തിരയുക

ദിവ്യബലിമധ്യേ പാപ്പാ ദിവ്യബലിമധ്യേ പാപ്പാ   (@VATICAN MEDIA)

നീതി എല്ലായ്പ്പോഴും പാപപ്പരിഹാരത്തിന്റെയും, അനുരഞ്ജനത്തിന്റെയും പ്രക്രിയയാണ്: പാപ്പാ

തടവുകാരുടെ ജൂബിലി ആഘോഷവേളയിൽ, ഡിസംബർ മാസം പതിനാലാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. ഏകദേശം അയ്യായിരത്തിനു മുകളിൽ ആളുകൾ കർമ്മങ്ങളിൽ പങ്കെടുത്തു. വചനസന്ദേശത്തിന്റെ മലയാളപരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരങ്ങളെ, സഹോദരിമാരെ,

 തടവുകാർക്കും, തടവറ യാഥാർഥ്യത്തെ പരിപാലിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള പ്രത്യാശയുടെ ജൂബിലി ഇന്ന് നാം ആഘോഷിക്കുന്നു. വിശുദ്ധ കുർബാനയുടെ ആമുഖവചനം പറയുന്നതുപോലെ, ആഗമനകാലത്തെ മൂന്നാം ഞായറാഴ്ചയിൽ, ഏറെ അർത്ഥവത്തായ, ആരാധന ക്രമം ഗൗധേത്തെ അഥവാ സന്തോഷിക്കുക എന്ന് നിർവചിക്കുന്ന  ആഘോഷത്തിലാണ് നാം. ആരാധനാക്രമ വർഷത്തിൽ, ഇത് "സന്തോഷത്തിന്റെ ഞായറാഴ്ച" ആണ്, ഇത് കാത്തിരിപ്പിന്റെ തിളക്കമാർന്ന മാനത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: മനോഹരമായതും, സന്തോഷകരമായതുമായ എന്തെങ്കിലും സംഭവിക്കുമെന്ന ആത്മവിശ്വാസം ഇത് നമുക്ക്  നൽകുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 26 ന് ഫ്രാൻസിസ് പാപ്പാ  റെബിബിയ ജയിലിലെ, സ്വർഗ്ഗപിതാവിന്റെ ദേവാലയത്തിൽ വിശുദ്ധ വാതിൽ തുറന്നു കൊണ്ട്, പറഞ്ഞ രണ്ടു കാര്യങ്ങൾ ഇവയാണ്: പ്രത്യാശയുടെ നങ്കൂരത്തോടെയുള്ള നിങ്ങളുടെ കൈയിലെ ചരടും, ഹൃദയത്തിന്റെ വാതിലുകൾ വിശാലമായി തുറക്കുക. സ്ഥലത്തിന്റെയും കാലത്തിന്റെയും എല്ലാ തടസ്സങ്ങൾക്കപ്പുറം, നിത്യതയിലേക്ക് വിക്ഷേപിച്ച ഒരു നങ്കൂരത്തിന്റെ പ്രതിച്ഛായയെ പരാമർശിച്ചുകൊണ്ട് നമ്മെ കാത്തിരിക്കുന്ന ജീവിതത്തിൽ  വിശ്വാസം സജീവമായി നിലനിർത്താനും മെച്ചപ്പെട്ട ഭാവിയുടെ സാധ്യതയിൽ എപ്പോഴും വിശ്വസിക്കാനും അദ്ദേഹം നമ്മെ ക്ഷണിച്ചു. എന്നിരുന്നാലും, അതേ സമയം, ഉദാരഹൃദയത്തോടെ, നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ നീതിയുടെയും, ജീവകാരുണ്യത്തിന്റെയും  പ്രവർത്തകരായിരിക്കാൻ അദ്ദേഹം നമ്മെ ഉദ്ബോധിപ്പിച്ചു.

ജൂബിലി വർഷത്തിന്റെ അവസാനം അടുക്കുമ്പോൾ, പലരുടെയും ശ്രമങ്ങൾക്കിടയിലും ജയിൽ  ലോകത്ത് ഈ ദിശയിൽ  ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് നാം തിരിച്ചറിയണം, നാം കേട്ട ഏശയ്യാ പ്രവാചകന്റെ വാക്കുകൾ,  "കര്‍ത്താവിന്റെ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരുകയും ഗാനാലാപത്തോടെ സീയോനില്‍ പ്രവേശിക്കുകയും ചെയ്യും."  (ഏശ 35:10) – വീണ്ടെടുക്കുന്നവൻ  ദൈവമാണെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.  അത് നമ്മെ  സ്വാതന്ത്രമാകുന്നു.  അത്  നമുക്കെല്ലാവർക്കും പ്രധാനപ്പെട്ടതും, വെല്ലുവിളി നിറഞ്ഞതുമായ ഒരു ദൗത്യമായി തോന്നുന്നു. തീർച്ചയായും, ജയിൽ ഒരു പ്രയാസകരമായ അന്തരീക്ഷമാണ്, മികച്ച ഉദ്ദേശ്യങ്ങൾ പോലും നിരവധി തടസ്സങ്ങൾ നേരിടുന്നു. എന്നിരുന്നാലും, കൃത്യമായി ഇക്കാരണത്താൽ, നാം ക്ഷീണിതരാകുകയോ, നിരുത്സാഹപ്പെടുകയോ, പിന്നോട്ട് പോകുകയോ ചെയ്യരുത്, മറിച്ച് ദൃഢതയോടും, ധൈര്യത്തോടും, സഹകരണ മനോഭാവത്തോടും കൂടി മുന്നോട്ട് പോകണം.

വാസ്തവത്തിൽ, ഓരോ വീഴ്ചയിൽ നിന്നും ഒരാൾക്ക് എഴുന്നേൽക്കാൻ കഴിയണമെന്നും, ഒരു മനുഷ്യനും താൻ ചെയ്തതുമായി പൊരുത്തപ്പെടുന്നില്ലെന്നും, നീതി എല്ലായ്പ്പോഴും പാപപ്പരിഹാരത്തിന്റെയും,  അനുരഞ്ജനത്തിന്റെയും പ്രക്രിയയാണെന്നും ഇപ്പോഴും മനസ്സിലാക്കുന്നില്ല.

എന്നിരുന്നാലും, വികാരങ്ങളുടെ സൗന്ദര്യം, സംവേദനക്ഷമത, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള ശ്രദ്ധ, ബഹുമാനം, കരുണ, ക്ഷമിക്കാനുള്ള കഴിവ് എന്നിവ പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും സംരക്ഷിക്കപ്പെടുമ്പോൾ, കഷ്ടപ്പാടുകളുടെയും പാപത്തിന്റെയും കഠിനമായ നിലത്ത് നിന്ന് അത്ഭുതകരമായ പൂക്കൾ വിരിയുന്നു, ജയിലുകളുടെ മതിലുകൾക്കുള്ളിൽ പോലും അവരുടെ മാനവികതയിൽ അതുല്യമായ പ്രവർത്തനങ്ങൾ , പദ്ധതികൾ, കണ്ടുമുട്ടലുകൾ എന്നിവ പക്വത പ്രാപിക്കുന്നു.

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആളുകൾക്ക്, പ്രത്യേകിച്ചും തങ്ങളെയും, തങ്ങളുടെ ന്യായവും നീതിയും പ്രതിനിധീകരിക്കാനുള്ളവർക്ക്  ആവശ്യമായ സ്വന്തം വികാരങ്ങളിലും ചിന്തകളിലും പ്രവർത്തിക്കുവാനുള്ള ഇടമാണിത്.  ജൂബിലി മാനസാന്തരത്തിലേക്കുള്ള ഒരു ആഹ്വാനമാണ്,  ഈ രീതിയിൽ ഇത് പ്രത്യാശയ്ക്കും സന്തോഷത്തിനും കാരണമാണ്.

ഇക്കാരണത്താൽ, ആദ്യം യേശുവിലേക്ക്, അവന്റെ മാനവികതയിലേക്ക്, അവന്റെ രാജ്യത്തിലേക്ക്, നാം നോക്കണം. കാരണം അവിടെ, "അന്ധർക്ക് കാഴ്ച ലഭിക്കുന്നു, മുടന്തന്മാർ നടക്കുന്നു... ദരിദ്രർക്ക് സുവിശേഷം പ്രഘോഷിക്കപ്പെടുന്നു". ചിലപ്പോൾ ഈ അത്ഭുതങ്ങൾ ദൈവത്തിന്റെ അസാധാരണമായ ഇടപെടലുകളാൽ സംഭവിക്കുകയാണെങ്കിൽ, മിക്കപ്പോഴും അവ നമ്മെ, നമ്മുടെ കരുണയോടെയുള്ള ശ്രദ്ധ, വിവേകം, ഉത്തരവാദിത്തം എന്നിവയിലേക്ക് ഏൽപ്പിക്കപ്പെടുന്നു. 

ഇത് നാം കേട്ട പ്രവചനത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മെ കൊണ്ടുവരുന്നു: എല്ലാ പരിതസ്ഥിതിയിലും - ഇന്ന് ഞങ്ങൾ പ്രത്യേകിച്ചും ജയിലുകളിൽ ഊന്നിപ്പറയുന്നു - 1975 ലെ ജൂബിലി വർഷത്തിന്റെ സമാപനത്തിൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ ഊന്നി പറഞ്ഞതുപോലെ, ജീവകാരുണ്യത്തിൽ അധിഷ്ഠിതമായ ഒരു നാഗരികതയ്ക്ക്, പൊതുജീവിതത്തിന്റെ തലത്തിൽ നാം രൂപം നൽകണം. ചരിത്രത്തിന്റെ കലണ്ടർ നമ്മുടെ മുന്നിൽ തുറക്കുന്ന കൃപയുടെയും സദ്ഭാവനയുടെയും പുതിയ മണിക്കൂറിന്റെ ആരംഭമായ സ്നേഹത്തിന്റെ നാഗരികത!"

വിശുദ്ധ വർഷത്തിൽ "തങ്ങളിലും സമൂഹത്തിലും വിശ്വാസം വീണ്ടെടുക്കാൻ ആളുകളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പൊതുമാപ്പ് അല്ലെങ്കിൽ ശിക്ഷകൾ ഒഴിവാക്കൽ നൽകുക" എന്നത് തന്റെ ഔദ്യോഗിക ബൂളയിൽ ചേർത്തുകൊണ്ട് , ഫ്രാൻസിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവർക്കും പുനരേകീകരണത്തിനുള്ള യഥാർത്ഥ അവസരങ്ങൾ വാഗ്ദാനം ചെയ്യുക. പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ ആഗ്രഹം പിന്തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്കറിയാവുന്നതുപോലെ, ജൂബിലി അതിന്റെ ബൈബിൾ ഉത്ഭവത്തിൽ കൃത്യമായി കൃപയുടെ ഒരു വർഷമായിരുന്നു, അതിൽ എല്ലാവർക്കും പല തരത്തിൽ, ജീവിതം പുതുതായി ആരംഭിക്കാനുള്ള സാധ്യത വാഗ്ദാനം ചെയ്യപ്പെട്ടു.

നാം കേട്ട സുവിശേഷവും ഇതിനെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. സ്നാപകയോഹന്നാൻ , പ്രസംഗിക്കുകയും സ്നാനം നടത്തുകയും ചെയ്യുമ്പോൾ, പ്രതീകാത്മകമായി, ജോഷ്വയുടെ  കാലത്തെപ്പോലെ നദിപോലെ  പുതിയ "വാഗ്ദത്ത ദേശം" കൈവശപ്പെടുത്തുന്നതിന്, അതായത് ദൈവവുമായും സഹോദരീസഹോദരന്മാരുമായും അനുരഞ്ജനമുള്ള ഒരു ഹൃദയം കൈവശപ്പെടുത്തുന്നതിന് ഏവരെയും ക്ഷണിച്ചിരുന്നു . ഒരു പ്രവാചകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രൂപം ഈ അർത്ഥത്തിൽ വാചാലമാണ്: തന്റെ വാക്കുകളുടെ ധൈര്യം നിമിത്തം തടവിലാക്കപ്പെടുന്നതുവരെ അദ്ദേഹം സത്യസന്ധനും, കർക്കശക്കാരനും, നിഷ്കളങ്കനുമായിരുന്നു. കാറ്റിൽ ആടിയുലയുന്ന ഒരു ഞാങ്ങണ ആയിരുന്നില്ല. എങ്കിലും അതേ സമയം ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും, എന്നാൽ നവീകരണത്തിനായി പാടുപെടുന്നവരോടും  കരുണയും വിവേകവും കൊണ്ട് അവൻ  സമ്പന്നനുമായിരുന്നു.

ഇക്കാര്യത്തിൽ, വിശുദ്ധ അഗസ്റ്റിൻ,മനസാന്തപ്പെട്ട, വ്യഭിചാരിണിയായ സ്ത്രീയുടെ രംഗം വിവരിക്കുന്ന സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: "കുറ്റാരോപിതർ പോയപ്പോൾ, അവിടെ അവശേഷിച്ചത് രണ്ടു കാര്യങ്ങൾ മാത്രം: ദീനതയും, കാരുണ്യവും മാത്രം. കർത്താവ് അവളോട് പറഞ്ഞു: പോവുക, ഇനി പാപം ചെയ്യരുത്" (യോഹന്നാൻ  8:10-11).

പ്രിയ സുഹൃത്തുക്കളെ, കർത്താവ് നിങ്ങളെ ഏൽപ്പിക്കുന്ന ദൗത്യം - എല്ലാവർക്കും തടവുകാർക്കും ജയിൽ  അധികൃതർക്കും  - എളുപ്പമല്ല. നിരവധി പ്രശ്നങ്ങൾ  അഭിമുഖീകരിക്കാനുണ്ട്. സ്ഥിരമായ വിദ്യാഭ്യാസ പരിപാടികൾ ഉറപ്പുനൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മൂലം, വീണ്ടെടുപ്പിന്റെയും, തൊഴിലവസരങ്ങളുടെയും മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. വ്യക്‌തിപരമായ ജീവിതത്തിൽ ഭൂതകാലത്തിന്റെ ഭാരം, ശരീരത്തിലും ഹൃദയത്തിലും സുഖപ്പെടുത്തേണ്ട മുറിവുകൾ, നിരാശ, മാനസാന്തരത്തിന്റെ പാതകൾ ആരംഭിക്കുമ്പോൾ  തന്നോടും മറ്റുള്ളവരോടുമുള്ള ആവശ്യമായ ക്ഷമ, ക്ഷമിക്കാതിരിക്കുവാനുള്ള പ്രലോഭനം ഇവയെല്ലാം നമുക്ക് ചുറ്റുമുണ്ട്. എന്നിരുന്നാലും, ഒരു പ്രധാന കാര്യമേയുള്ളൂ എന്ന് കർത്താവ് നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു: ആരും നഷ്ടപ്പെടരുത് എല്ലാവരും  രക്ഷിക്കപ്പെടണം.

ആരും നഷ്ടപ്പെടാതിരിക്കട്ടെ! എല്ലാവരും രക്ഷിക്കപ്പെടട്ടെ! ഇതാണ് നമ്മുടെ ദൈവം ആഗ്രഹിക്കുന്നത്, ഇതാണ് അവിടുത്തെ രാജ്യം, ഇതാണ് ലോകത്തിലെ അവന്റെ പ്രവർത്തനത്തിന്റെ ലക്ഷ്യം. ക്രിസ്തുമസ്  അടുക്കുമ്പോൾ, നമുക്കും അവന്റെ സ്വപ്നത്തെ കൂടുതൽ ശക്തിയോടെ, നമ്മുടെ പ്രതിബദ്ധതയിൽ സ്ഥിരതയോടെ, വിശ്വാസത്തോടെ സ്വീകരിക്കാം. കാരണം, ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും നാം തനിച്ചല്ലെന്ന് നമുക്കറിയാം: കർത്താവ് നമ്മുടെ അടുത്തിരിക്കുന്നു, അവൻ നമ്മോടൊപ്പം നടക്കുന്നു, അവനോടൊപ്പംനമ്മുടെ ജീവിതത്തിൽ മനോഹരവും സന്തോഷകരവുമായ കാര്യങ്ങൾ സംഭവിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഡിസംബർ 2025, 14:38