പാപ്പാ, യേശുവും യാചിക്കുന്ന ഒരു അമ്മയും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയെ ഈ സ്ഥലം പ്രതിനിധാനം ചെയ്യുന്നുവെന്നും,  വിനയം, വിശ്വാസം, സ്ഥിരോത്സാഹം എന്നീ പുണ്യങ്ങളാൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് ഓരോ മനുഷ്യ ഹൃദയത്തെയും ഉൾക്കൊള്ളുന്ന അതിരുകളില്ലാത്ത ദൈവസ്നേഹത്തെ കണ്ടുമുട്ടുന്ന ഒരു സ്ഥലമായി ഇത് മാറുന്നുവെന്നും പറഞ്ഞു.

എല്ലാ അതിർത്തികൾക്കും അപ്പുറമുള്ള ദൈവത്തിന്റെ സാന്നിധ്യത്തിന്റെ കണ്ടെത്തലും ഭക്തിയോടും വിനയത്തോടും കൂടി അവനെ അന്വേഷിക്കാനുള്ള ക്ഷണവുമാണ് മതാന്തര സംഭാഷണത്തിന്റെ കാതൽ എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. ലെബനൻ അതിന്റെ ഗംഭീരമായ ദേവദാരുക്കൾക്ക് പേരുകേട്ടതാണെങ്കിൽ, ഒലിവ് വൃക്ഷം അതിന്റെ പൈതൃകത്തിന്റെ  മൂലക്കല്ലിനെയും പ്രതിനിധീകരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ,  ക്രിസ്തുമതം, യഹൂദമതം, ഇസ്ലാം എന്നിവയുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഇത് എടുത്തു പറയുന്നതും ചൂണ്ടിക്കാട്ടി. , ഇത് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും കാലാതീതമായ പ്രതീകമായി വർത്തിക്കുന്നുവെന്നതും പാപ്പാ പറഞ്ഞു.

ശാരീരികവും ആത്മീയവുമായ മുറിവുകൾക്കുള്ള ഒരു തൈലം ഒലിവു മരം പ്രദാനം ചെയ്യുന്നുവെന്നും, അത്  കഷ്ടപ്പെടുന്ന എല്ലാവരോടും ദൈവത്തിന്റെ അനന്തമായ അനുകമ്പയെ പ്രകടിപ്പിക്കുന്നുവെന്നും എടുത്തു പറഞ്ഞു.

"പരസ്പരബന്ധിതമായ ആഗോള ലോകത്ത്, നിങ്ങൾ സമാധാനത്തിന്റെ നിർമ്മാതാക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നു: അസഹിഷ്ണുതയെ ചെറുക്കുക, അക്രമത്തെ മറികടക്കുക, ഒഴിവാക്കൽ ഒഴിവാക്കുക, നിങ്ങളുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തിലൂടെ എല്ലാവർക്കും നീതിയിലേക്കും ഐക്യത്തിലേക്കും ഉള്ള പാത പ്രകാശിപ്പിക്കുക", പാപ്പാ ആഹ്വാനം ചെയ്തു. ലോകമെമ്പാടും, അനുരഞ്ജനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ദാനം "ലെബനനിൽ നിന്ന് ഒഴുകുന്ന അരുവികൾ പോലെ" പ്രവഹിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. 

പ്രഭാഷണത്തിന് ശേഷം പാപ്പാ, ഒരു ഒലിവ് മരം നട്ടു. തുടർന്ന് സമാധാനവുമായി ബന്ധപ്പെട്ട ഒരു ഗാനം ആലപിക്കപ്പെട്ടു. ഏതാണ്ട് പതിനയ്യായിരത്തോളം ആളുകൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കേറ്റിലെ യുവജനസംഗമം

എക്യൂമെനിക്കൽ-മതാന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിന് ശേഷം, അവിടെനിന്ന് ഏതാണ്ട് ഇരുപത്തിരണ്ട് കിലോമീറ്ററുകൾ അകലെ ബ്കേർക്കേയിലുള്ള (Bkerké) മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കേറ്റിന് മുന്നിൽ നടക്കാനിരുന്ന യുവജനസംഗമത്തിനായി വൈകുന്നേരം അഞ്ചുമണിയോടെ പാപ്പാ കാറിൽ യാത്രയായി.

ബ്കേർക്കേയിലെ പാത്രിയർക്കേറ്റ്

1703-ൽ പണിപ്പെട്ട് ഒരു ആശ്രമമായിരുന്നു ബ്കേർക്കേയിലുള്ള മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കേറ്റ്. 1730 മുതൽ അന്തോണിയൻ സന്ന്യാസികൾ ഉപയോഗിച്ചിരുന്ന ഈ കെട്ടിടം 1779 മുതൽ മാറോണീത്ത സഭയുടെ ഉപയോഗത്തിലായിരുന്നു. 1830-ൽ മാറോണീത്ത പാത്രിയർക്കയുടെ ശൈത്യകാല വസതിയായി മാറിയ ഈ കെട്ടിടത്തിന്റെ ചുവന്ന കളറിലുള്ള മേൽക്കൂര 1893-ലാണ് പണിയപ്പെട്ടത്.

ആദ്യകാലം മുതലേ പരിശുദ്ധ സിംഹാസനവുമായി ഐക്യം കാത്തുസൂക്ഷിക്കുന്ന മാറോണീത്ത സഭ, 410-ൽ മരണമടഞ്ഞ വിശുദ്ധ മറൂൺ സ്ഥാപിച്ചതാണ്. റോമുമായുള്ള ബന്ധം മൂലം വിവിധ സഭാസമൂഹങ്ങളുടെയും, ഓട്ടോമൻ സാമ്രാജ്യത്തിന്റെയും ഭാഗത്തുനിന്നുള്ള നിരവധി പ്രതിസന്ധികളെ നേരിടേണ്ടിവന്ന ഈ സഭയുടെ ആദ്യ പാത്രിയർക്കീസ് അഭിവന്ദ്യ യൂഹന്നാ മറൂണും (H.B. Youhanna Maroun - 685-707), നിലവിലേത് അഭിവന്ദ്യ ബെഷാറ ബുത്രോസ് റായിയുമാണ് (H.B. Béchara Boutros Raï, O.M.M.)

അഞ്ചരയോടെ ചത്വരത്തിലെത്തിയ പാപ്പായെ, മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കീസ് എത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും യുവജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു.

യുവജനങ്ങളുമായുള്ള സംഗമം

വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് യുവജനസമ്മേളനം ആരംഭിച്ചത്. പ്രാർത്ഥനയോടെ ആരംഭിച്ച ഈ സമ്മേളനത്തിൽ, പാത്രിയർക്കീസ് ബെഷാറ ബുത്രോസ് റായി ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് സുവിശേഷം വായിക്കപ്പെട്ടു. യുവജനങ്ങൾ അവതരിപ്പിച്ച മനോഹരമായ ചില കലാപരിപാടികളും, വിവിധ വ്യക്തികൾ പങ്കുവച്ച ഹൃദയസ്പർശികളായ സാക്ഷ്യങ്ങളും അവയ്ക്കിടയിൽ ഉണ്ടായിരുന്ന ഗാനങ്ങളും ചടങ്ങിനെ മനോഹരമാക്കി മാറ്റി. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

അറബ് ഭാഷയിൽ ഏവരെയും അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു, ലിയോ പതിനാലാമൻ പാപ്പാ, അന്ത്യോക്യയിലെ മാറോനീത്ത പാത്രിയാർക്കേറ്റിന് മുന്നിലുള്ള ചത്വരത്തിൽ  ഒത്തുകൂടിയ ലെബനൻ യുവാക്കളുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ സന്ദേശം ആരംഭിച്ചത്. യുവാക്കളുടെ ഹൃദയങ്ങളിൽ  അനുഭവപ്പെടുന്ന ആവേശം, ദൈവത്തിന്റെ സ്‌നേഹനിർഭരമായ അടുപ്പത്തെ പ്രകടിപ്പിക്കുന്നുവെന്നും, അത് നമ്മെ സഹോദരീസഹോദരന്മാരായി ഒന്നിപ്പിച്ച് അവനിലുള്ള വിശ്വാസവും പരസ്പര കൂട്ടായ്മയും പങ്കുവയ്ക്കുവാൻ ആഹ്വാനം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. സിറിയയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള യുവാക്കൾക്കും, വിദേശത്ത് നിന്ന് സ്വദേശത്തേക്ക് മടങ്ങിയെത്തിയ ലെബനൻ യുവതീ യുവാക്കൾക്കും പാപ്പാ പ്രത്യേകം ആശംസകൾ അർപ്പിച്ചു. യുവാക്കൾ പങ്കുവച്ച അനുഭവ സാക്ഷ്യങ്ങൾ, ഏവരുടെയും മനസിനെയും, ഹൃദയങ്ങളെയും തുറക്കുവാൻ സഹായിച്ചുവെന്നും പാപ്പാ എടുത്തു പറഞ്ഞു. നിരാശയുടെ മുഖത്തെ പ്രത്യാശയെക്കുറിച്ചും, യുദ്ധസമയത്ത് ആന്തരിക സമാധാനത്തെക്കുറിച്ചും സാക്ഷ്യങ്ങളിൽ പങ്കുവച്ച അനുഭവങ്ങളെയും പാപ്പാ അനുസ്മരിച്ചു.

ആഴത്തിലുള്ള മുറിവുകളാൽ  അടയാളപ്പെടുത്തിയിരിക്കുന്നതാണ് ലെബനന്റെ ചരിത്രമെന്നും, ഇവ സങ്കീർണ്ണമായ സാമൂഹിക, രാഷ്ട്രീയ ചലനാത്മകതയുമായി ഇഴചേർന്നിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. യുദ്ധങ്ങളാൽ കീറിമുറിക്കപ്പെടുകയും സാമൂഹിക അനീതിയാൽ വികൃതമാക്കപ്പെടുകയും ചെയ്ത ഒരു ലോകമാണ്, യുവാക്കൾ അവകാശപ്പെടുത്തുന്നുവെന്നത് യാഥാർഥ്യമെന്നിരിക്കെ, മുതിർന്നവർക്ക് പോലും നഷ്‌ടമായ ഒരു  പ്രത്യാശ യുവാക്കൾ  പ്രതിഫലിപ്പിക്കുന്നതിൽ തന്റെ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു.

"സ്വപ്നം കാണാനും, ആസൂത്രണം ചെയ്യാനും, നല്ലത് ചെയ്യാനും നിങ്ങൾക്ക് കൂടുതൽ സമയമുണ്ട്. നിങ്ങൾ വർത്തമാനമാണ്, ഭാവി ഇതിനകം നിങ്ങളുടെ കൈകളിലാണ് രൂപപ്പെടാൻ തുടങ്ങിയിരിക്കുന്നത്! ചരിത്രത്തിന്റെ ഗതി മാറ്റാനുള്ള ആവേശം നിങ്ങൾക്കുണ്ട്! തിന്മയോടുള്ള യഥാർത്ഥ എതിർപ്പ് തിന്മയല്ല, മറിച്ച് സ്നേഹമാണ് - സ്വന്തം മുറിവുകൾ ഉണക്കുന്നതിനൊപ്പം മറ്റുള്ളവരുടെ മുറിവുകൾ ശുശ്രൂഷിക്കാനും കഴിവുള്ള സ്നേഹം", പാപ്പാ പറഞ്ഞു.

അനുരഞ്ജനത്തിലൂടെയും പരസ്പര സഹായത്തിലൂടെയും ആരംഭിക്കുന്ന ഒരു പുതിയ ഭാവിയുടെ പ്രവചനങ്ങളാണ് സാക്ഷ്യങ്ങളിലൂടെ യുവാക്കൾ പ്രകടിപ്പിച്ചതെന്നും പാപ്പാ അടിവരയിട്ടു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ ജീവിക്കുകയാണെങ്കിൽ,  കർത്താവിന്റെ ദൃഷ്ടിയിൽ അനുഗ്രഹിക്കപ്പെടുമെന്നും വചനത്തിന്റെ വെളിച്ചത്തിൽ പാപ്പാ ആഹ്വാനം ചെയ്തു. ഐക്യത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമായ ദേവദാരു പോലെ മനോഹരവും ഊർജ്ജസ്വലവുമായി ലെബനൻ തഴച്ചുവളരുമെന്ന ശുഭപ്രതീക്ഷയും പാപ്പാ നൽകി.

 ദേവദാരുവിന്റെ ശക്തി അതിന്റെ വേരുകളിലാണെന്നും, അവ സാധാരണയായി അതിന്റെ ശാഖകളുടെ അതേ വലുപ്പത്തിലുള്ളതാണെന്നും എടുത്തുപറഞ്ഞ പാപ്പാ, ഇന്ന് ലെബനൻ സമൂഹത്തിൽ നാം കാണുന്ന നിരവധി നല്ല കാര്യങ്ങൾ, ലെബനൻ ദേവദാരുവിന്റെ ഒരു ശാഖ മാത്രമല്ല, മുഴുവൻ വൃക്ഷത്തെയും അതിന്റെ എല്ലാ സൗന്ദര്യത്തിലും വളർത്താൻ ആഗ്രഹിക്കുന്ന, നല്ല മനസ്സുള്ള നിരവധി ആളുകളുടെ, എളിമയാർന്നതും,  മറഞ്ഞിരിക്കുന്നതും, അതേസമയം  സത്യസന്ധവുമായ പ്രവർത്തനത്തിന്റെ ഫലമാണെന്നു പാപ്പാ പറഞ്ഞു. അതിനാൽ, നീതിയോടെയും, പ്രതിബദ്ധതയോടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും ഭാവിക്കായി ഒരുമിച്ച് പ്രയത്നിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

സമാധാനത്തിനായുള്ള പ്രതിബദ്ധത എന്നത്,  വെറുമൊരു ആശയമോ, കരാറോ, ധാർമ്മിക തത്വമോ ആകരുതെന്നും, മറിച്ച് അത് പ്രത്യാശയായ യേശുക്രിസ്തു തന്നെയാണെന്നും പാപ്പാ പറഞ്ഞു. മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുകൊണ്ട് ഇന്നും ജീവിക്കുന്നവനായ, ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

വ്യക്തിബന്ധങ്ങൾ ദുർബലവും, വിഘടിക്കുന്നതുമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നത് ശരിയാണെങ്കിലും,  , വ്യക്തിപരമായ താൽപ്പര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവരിലുള്ള വിശ്വാസത്തേക്കാൾ മുൻഗണന നൽകിയേക്കാമെങ്കിലും, സൗഹൃദം, സ്നേഹം തുടങ്ങിയ ഉപരിപ്ലവമായി മാറുമ്പോഴും, ചെറുപ്പക്കാർ പരിധികളില്ലാത്ത സ്നേഹത്തിന്റെ വക്താക്കളാകണമെന്നും, 'നമ്മൾ' എന്ന കൂട്ടായ്മയുടെയും, 'എന്നേക്കും' എന്ന സമയപരിധിരഹിതമായതുമായ മൂല്യങ്ങളാൽ, ദൃഢവും ഫലപ്രദവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

 അനീതികളും ആരോഗ്യകരമല്ലാത്ത  ഉദാഹരണങ്ങളും കണ്ട് നിരുത്സാഹപ്പെടരുതെന്നും, മറ്റുള്ളവരുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട്, ജീവിതത്തിന്റെ വിവിധങ്ങളായ പ്രവൃത്തികളാൽ,  വ്യത്യസ്ത സാംസ്കാരിക, മത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായി പോലും കൂടിചേർന്നുകൊണ്ട്, യഥാർത്ഥ നവീകരണം ആരംഭിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. തുടർന്ന് വിവിധ വിശുദ്ധരുടെ മാതൃകകളും പാപ്പാ അനുസ്മരിച്ചു. പിയർ ജോർജോ ഫ്രസാത്തി, കാർലോ അക്കൂത്തിസ്,  റഫ്‌ക്ക എന്നെ വിശുദ്ധരെയും, വാഴ്ത്തപ്പെട്ട യാക്കൂബ് എൽ-ഹദ്ദാദിനേയും പ്രത്യേകം പാപ്പാ പരാമർശിച്ചു.

അതുപോലെ തന്നെ നിശബ്ദതയിൽ അനേകർക്കുവേണ്ടി പ്രാർത്ഥിച്ച വിശുദ്ധ ഷാർബലിന്റെ മാതൃകയും പാപ്പാ ചൂണ്ടിക്കാട്ടി. "പ്രിയ യുവാക്കളേ, നിങ്ങളുടെ കണ്ണുകളിൽ ദിവ്യപ്രകാശം പ്രകാശിക്കട്ടെ, പ്രാർത്ഥനയുടെ ധൂപം  വിരിയട്ടെ. ശ്രദ്ധ വ്യതിചലനങ്ങളുടെയും മായയുടെയും ഒരു ലോകത്ത്, നിങ്ങളുടെ കണ്ണുകൾ അടച്ച് ദൈവത്തിലേക്ക് മാത്രം നോക്കാൻ എല്ലാ ദിവസവും പരിശ്രമിക്കുക", പാപ്പാ ആഹ്വാനം ചെയ്തു. പ്രാർത്ഥനയുടെ ശക്തിയിലൂടെ യേശുവുമായി യഥാർത്ഥവും നിലനിൽക്കുന്നതുമായ ഒരു സൗഹൃദം വളർത്തിയെടുക്കാൻ  പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.

 പ്രത്യാശ ഒരു “ദരിദ്ര” പുണ്യമാണെന്നും, അത് ശൂന്യമായ കൈകളോടെയാണ് നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നതെന്നും പറഞ്ഞ പാപ്പാ, നമ്മിൽ വസിക്കുന്ന കർത്താവ് നൽകുന്ന പ്രത്യാശ, നാം വഴിയായി ലോകത്തിൽ ഫലം പുറപ്പെടുവിക്കുന്നതിനു ഇടയാകട്ടെയെന്നും ആശംസിച്ചു. സമാപനത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാനത്തിനുള്ള പ്രാർത്ഥനയും യുവജനങ്ങൾക്ക് പാപ്പാ സമർപ്പിച്ചു. പരിശുദ്ധ അമ്മയുടെ മാതൃ സംരക്ഷണത്തിന് യുവജനങ്ങളെ ഭരമേല്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ഉപസംഹരിച്ചത്.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണം അവസാനിച്ചതിനെത്തുടർന്ന് സമാധാനവും, അതിനായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനവും, നന്ദിയുടേതായ നിമിഷവും ഉണ്ടായിരുന്നു. അതിനുശേഷം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകി. നാലായിരത്തോളം യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന് ശേഷം, പാപ്പായുടെയും പാത്രിയർക്കേറ്റിൽ ഉണ്ടായിരുന്ന സഭനേതൃത്വത്തിന്റെയും ഫോട്ടോ എടുക്കപ്പെട്ടു. അതിന് ശേഷം ഏതാണ്ട് അഞ്ചുകിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് വൈകുന്നേരം ഏഴ് മണിയോടെ പാപ്പാ യാത്രയായി.

ഇസ്ലാമുമായി സ്വകാര്യ കൂടിക്കാഴ്ച

ഏഴേകാലോടെ അവിടെയെത്തിയ പാപ്പാ, ഇസ്ലാം, ദുറൂസി (Druze) മതനേതൃത്വങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി.

വൈകുന്നേരം ഏഴേമുക്കാലോടെ അത്താഴം കഴിച്ചശേഷം പാപ്പാ ഉറങ്ങി വിശ്രമിച്ചു.

കുരിശിന്റെ ആശുപത്രിയിലെ സംഗമത്തിലേക്ക്

ഡിസംബർ 2 ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് യാത്ര പറഞ്ഞിറങ്ങിയ പാപ്പാ, അവിടെനിന്ന് ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ, ജാൽ ദിബ് എന്നയിടത്ത്, കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്ന സന്ന്യസ്തസമൂഹത്തെയും അവർ നടത്തുന്ന "കുരിശിന്റെ ആശുപത്രിയും” സന്ദർശിക്കാനായി യാത്രയായി. ബെയ്‌റൂട്ടിൽനിന്നും പതിനൊന്ന് കിലോമീറ്ററുകൾ വടക്കാണ് ജാൽ ദിബ് നഗരം. മാറോണീത്ത കത്തോലിക്കാരാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. ഓട്ടോമൻ സാമ്രാജ്യകാലത്ത് ബെയ്‌റൂട്ട്-ട്രിപ്പൊളി വഴിയിലെ ഒരു വിശ്രമസ്ഥലം കൂടിയായിരുന്ന ഈ നഗരം, ഫ്രഞ്ച് കാരുടെ വരവോടെ ഇരുപതാം നൂറ്റാണ്ട് മുതൽ വീണ്ടും വളർന്ന് ഒരു പ്രധാന വ്യാവസായിക ഇടമായി മാറി.

കുരിശിന്റെ ആശുപത്രി

മാനസികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി മദ്ധ്യപൂർവ്വദേശങ്ങളിൽ ഉള്ളവയിൽ ഏറ്റവും വലിയ ഒന്നാണ് ജൽ ദിബിലുള്ള "കുരിശിന്റെ ആശുപത്രി" (Hospital of the Cross). 1919-ൽ വാഴ്ത്തപ്പെട്ട ഫാ. യാക്കൂബ് എന്ന കപ്പൂച്ചിൻ വൈദികനാണ് ഈ ആശുപത്രി സ്ഥാപിച്ചത്. പിന്നീട് മാനസിക ആശുപത്രിയായി 1037-ലും, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുവേണ്ടിയുള്ള ആശുപത്രിയായി 1951-ലും മാറ്റുകയായിരുന്നു. സമാധാനവും ശക്തിയും ധൈര്യവും കണ്ടെത്താനാകുന്ന വിശുദ്ധ കുരിശിന്റെ അടയാളമുള്ളതായിരിക്കണം ഈ ആശുപത്രിയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാരെ, പ്രാർത്ഥനയോടെ കുരിശിലേക്ക് നോക്കാനും, ശുശ്രൂഷയുടെ മനുഷ്യരിലേക്ക് നോക്കാനും പഠിപ്പിച്ച വാഴ്ത്തപ്പെട്ട ഫാ. യാക്കൂബ്, മത, ലിംഗ, വംശ വ്യത്യാസമില്ലാതെ, മനുഷ്യന്റെ അന്തസ്സ് തിരികെ നല്കുന്നതിനുവേണ്ടി ഈ ആശുപത്രി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഏതാണ്ട് 1055 കിടക്കകളുള്ള ഈ ആശുപത്രി വർഷത്തിൽ ഏതാണ്ട് 2200-ലേറെ ആളുകളെ സ്വീകരിക്കുന്നുണ്ട്.

പാപ്പായുടെ സന്ദർശനം

കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാരുടെ താമസയിടത്തിന്റെ പ്രധാനവാതിൽക്കലെത്തിയ പാപ്പായെ, സമൂഹത്തിന്റെ മദർ സുപ്പീരിയറും മഠത്തിന്റെ സുപ്പീരിയറും ആശുപത്രി ഡിറക്ടറും ചേർന്ന് സ്വീകരിക്കുകയും, ആശുപത്രി ജോലിക്കാരും, രോഗികളുമുള്ള ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു.

സമ്മേളനം

ഹാളിൽ നടന്ന സമ്മേളനത്തിന്റെ ആരംഭത്തിൽ, പ്രാരംഭഗാനത്തിന് ശേഷം സുപ്പീരിയർ ജനറൽ പരിശുദ്ധ പിതാവിന് സ്വാഗതമേകി സംസാരിച്ചു.. തുടർന്ന് ചില രോഗികളുടെ സാക്ഷ്യങ്ങളും ഗാനാലാപനങ്ങളുമുണ്ടായിരുന്നു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

താൻ ഏറെ ആഗ്രഹിച്ചിരുന്നതാണ്,  ബെയ്‌റൂട്ടിലെ, ദെ ല ക്രോവ (“de la Croix”) ആശുപത്രിയിലെ സന്ദർശനം എന്നത് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. രോഗികളായവരിലും,  പരിചരിക്കുന്നവരിലും, സമർപ്പിതരിലും, ഡോക്ടർമാരിലും, എല്ലാ ആരോഗ്യ പ്രവർത്തകരിലും, ജീവനക്കാരിലും യേശു വസിക്കുന്നു എന്നതാണ് ഇതിനു കാരണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. തന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും രോഗങ്ങളാൽ വലയുന്ന എല്ലാവരും ഉണ്ടെന്ന് ഉറപ്പുനൽകാനും താൻ  ആഗ്രഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. പാപ്പയെ വരവേറ്റുകൊണ്ട് ആലപിച്ച ഗാനം, പ്രത്യാശയുടെ സന്ദേശം പകരുന്നതാണെന്നു പറഞ്ഞുകൊണ്ട് , അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു.

ദാനധർമ്മത്തിന്റെ അശ്രാന്തമായ അപ്പോസ്തലനായ, വാഴ്ത്തപ്പെട്ട ഫാദർ ജാക്വസ് സ്ഥാപിച്ച ഈ ആശുപത്രിയിൽ ആയിരിക്കുമ്പോൾ, ദരിദ്രരോടും ഏറ്റവും കഷ്ടപ്പെടുന്നവരോടും ഉള്ള സ്നേഹത്തിൽ പ്രകടമായ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയെ അനുസ്മരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. അദ്ദേഹം സ്ഥാപിച്ച സമർപ്പിത സമൂഹം ഈ സേവനം മുൻപോട്ടു കൊണ്ടുപോകുന്നതിൽ പാപ്പാ സന്തുഷ്ടി  പ്രകടിപ്പിക്കുകയും, സന്തോഷത്തോടെയും അർപ്പണബോധത്തോടെയും നിർവഹിക്കുന്ന ദൗത്യത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു.

ആശുപത്രിയിലെ വിവിധ ജീവനക്കാരെയും പാപ്പാ അഭിവാദ്യം ചെയ്തു. അവരുടെ കരുതലും പരിചരണവും  ക്രിസ്തുവിന്റെ അനുകമ്പാപൂർണമായ സ്നേഹത്തിന്റെ വ്യക്തമായ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ കാരണം ക്ഷീണം തോന്നാമെങ്കിലും, ഈ സേവനത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തരുതെന്നും, ചെയ്യാൻ സാധിക്കുന്ന നന്മകൾ നിറവേറ്റുവാനും ഏവരെയും ആഹ്വാനം ചെയ്തു.

ദാരിദ്ര്യത്തിന്റെയും ദുർബലതയുടെയും  സാഹചര്യങ്ങൾ അവഗണിച്ചുകൊണ്ട്,  ക്ഷേമത്തിന്റെ തെറ്റായ മിഥ്യാധാരണകളിൽ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തെ സഭയ്ക്ക് ഒരിക്കലും ഉൾക്കൊള്ളുവാൻ സാധിക്കില്ലെന്നതിന്റെ തെളിവാണ് ഈ ആതുരാലയം എന്നും പാപ്പാ എടുത്തു പറഞ്ഞു. ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിൽ കർത്താവിന്റെ പീഡാസഹനങ്ങളെ കാണണമെന്നും, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനത്തിന്റെ വെളിച്ചത്തിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

 "രോഗികളായ നിങ്ങൾ നമ്മുടെ പിതാവായ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു", പാപ്പാ പറഞ്ഞു. പിതൃതുല്യമായ ദൈവത്തിന്റെ സ്നേഹം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് ശേഷം ഏവരും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുകയും പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു. പരസ്പരം സമ്മാനങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും തുടർന്ന് സമാപന ഗാനം ആലപിക്കപ്പെടുകയും ചെയ്തു. തുടർന്ന് പാപ്പാ ഒൻപത് മണിയോടെ ആശുപത്രിയിൽ രോഗികളെയും മറ്റ് പ്രവർത്തകരെയും സന്ദർശിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഡിസംബർ 2025, 15:31