തിരയുക

ലിയോ പതിനാലാമൻ പാപ്പായും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ലിയോ പതിനാലാമൻ പാപ്പായും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും  (ANSA)

തുർക്കിയിൽനിന്ന് ലെബനനിലേക്ക്: ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലികയാത്രയുടെ രണ്ടാം പാദം

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിലെ നാലും അഞ്ചും ദിവസങ്ങളെക്കുറിച്ചുള്ള വിവരണം. തുർക്കിയിലെ സന്ദർശനം അവസാനിപ്പിച്ച് പാപ്പാ, ദേവദാരുക്കളുടെ രാജ്യമെന്ന് അറിയപ്പെടുന്ന ലെബനനിലെത്തി
ശബ്ദരേഖ - തുർക്കിയിൽനിന്ന് ലെബനനിലേക്ക്: ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലികയാത്രയുടെ രണ്ടാം പാദം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ആദ്യഭാഗമായിരുന്ന തുർക്കിയിലെ ഔദ്യോഗിക പരിപാടികളിലെ അവസാന ചടങ്ങായിരുന്നു, നവംബർ 30 ഞായറാഴ്ച ഉച്ചയോടെ സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾ. ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്ന പാപ്പാ, പ്രഭാഷണം നടത്തുകയും, അവസാനം കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ​​ബർത്തലോമിയോ ഒന്നാമനൊപ്പം ഏവർക്കും എക്യൂമെനിക്കൽ ആശീർവാദം നൽകുകയും ചെയ്തു. ആശീർവാദത്തിന് ശേഷം പാപ്പാ പാത്രിയർക്കീസിനൊപ്പം ഉച്ചയ്ക്ക് ഒരുമണിയോടെ ഭക്ഷണം കഴിച്ചു.

1964 ജനുവരി 6-ന് പോൾ ആറാമൻ പാപ്പായും അന്നത്തെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് അതേനഗോറ ഒന്നാമനും തമ്മിൽ നടന്ന സംഗമത്തെത്തുടർന്ന്, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുമായി ബന്ധപ്പെട്ട് ജൂൺ 29-ന് കോൺസ്റ്റാന്റിനോപ്പിളിൽനിന്ന് റോമിലേക്കും, പാത്രിയർക്കേറ്റിന്റെ സ്വർഗ്ഗീയമാദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-ന് റോമിൽനിന്ന് കോൺസ്റ്റാന്റിനോപ്പിളിലേക്കും ഒരു പ്രതിനിധിസംഘത്തെ അയക്കുന്ന പതിവുണ്ടായിരുന്നു.

തുർക്കിയിൽനിന്ന് ലെബനനിലേക്ക്

തുർക്കിയിലെ ഏറെ മനോഹരവും അർത്ഥസംമ്പുഷ്ടവുമായ തന്റെ അപ്പസ്തോലികയാത്രയുടെ അവസാനത്തിലേക്ക് എത്തിയതിനെത്തുടർന്ന്, ഈ യാത്രയുടെ രണ്ടാം പാദമായ ലെബനനിലേക്കുള്ള സന്ദർശനത്തിനായി, എക്യൂമെനിക്കൽ പാത്രിയർക്കിന്റെ ഭവനത്തിൽനിന്നും ഒന്നേമുക്കാലോടെ പതിനേഴ് കിലോമീറ്ററുകൾ അകലെയുള്ള ഇസ്താൻബുൾ-അതാത്യുക്ക് (Istanbul-Atatürk) വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായ പാപ്പാ, രണ്ടേകാലോടെ അവിടെ എത്തി. തുർക്കി സർക്കാരിന്റെ പ്രതിനിധിയായി തന്നെ കാത്തുനിന്നിരുന്ന ഒരു മന്ത്രിക്കൊപ്പം, അവിടെയുള്ള ഒരു ഹാളിൽ പ്രവേശിച്ച പാപ്പാ, അദ്ദേഹവുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരു പ്രതിനിധിസംഘങ്ങളും പരസ്പരം അഭിവാദ്യം ചെയ്യുകയും, പാപ്പായ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകപ്പെടുകയും ചെയ്തു.

തുടർന്ന് രണ്ടേമുക്കാലോടെ പാപ്പാ ഇറ്റലിയുടെ ഈതാ എയർവെയ്സിൽ ലെബനനിലെ ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. 1.128 കിലോമീറ്ററുകൾ ഉള്ള ഈ യാത്രയിൽ തുർക്കിക്ക് പുറമെ സൈപ്രസിനും മുകളിലൂടെ യാത്ര ചെയ്താണ് പ്രാദേശികസമയം വൈകുന്നേരം മൂന്നേമുക്കാലോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം ഏഴേകാലോടെ പാപ്പാ ലെബനനിലെത്തിയത്.

തുർക്കിയിലേക്കുള്ള യാത്രയുടെ പ്രധാന വിഷയങ്ങൾ എക്യൂമെനിസവും മതാന്തരസംവാദങ്ങളുമായിരുന്നെങ്കിൽ, ലെബനനിലേക്കുള്ള യാത്രയുടെ പ്രധാന വിഷയം, അതിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ, സമാധാനമാണ്.

ലെബനനും ബെയ്‌റൂട്ടും - ചെറുചരിത്രം

മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന ലെബനൻ, "വെള്ള" എന്നർത്ഥം വരുന്ന അറമായ ഭാഷയിലെ ലാബാൻ എന്ന വാക്കിൽനിന്നാണ് അതിന്റെ പേര് സ്വീകരിക്കുന്നത്. ബൈബിളിലുൾപ്പെടെ പരാമർശിക്കപ്പെടുന്ന പുരാതന രാജ്യങ്ങളിലൊന്നാണിത്. ഭൂമിശാശ്ത്രപരമായ പ്രത്യേകതകൾ കൂടി പരിഗണിച്ച്, "കുളങ്ങൾ" എന്നർത്ഥം വരുന്ന "ബിറോട്" (bi’rot) എന്ന കനനായ വാക്കിൽനിന്നാകണം ബെയ്‌റൂട്ട് എന്ന പേര് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം സഹസ്രാബ്ദത്തിലെ ഈജിപ്ഷ്യൻ രേഖകളിൽ ഈ പേര് കാണപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുൻപ് 14-ൽ ഇത് റോമൻ കോളനിയായിരുന്നു. തുടർന്ന് മൂന്നും നാലും നൂറ്റാണ്ടുകളിൽ നിയമവിദ്യാഭ്യാസത്തിന് പേരുകേട്ട ഈ നഗരം, 551-ലെ ഭൂകമ്പങ്ങളും കടലേറ്റവും തകർത്ത ഈ നഗരത്തിൽ, 635-ൽ ഇസ്ളാം പടയാളികൾ എത്തി. 1110-ൽ ആദ്യ കുരിശുയുദ്ധം ഇവിടെ എത്തിയെങ്കിലും, 1229-ൽ മംലൂക്കുകൾ ഇത് പിടിച്ചെടുത്തു. 1516-ൽ ബെയ്‌റൂട്ട് ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലായി. 1860-കളിൽ ഈ പ്രദേശങ്ങളിൽ ക്രൈസ്തവർക്കെതിരെ വലിയ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. തുടർന്ന് ഇവിടേക്ക് പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ മിഷനറിമാർ എത്തി.

ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന് ഓട്ടോമൻ സാമ്രാജ്യം നശിപ്പിക്കപ്പെട്ടപ്പോൾ ലെബനൻ ഫ്രാൻസിന്റെ കീഴിലായി. 1920-ലാണ് ബെയ്‌റൂട്ട് രാജ്യതലസ്ഥാനമായത്. 1943-ൽ രാജ്യം സ്വതന്ത്രമായി. 1970 സെപ്റ്റംബറോടെ ജ്യോർദ്ദാനിയയിൽനിന്ന് രക്ഷപെട്ട പലസ്തീൻ പോരാളികൾ ലെബനനിൽ താവളം കണ്ടെത്തി. 1975 മുതൽ 1991 വരെ തുടർന്ന യുദ്ധം രാജ്യത്തെ സാമ്പത്തികമായി തളർത്തി.

ബെയ്‌റൂട്ടിലെ സ്വീകരണം

ബെയ്‌റൂട്ട് വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടുത്തേക്കുള്ള അപ്പസ്തോലിക നൂൺഷ്യോയും, പ്രോട്ടോകോൾ മേധാവിയും വിമാനത്തിലെത്തി അഭിവാദ്യം ചെയ്തു. ആർച്ച്ബിഷപ് പൗളോ ബോർജ്യയാണ് (H.E. Msgr Paolo Borgia) ലബനാനിലെ അപ്പസ്തോലിക നൂൺഷ്യോ. 2022 സെപ്റ്റംബറിലാണ് ഇദ്ദേഹം ഇവിടേക്ക് നിയമിതനായത്.

വിമാനത്തിൽനിന്ന് പുറത്തിറങ്ങിയ പാപ്പായെ, ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് ജോസഫ് ഔൻ (Joseph Aoun), നാഷണൽ അസ്സംബ്ലി പ്രസിഡന്റ് നബിഹ് ബെറി (Nabih Berri), പ്രധാനമന്ത്രി നവാഫ് സലാം (Nawaf Salam) എന്നിവരും അവരുടെ പങ്കാളികളും, മാറോണീത്ത പാത്രിയർക്കീസ് ബെഷാറ ബുത്രോസ് റായിയും ചേർന്ന് സ്വീകരിച്ചു. പരമ്പരാഗത വേഷം ധരിച്ച രണ്ട് കുട്ടികൾ പാപ്പായ്ക്ക് പൂക്കളും, രാജ്യത്തിൻറെ പാരമ്പര്യമനുസരിച്ച് ബ്രെഡും ജലവും നൽകി.

തുടർന്ന് ഇരു രാജ്യങ്ങളുടെയും ദേശീയഗാനം, പതാകയുയർത്താൽ തുടങ്ങിയ ഔപചാരിക ചടങ്ങുകൾ നടന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തങ്ങളുടെ സംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തി. ഇതേത്തുടർന്ന്, രാജ്യത്തെ സർക്കാർ വിഭാഗം, പാപ്പായെ വിമാനത്താവളത്തിലെ പ്രസിഡന്റിന്റെ ലോഞ്ചിലേക്ക് ആനയിക്കുകയും അവിടെ ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വൈകുന്നേരം നാലേകാലോടെ ഏവരും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കാറിൽ യാത്ര ചെയ്തു. ഏകദേശം ഒൻപത് കിലോമീറ്ററുകൾ അകലെയാണ് ബാബ്ദയിലുള്ള (Baabda) ഈ കൊട്ടാരം. 1956-ൽ പണിയപ്പെട്ട ഈ കെട്ടിടം പ്രതിരോധവകുപ്പിന്റെ മന്ത്രാലയത്താൽ ചുറ്റപ്പെട്ടതാണ്.

പ്രസിഡന്റ് ജോസഫ് ഔൻ

ഏതാണ്ട് രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2025 ജനുവരി 9-നാണ് ലെബനന്റെ പതിനാലാമത് പ്രസിഡന്റായി സേനാവിഭാഗം തലവനായിരുന്ന ജോസഫ് ഔൻ തിരഞ്ഞെടുക്കപ്പെട്ടത്. 1943-ലെ ഒരു ദേശീയ കരാർ പ്രകാരം, ഈ സ്ഥാനം ഒരു മാറോണീത്ത ക്രൈസ്തവനാണ് വഹിക്കേണ്ടത്. ഇതേ നിയമപ്രകാരം, രാജ്യത്തിൻറെ പ്രധാനമന്ത്രി, സുന്നി വിഭാഗത്തിൽപ്പെട്ട ഒരു ഇസ്ലാം മത വിശ്വാസിയും, പാർലമെന്റിന്റെ പ്രസിഡന്റ് ഷിയാ വിഭാഗത്തിൽപ്പെട്ട ഒരു ഇസ്ലാം മതവിശ്വാസിയുമാകണം. 2022 ഒക്ടോബർ 31 വരെ രാജ്യത്തിൻറെ പ്രസിഡന്റായിരുന്നത് മൈക്കിൾ ഔൻ (Michel Aoun) ആയിരുന്നു.

വൈകുന്നേരം നാലേമുക്കാലോടെ പ്രസിഡന്റിന്റെ കൊട്ടാരഗേറ്റിലെത്തിയ പാപ്പായെ, പ്രധാന വാതിൽക്കൽ വരെ കുതിരപ്പട അകമ്പടി സേവിച്ചു. അവിടെയെത്തിയ പ്രസിഡന്റും ഭാര്യയും പാപ്പായെ സ്വീകരിച്ചു. പാപ്പായ്ക്ക് രണ്ട് ചെറുപ്പക്കാർ പൂക്കൾ നൽകി. പാരമ്പര്യനൃത്തവും ചടങ്ങിനെ മോടിപിടിപ്പിച്ചു. തുടർന്ന് പ്രസിഡന്റും ഭാര്യയും പാപ്പായെ "അംബാസഡർമാരുടെ ശാലയിലേക്ക്" നയിച്ചു. അവിടെ ഔദ്യോഗികമായി ഫോട്ടോ എടുത്ത ശേഷം, ഒരു സ്വകാര്യ കൂടിക്കാഴ്ച നടന്നു. പ്രസിഡന്റ് തന്റെ കുടുംബത്തെ പാപ്പായ്ക്ക് പരിചയപ്പെടുത്തുകയും ഇരുവരും തമ്മിൽ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

തുടർന്ന് അഞ്ചേകാലോടെ പ്രസിഡന്റും കുടുംബവും ഈ ശാലയിൽനിന്ന് പിന്മാറുകയും, നാഷണൽ അസ്സംബ്ലി പ്രസിഡന്റ് നബിഹ് ബെറി പാപ്പായുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി കുടുംബത്തോടൊപ്പം അവിടേക്കെത്തുകയും ചെയ്തു.

അഞ്ചരയോടെ നാഷണൽ അസ്സംബ്ലി പ്രസിഡന്റും കുടുംബവും ഈ ശാലയിൽനിന്ന് പിന്മാറുകയും, പ്രധാനമന്ത്രി നവാഫ് സലാം കുടുംബത്തോടൊപ്പം, പാപ്പായെ കാണാൻ എത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ 27-ന് അദ്ദേഹം വത്തിക്കാനിലെത്തി പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2025 ഫെബ്രുവരി മുതൽ ലെബനന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മുൻപ് ഐക്യരാഷ്ട്രസഭയുടെ ഹൈക്കോടതി പ്രസിഡന്റായും തിരഞ്ഞടുക്കപ്പെട്ടിരുന്നു.

വൈകുന്നേരം അഞ്ചേമുക്കാലോടെ പ്രസിഡന്റും കുടുംബവും എത്തുകയും, പാപ്പാ ഒരു "സൗഹൃദത്തിന്റെ ദേവതാരു" മരം നനയ്ക്കുകയും ചെയ്തു. ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനും, മാറോണീത്ത പാത്രിയർക്കീസും സംബന്ധിച്ചു. തുടർന്ന്, വിശിഷ്ട അതിഥികൾ ഒപ്പുവയ്ക്കുന്ന ഡയറിയിൽ പാപ്പാ സന്ദേശമെഴുതി ഒപ്പിട്ടു.

പാപ്പായുടെ പൊതുകൂടിക്കാഴ്ച

വൈകുന്നേരം ആറുമണിക്ക് "മെയ് 25 ശാല" എന്ന പേരിലുള്ള ഹാളിൽ, രാഷ്ട്രീയ, മാതാധികാരികളും, വ്യവസായികളും, സാംസ്‌കാരിക-പൊതുസമൂഹങ്ങളുടെ പ്രതിനിധികളും ഉൾപ്പെടുന്ന നാനൂറോളം പേരടങ്ങുന്ന ഒരു സമൂഹത്തിനൊപ്പം പാപ്പാ കൂടിക്കാഴ്ച നടത്തി. പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് ലെബനൻ പ്രസിഡന്റ് നടത്തിയ പ്രഭാഷണത്തെത്തുടർന്ന് പാപ്പാ ലെബനനിലെ തന്റെ പ്രഥമ ഔദ്യോഗിക പ്രഭാഷണം നടത്തി.

രാഷ്ട്രീയ, സാമൂഹ്യ നേതൃത്വങ്ങളുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാപ്പാ, ഹരിസായിലുള്ള (Harissa), ദൈവമാതാവിന്റെ കർമ്മലീത്ത ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യാസിനിമാർ താമസിക്കുന്ന ആശ്രമത്തിലെത്തുകയും എളിമ,  പ്രാർത്ഥന, ത്യാഗം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്‌തു.

വൈകുന്നേരം ആറരയോടെ പാപ്പാ, അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് കാറിൽ യാത്ര ചെയ്യുകയും അത്താഴം കഴിച്ച ശേഷം വിശ്രമിക്കുകയും ചെയ്‌തു.

ഡിസംബർ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് പാപ്പാ അപ്പസ്തോലിക നൂൺഷ്യേച്ചറിൽ വിശുദ്ധ ബലിയർപ്പിച്ചു. തുടർന്ന് രാവിലെ ഒൻപത് മണിയോടെ, അവിടെനിന്ന് നാൽപ്പത് കിലോമീറ്ററുകൾ അകലെയുള്ള അന്നായയിലുള്ള (Annaya) വിശുദ്ധ മാറോണിന്റെ (Maroun) പേരിലുള്ള ആശ്രമത്തിൽ വിശുദ്ധ ഷാർബൽ മക്ലൂഫിന്റെ (Charbel Maklūf) കല്ലറ സന്ദർശിച്ച് പ്രാർത്ഥിക്കാനായി പാപ്പാ കാറിൽ യാത്രയായി.

വിശുദ്ധ ഷാർബലിന്റെ കല്ലറ

വിശ്വാസികളുടെയോ സന്ന്യാസികളുടെയോ ഗായകസംഘം എന്നർത്ഥം വരുന്ന സിറിയക് ഭാഷയിലുള്ള അന്നായ എന്ന നഗരം, ജ്ബെയ്ൽ (Jbeil) ജില്ലയിലാണുള്ളത്. ഏതാണ്ട് 1.200 മീറ്ററുകൾ ഉയരെയാണ്, മാറോണീത്ത സഭയുടെ ഈ ആശ്രമം. വിശുദ്ധ ഷാർബെൽ ജനിച്ച 1828-ലാണ് ഇവിടെ ആദ്യമായി ഒരു ആശ്രമം പണിയപ്പെട്ടത്. തുടർന്ന് ഇതിനോടടുത്ത് വിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ പേരിൽ ചെറിയൊരു ആശ്രമ കെട്ടിടം കൂടി പണിയപ്പെട്ടിരുന്നു. തന്റെ മൂന്നാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട യൂസഫ് (Youssef), തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ മെയ്ഫുക്കിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള ആശ്രമത്തിൽ ചേർന്നു. തുടർന്ന് 1859-ൽ ലെബനനിലെ മാറോണീത്ത സഭയിൽ വൈദികനായ അദ്ദേഹം 15 വർഷങ്ങളോളം അന്നായയിലും, തുടർന്ന്, വിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ പേരിലുള്ള സന്ന്യാസഭവനത്തിൽ 23 വർഷങ്ങളും ജീവിച്ചു. 1898 ഡിസംബർ 16-ന് വിശുദ്ധ ബലിയർപ്പിക്കുന്നതിനിടെ തളർന്നുപോയ അദ്ദേഹം എട്ട് ദിവസത്തെ കടുത്ത സഹനങ്ങൾക്ക് സൈസ്‌കൻ ഡിസംബർ 24-ന് മരണമടഞ്ഞു. മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ കല്ലറ സന്ദർശിച്ചവർക്ക് സൗഖ്യം ലഭിക്കുകയും, നിരവധി മറ്റ് അടയാളങ്ങൾ കാണപ്പെടുകയും ചെയ്തതിനെത്തുടർന്ന്, വിവിധ മതസ്ഥരായ ആളുകൾ ഇവിടേക്ക് എത്തുകയായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാനത്തിനടുത്ത്, 1965 ഡിസംബർ 5-ന് ഷാർബൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതോടെ, അവിടെഎത്തുന്ന അനേകം വിശ്വാസികളെ മുന്നിൽക്കണ്ട് ഒരു പുതിയ ദേവാലയത്തിന്റെ പണിയാരംഭിച്ചു. 1974-ലാണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. പോൾ ആറാമൻ പാപ്പാ 1977-ൽ ഷാർബൽ മക്ലൂഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകളാണ് വിശുദ്ധന്റെ കല്ലറയിൽ പ്രാർത്ഥിക്കാനായെത്തുന്നത്.

വിശുദ്ധ ഷാർബലിന്റെ കല്ലറ ഉൾക്കൊള്ളുന്ന ആശ്രമത്തിനടുത്തെത്തിയ പാപ്പായെ, ആശ്രമത്തിന്റെ സുപ്പീരിയറും, മാറോണീത്ത സഭയുടെ ജനറൽ സുപ്പീരിയറും ചേർന്ന് സ്വീകരിച്ചു. കപ്പേളയിലേക്ക് എത്തുന്നതിന് മുൻപ്, രാജ്യത്തിൻറെ പ്രസിഡന്റും ഭാര്യയും പാപ്പായെ അഭിവാദ്യം ചെയ്തു.

ഗാനാലാപനത്തിനും, കല്ലറയ്ക്കരികിൽ നിശബ്ദമായ പ്രാർത്ഥനയ്ക്കും ശേഷം ഒരു തിരി തെളിക്കപ്പെട്ടു. തുടർന്ന് ലബനാനിലെ മാറോണീത്ത സുപ്പീരിയർ ജനറൽ ആബട്ട് മഹ്ഫൂസ് ഹാദി (Rev. Mahfouz Hady) പാപ്പായെ സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് പാപ്പാ ഏവരെയും അഭിവാദനം ചെയ്ത് തന്റെ പ്രഭാഷണം നടത്തി. പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് ശേഷം, ഫ്രഞ്ച് ഭാഷയിൽ വിശുദ്ധ ഷാർബലിനോടുള്ള പ്രാർത്ഥനയും, സമാപന ആശീർവാദവും ഉണ്ടായിരുന്നു. തുടർന്ന് പാപ്പാ, അവിടെയുള്ള മ്യൂസിയം സന്ദർശിച്ചു.

ഹരിസായിലുള്ള പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രം

പത്തരയോടെ പാപ്പാ, ഹരിസായിലുള്ള ലബനനിലെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രം സന്ദർശിക്കാനായി കാറിൽ യാത്രയായി.

അന്നായയിൽനിന്ന് ഏതാണ്ട് നാല്പത്തിരണ്ട്‍ കിലോമീറ്ററുകൾ അകലെയുള്ള ഈ മരിയൻ ഭക്തികേന്ദ്രം, കിസ്രാവാൻ (Kisrawan) ജില്ലയിലെ ഹരിസാ നഗരത്തിലാണുള്ളത്. അമലോത്ഭവ എന്ന വിശ്വാസസത്യം പ്രഖ്യാപിക്കപ്പെട്ടതിന്റെ അൻപതാം വാർഷികത്തിൽ 1904-ലാണ് ഈ തീർത്ഥാടനകേന്ദ്രം പണി ചെയ്യപ്പെട്ടത്. 1908 മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇത് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. ഫ്രാൻസിലെ ലിയോണിൽ ഉരുക്കി പണിതെടുത്ത് ചെമ്പിലുള്ള ഈ പ്രതിമയ്ക്ക് എട്ടര മീറ്റർ ഉയരവും, ഏതാണ്ട് 15 ടൺ ഭാരവുമുണ്ട്. ഇത് സ്ഥാപിച്ചിരിക്കുന്ന തറയുൾപ്പെടെ 21 മീറ്റർ ഉയരമാണ് കണക്കാക്കപ്പെടുന്നത്. ലെബനൻ മിഷനറി സഭയുടെ മേൽനോട്ടത്തിലുളള ഈ തീർത്ഥാടനകേന്ദ്രം, മദ്ധ്യപൂർവ്വദേശങ്ങളിലെ ഏറ്റവും പ്രധാന മരിയൻ ഭക്തികേന്ദ്രമാണ്. ഇസ്ലാം മതവിശ്ശ്വസികളുൾപ്പെടെ നിരവധിയാളുകൾ വർഷം മുഴുവനും എത്തുന്ന ഈ തീർത്ഥാടനകേന്ദ്രത്തിനടുത്ത് 1993-ൽ പുതിയൊരു ബസലിക്ക പണിയപ്പെട്ടു. ഇതിൽ, 1992 മാർച്ച് 22-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വെഞ്ചരിച്ച, ലൂർദ്ദ് മാതാവിന്റെ സ്വരൂപത്തിന്റെ ഒരു പകർപ്പുമുണ്ട്.

രാവിലെ പതിനൊന്ന് ഇരുപതോടെ ഹരിസായിലെ, ലെബനന്റെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിലെത്തിയ പാപ്പായെ, ബെയ്‌റൂട്ടിലെ ലത്തീൻ അപ്പസ്തോലിക വികാരിയും ലെബനൻ മിഷനറി സഭയുടെ സുപ്പീരിയറും, തീർത്ഥാടനകേന്ദ്രം റെക്ടറും ചേർന്ന് സ്വീകരിച്ചു. റെക്ടർ പാപ്പയ്ക്ക് കുരിശും ഹന്നാൻവെള്ളവും നൽകി. തുടർന്ന് തീർത്ഥാടനകേന്ദ്രത്തിൽ പ്രവേശിച്ച പാപ്പായെ അർമേനിയൻ ചിലിച്യ പാത്രിയർക്കീസ് റഫായേൽ ബെദ്രോസ്‌ ഇരുപത്തിയൊന്നാമൻ മിനാസ്സ്യാൻ (Raphaël Bedros XXI Minassian - Patriarchate of Cilicia) സ്വീകരിച്ചു.

തുടർന്ന് നടന്ന പൊതു ചടങ്ങിൽ, നിരവധി ഗാനങ്ങൾ ആലപിക്കപ്പെടുകയും സാക്ഷ്യങ്ങൾ നൽകപ്പെടുകയും ചെയ്തു. അർമേനിയൻ ചിലിച്യ പാത്രിയർക്കീസ് പാപ്പായെ സ്വാഗതം ചെയ്ത് പ്രഭാഷണം നടത്തി.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ, യേശു മറിയത്തെ യോഹന്നാന് അമ്മയായി നൽകുന്ന സംഭവത്തെക്കുറിച്ചുള്ള ഭാഗം (യോഹ. 19, 25-27) വായിക്കപ്പെട്ടു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം പാപ്പാ, പരിശുദ്ധ അമ്മയ്ക്ക് ഒരു സ്വർണ്ണ റോസാപ്പൂവ് സമർപ്പിക്കുകയും, മറിയത്തിന്റെ സ്തോത്രഗീതം ആലപിക്കപ്പെടുകയും ചെയ്തു. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ ഏവർക്കും ആശീർവാദം നൽകി.

"തെലെ ലൂമിയേർ" നൂർസാതിലെ (Tele Lumiére and Noursat) "സമാധാനത്തിന്റെ നഗരത്തിന്" വേണ്ടിയുള്ള മൂലക്കല്ല് ആശീർവദിച്ച ശേഷമാണ് പാപ്പാ തിരികെ കാറിൽ നൂൺഷ്യേച്ചറിലേക്ക് യാത്രയായത്.

പാത്രിയർക്കീസുമാർക്കൊപ്പം സമ്മേളനവും ഭക്ഷണവും

നൂൺഷ്യേച്ചറിലെത്തിയ പാപ്പാ, സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീൻ (Card. Pietro Parolin), പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി (Card. Claudio Gugerotti) എന്നിവർക്കൊപ്പം, പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാരുടെ കൗൺസിലിന് കൂടിക്കാഴ്ച അനുവദിക്കുകയും, തുടർന്ന്, അവർക്കും, പ്രദേശത്തെ ഓർത്തഡോക്സ് പാത്രിയർക്കീസുമാർക്കും, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹിനും (Card. Kurt Koch) ഒപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഡിസംബർ 2025, 12:40