തിരയുക

പാപ്പാ ആശീർവദിക്കുന്നു പാപ്പാ ആശീർവദിക്കുന്നു  (ANSA)

രോഗികൾ ദൈവത്തിന്റെ ഹൃദയത്തിൽ സ്ഥാനം നേടിയിരിക്കുന്നു: പാപ്പാ

മാനസിക വൈകല്യമുള്ളവരും, മാനസികരോഗികളുമായ സഹോദരങ്ങളെ ദിവസവും പരിചരിക്കുന്ന ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി ക്രോസ് നടത്തുന്ന ബെയ്‌റൂട്ടിലെ, ദെ ല ക്രോവ (“de la Croix”) ആശുപത്രിയിൽ ലിയോ പതിനാലാമൻ പാപ്പാ, ഡിസംബർ മാസം രണ്ടാം തീയതി സന്ദർശനം നടത്തി.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

താൻ ഏറെ ആഗ്രഹിച്ചിരുന്നതാണ്,  ബെയ്‌റൂട്ടിലെ, ദെ ല ക്രോവ (“de la Croix”) ആശുപത്രിയിലെ സന്ദർശനം എന്നത് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. രോഗികളായവരിലും,  പരിചരിക്കുന്നവരിലും, സമർപ്പിതരിലും, ഡോക്ടർമാരിലും, എല്ലാ ആരോഗ്യ പ്രവർത്തകരിലും, ജീവനക്കാരിലും യേശു വസിക്കുന്നു എന്നതാണ് ഇതിനു കാരണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. തന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും രോഗങ്ങളാൽ വലയുന്ന എല്ലാവരും ഉണ്ടെന്ന് ഉറപ്പുനൽകാനും താൻ  ആഗ്രഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. പാപ്പയെ വരവേറ്റുകൊണ്ട് ആലപിച്ച ഗാനം, പ്രത്യാശയുടെ സന്ദേശം പകരുന്നതാണെന്നു പറഞ്ഞുകൊണ്ട് , അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു.

ദാനധർമ്മത്തിന്റെ അശ്രാന്തമായ അപ്പോസ്തലനായ, വാഴ്ത്തപ്പെട്ട ഫാദർ ജാക്വസ് സ്ഥാപിച്ച ഈ ആശുപത്രിയിൽ ആയിരിക്കുമ്പോൾ, ദരിദ്രരോടും ഏറ്റവും കഷ്ടപ്പെടുന്നവരോടും ഉള്ള സ്നേഹത്തിൽ പ്രകടമായ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയെ അനുസ്മരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. അദ്ദേഹം സ്ഥാപിച്ച സമർപ്പിത സമൂഹം ഈ സേവനം മുൻപോട്ടു കൊണ്ടുപോകുന്നതിൽ പാപ്പാ സന്തുഷ്ടി  പ്രകടിപ്പിക്കുകയും, സന്തോഷത്തോടെയും അർപ്പണബോധത്തോടെയും നിർവഹിക്കുന്ന ദൗത്യത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു.

പ്രാർത്ഥനാവേളയിൽ
പ്രാർത്ഥനാവേളയിൽ   (ANSA)

ആശുപത്രിയിലെ വിവിധ ജീവനക്കാരെയും പാപ്പാ അഭിവാദ്യം ചെയ്തു. അവരുടെ കരുതലും പരിചരണവും  ക്രിസ്തുവിന്റെ അനുകമ്പാപൂർണമായ സ്നേഹത്തിന്റെ വ്യക്തമായ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ കാരണം ക്ഷീണം തോന്നാമെങ്കിലും, ഈ സേവനത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തരുതെന്നും, ചെയ്യാൻ സാധിക്കുന്ന നന്മകൾ നിറവേറ്റുവാനും ഏവരെയും ആഹ്വാനം ചെയ്തു.

ദാരിദ്ര്യത്തിന്റെയും ദുർബലതയുടെയും  സാഹചര്യങ്ങൾ അവഗണിച്ചുകൊണ്ട്,  ക്ഷേമത്തിന്റെ തെറ്റായ മിഥ്യാധാരണകളിൽ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തെ സഭയ്ക്ക് ഒരിക്കലും ഉൾക്കൊള്ളുവാൻ സാധിക്കില്ലെന്നതിന്റെ തെളിവാണ് ഈ ആതുരാലയം എന്നും പാപ്പാ എടുത്തു പറഞ്ഞു. ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിൽ കർത്താവിന്റെ പീഡാസഹനങ്ങളെ കാണണമെന്നും, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനത്തിന്റെ വെളിച്ചത്തിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

 "രോഗികളായ നിങ്ങൾ നമ്മുടെ പിതാവായ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു", പാപ്പാ പറഞ്ഞു. പിതൃതുല്യമായ ദൈവത്തിന്റെ സ്നേഹം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഡിസംബർ 2025, 10:57