തിരയുക

ലിയോ പതിനാലാമൻ പാപ്പാ - ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിലെ വിശുദ്ധ ബലിയർപ്പണവേളയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിലെ വിശുദ്ധ ബലിയർപ്പണവേളയിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

മദ്ധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവർ പ്രത്യാശയും ധൈര്യവും കൈവെടിയരുത്: ലിയോ പതിനാലാമൻ പാപ്പാ

തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെബനിൽ ഡിസംബർ 2-ന് നടത്തിയ പ്രഭാഷണത്തിൽ ലെവന്റ് എന്നറിയപ്പെടുന്ന, ലെബനൻ, ജോർദ്ദാൻ, പാലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശത്തെ ക്രൈസ്തവരെ അഭിസംബോധന ചെയ്യവേ, പ്രതികാര, അക്രമ മനോഭാവം വെടിയാനും, സമാധാനശ്രമങ്ങൾ തുടരാനും, സധൈര്യം മുന്നോട്ട് പോകാനും പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് ഉടനടി ഉത്തരം ലഭിക്കാത്തപ്പോഴും, നമുക്കരികിലേക്ക് വരുന്ന കർത്താവിലേക്ക് വിശ്വാസപൂർവ്വം നോക്കാനും, സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റേതുമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ ഏവരെയും ക്ഷണിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ഡിസംബർ 2 ചൊവ്വാഴ്ച ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിൽ (Beirut Waterfront) ഒന്നര ലക്ഷത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ബലിയർപ്പിച്ച വേളയിലാണ് പരിശുദ്ധ പിതാവ് ഇത്തരമൊരു ഉദ്‌ബോധനം മുന്നോട്ടുവച്ചത്.

ലെവന്റ് (Levant) പ്രദേശങ്ങളിലെ ക്രൈസ്തവർ, എല്ലാ അർത്ഥത്തിലും അവിടെയുള്ള പൗരന്മാരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വാസജീവിതത്തിൽ സധൈര്യം മുന്നോട്ട് പോകാൻ അവരോട് ആഹ്വാനം ചെയ്തു. ആഗോളസഭ, ലെവന്റിലെ ക്രൈസ്തവരെ സ്നേഹത്തോടെയും, അതേസമയം അത്ഭുതത്തോടെയുമാണ് നോക്കിക്കാണുന്നതെന്ന് പ്രസ്താവിച്ച പരിശുദ്ധ പിതാവ്, സമാധാനത്തിന്റെ സൃഷ്ടാക്കളും സന്ദേശവാഹകരും സാക്ഷികളുമാകാൻ അവരോട് ആവഷ്യപ്പെട്ടു.

മദ്ധ്യപൂർവദേശങ്ങൾ, പ്രതികാരത്തിന്റെയും അക്രമത്തിന്റെയും മനോഭാവം വെടിയുകയും, രാഷ്ട്രീയ, സാമൂഹിക, മത മേഖലകളിൽ ഉണ്ടായേക്കാവുന്ന വിഭാഗീയ ചിന്തകൾ കൈവെടിഞ്ഞ്, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പുതിയ അദ്ധ്യായങ്ങൾ തുറക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

പരസ്പരവിദ്വേഷത്തിന്റെയും നാശത്തിന്റേതുമായ ചിന്തകളും പ്രവൃത്തികളും നിറഞ്ഞ യുദ്ധമെന്ന ക്രൂരത ഏറെ നാളുകളായി സമൂഹത്തിലേക്ക് കൊണ്ടുവരുന്നത് എന്താണെന്ന് നാം കണ്ടുകഴിഞ്ഞുവെന്നും, അതുകൊണ്ടുതന്നെ, വഴി മാറി ചിന്തിക്കാനും, സമാധാനത്തിലേക്ക് ഹൃദയങ്ങളെ നയിക്കാനും സാധിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ലെബനനിൽ പരസ്പര സംവാദങ്ങളും അനുരഞ്ജനവും സാധ്യമാകുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിൽനിന്ന് അന്താരാഷ്ട്രസമൂഹം പിന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട പാപ്പാ, സമാധാനത്തിനായി അലമുറയിടുന്ന തങ്ങളുടെ ജനങ്ങളെ ശ്രവിക്കാൻ എല്ലാ രാഷ്ട്രീയ സാമൂഹിക അധികാരികളും തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഡിസംബർ 2025, 15:00