തിരയുക

പോൾ ആറാമൻ ശാലയിലെ പുൽക്കൂടിനു മുൻപിൽ പ്രാർത്ഥനയോടെ പാപ്പാ പോൾ ആറാമൻ ശാലയിലെ പുൽക്കൂടിനു മുൻപിൽ പ്രാർത്ഥനയോടെ പാപ്പാ   (ANSA)

യേശുവിന്റെ പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: പാപ്പാ

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒരുക്കുന്ന പുൽക്കൂടും, ക്രിസ്തുമസ് മരവും സംഭാവന നൽകിയ ആളുകളുമായി, ഡിസംബർ മാസം പതിനഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പുൽക്കൂട് സമ്മാനിക്കുന്ന, ഇറ്റലിയിലെ നൊച്ചെര രൂപതയിൽ നിന്നുള്ള, മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും, ക്രിസ്തുമസ് മരം സമ്മാനിച്ച, ബോൾത്സനോ രൂപതയിൽ നിന്നുള്ള മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു. തദവസരത്തിൽ, ഔദ്യോഗികമായി പുൽക്കൂടും, ക്രിസ്തുമസ് മരവും വത്തിക്കാൻ കൈമാറി. ഓരോ നാടിന്റെയും, സാംസ്‌കാരിക പാരമ്പര്യങ്ങൾക്കനുസരിച്ചാണ് ജനനരംഗത്തിന്റെ സൃഷ്ടി പൂർത്തിയാക്കിയിരിക്കുന്നുവെന്നത് പാപ്പാ എടുത്തുപറഞ്ഞു. കലയും ആത്മീയതയും സംയോജിപ്പിച്ചുകൊണ്ട്, ആവിഷ്കരിച്ച പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ഏവർക്കും പാപ്പാ നന്ദിയർപ്പിച്ചു.

മനുഷ്യരാശിയോട് തന്നെത്തന്നെ സമീപസ്ഥനാക്കികൊണ്ട്, നമ്മിൽ ഒരുവനായി തീർന്ന ദൈവത്തെയാണ് പുൽക്കൂട് ഓർമ്മിപ്പിക്കുന്നതെന്നും, ഒരു ചെറിയ ശിശുവായി നമ്മുടെ ചരിത്രത്തിലേക്ക് അവൻ പ്രവേശിക്കുന്നുവെന്നും എടുത്തു പറഞ്ഞു. ബെത്ലഹേമിലെ ലായത്തിന്റെ ദാരിദ്ര്യത്തിൽ, താഴ്മയുടെയും സ്നേഹത്തിന്റെയും രഹസ്യാത്മകതയെയാണ് ഇവിടെ നാം ധ്യാനിക്കുന്നതെന്നും, ഈ സംഭവം പുനരുജ്ജീവിപ്പിക്കുന്നതാണ് പുൽക്കൂടുകളെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. നിശബ്ദതയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങൾ തേടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, സ്വയം മനസിലാക്കുവാനും, ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കുവാനും പുൽക്കൂട് നമ്മെ സഹായിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

ഇവിടെ പരിശുദ്ധ അമ്മയുടെ ധ്യാനാത്മകമായ നിശ്ശബ്ദതയെയും പാപ്പാ അടിവരയിട്ടു. ബേത്ലഹേമിൽ  നിന്ന് മടങ്ങിവന്ന് ദൈവത്തെ മഹത്വപ്പെടുത്തുകയും തങ്ങൾ  കണ്ടതും കേട്ടതുമായ കാര്യങ്ങൾ  പറയുകയും ചെയ്യുന്ന ഇടയന്മാരിൽ  നിന്ന് വ്യത്യസ്തമായി, യേശുവിന്റെ അമ്മ എല്ലാം ഹൃദയത്തിൽ  സൂക്ഷിക്കുന്നുവെന്നും, ആ മൗനം കേവലം നിശ്ശബ്ദതയല്ല, മറിച്ച് അത്ഭുതവും ആരാധനയുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

ക്രിസ്തുമസിന്റെ വൃക്ഷം, ജീവന്റെ അടയാളമാണെന്നും, ശൈത്യകാലത്തെ തണുപ്പിലും പരാജയപ്പെടാത്ത പ്രത്യാശയെ അത്  ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. പാപത്തിന്റെ അന്ധകാരത്തെ അകറ്റാനും നമ്മുടെ പാത പ്രകാശിപ്പിക്കാനും വന്ന ക്രിസ്തുവിനെയാണ് അതിൽ തൂക്കിയിരിക്കുന്ന വിളക്കുകൾ അടയാളപ്പെടുത്തുന്നതെന്നും കൂട്ടിച്ചേർത്തു.

അത്സമയം. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിലെ പുൽക്കൂട് കോസ്റ്റാറിക്കയിൽ നിന്നുമാണ് കൊണ്ടുവന്നിരിക്കുന്നത്. ഗർഭച്ഛിദ്രത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ട ജീവനെ പ്രതിനിധീകരിക്കുന്നതാണ് ആ പുൽക്കൂട്. ഗർഭഛിദ്രത്തിൽ  നിന്ന് ജീവനെ  സംരക്ഷിക്കാനുള്ള അഭ്യർത്ഥന മുൻ നിർത്തി  ഇതൊരുക്കിയ കലാകാരനെ പാപ്പാ അഭിനന്ദിച്ചു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യം ഈ പുൽക്കൂടും ക്രിസ്തുമസ് വൃക്ഷവും ഊട്ടിയുറപ്പിക്കട്ടെയെന്നു പറഞ്ഞ പാപ്പാ,  സിഡ്നിയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഇരകളെ സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഡിസംബർ 2025, 14:41