തിരയുക

ലിയോ പതിനാലാമൻ പാപ്പാ റോം രൂപതയിലെ വൈദികർക്കനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന് ലിയോ പതിനാലാമൻ പാപ്പാ റോം രൂപതയിലെ വൈദികർക്കനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന്  (@Vatican Media)

പരസ്പരസഹകരണത്തോടെ സുവിശേഷമറിയിക്കാൻ പുരോഹിതരെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

മതപരമായ ജീവിതം പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, പരസ്പര സഹകരണത്തോടെയും പിന്തുണയോടെയും സുവിശേഷപ്രഘോഷണം നടത്താനും ആളുകളെ ക്രിസ്തുവിലേക്കടുപ്പിക്കാനും വൈദികരെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. റോം രൂപതയിലെ വൈദികർക്ക് ഫെബ്രുവരി 19-ന് അനുവദിച്ച പൊതുകൂടിക്കാഴ്ചയിലാണ് പുരോഹിതർക്കിടയിലുണ്ടാകേണ്ട സഹകരണമനോഭാവത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പൗരോഹിത്യവിളിയിലൂടെ ലഭിച്ചിട്ടുള്ള സുവിശേഷപ്രഘോഷണനിയോഗം മറ്റു പുരോഹിതരുമായുള്ള സഹകരണത്തോടെ കുറവില്ലാതെ തുടരാൻ വൈദികരെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. താൻ മെത്രാനായിരിക്കുന്ന റോം രൂപതയിലെ വൈദികർക്ക് ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലാണ്, സമർപ്പിതർക്കിടയിലുണ്ടാകേണ്ട സഹകരണത്തിന്റെയും ശക്തമായ  സുവിശേഷപ്രഘോഷണത്തിന്റെയും ആവശ്യകതകൾ പാപ്പാ പ്രത്യേകമായി എടുത്തുപറഞ്ഞത്.

സുവിശേഷം ലോകത്തോട് വിളിച്ചുപറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, യുവജനങ്ങൾ ഉൾപ്പെടെയുള്ള വിശ്വാസികൾ വിവിധ കാരണങ്ങൾ മൂലം സഭയിൽനിന്ന് അകലുകയും, ജീവിതത്തിൽ ലക്ഷ്യബോധമില്ലാതെ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ, തങ്ങളിലെ വിളിയുടെ പ്രകാശം മറ്റുള്ളവർക്ക് പ്രത്യാശയുടെ ചക്രവാളമെന്ന രീതിയിൽ തിളങ്ങാൻ വൈദികർ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. മതപരമായ ആചാരങ്ങളുടെയും പ്രവൃത്തികളുടെയും കാര്യത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിലെന്നപോലെ റോമിലും നിലനിൽക്കുന്ന കുറവുകൾ പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചിരുന്നു.

ഉത്തരമില്ലാത്ത ചോദ്യങ്ങളുടെയും നിരവധി പ്രതിബന്ധങ്ങളുടയെയും മുന്നിലായിരിക്കുന്ന ആളുകൾക്ക് നിർദ്ദേശങ്ങളും ലക്ഷ്യബോധവും നൽകാനുതകുന്ന വിധത്തിൽ ആളുകളുമായി ബന്ധം കാത്തുസൂക്ഷിക്കേണ്ടതിന്റെയും അവരെ ശ്രവിക്കേണ്ടതിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. വിദ്യാഭ്യാസമേഖലയിലായിരിക്കുന്ന യുവജനങ്ങൾക്കിടയിൽ പുരോഹിതരുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതിന്റെയും അവരുമായുള്ള ആശയകൈമാറ്റത്തിന്റെയും ആവശ്യകതയും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

പരമ്പരാഗതമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിസംഗതയോടെ അജപാലനം തുടരുക എന്നതിൽനിന്ന്, ദൈവകൃപകൾ ക്രിയാത്മകമായി സ്വീകരിക്കുകയും പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് ദൈവികപ്രവർത്തനത്തിൽ സജീവസഹകാരികളാകുക എന്നതിലേക്ക് വളരേണ്ടതുണ്ടെന്നും, പുരോഹിതർക്കിടയിൽ സഹകരണമനോഭാവം കൂടുതലായി വളർന്നുവരേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സംഘർഷങ്ങളും അദ്ധ്വാനഭാരവും മൂലം പുതുതലമുറകളിൽ ഉണ്ടായേക്കാവുന്ന ക്ഷീണവും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന നവപുരോഹിതരെ പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, കർത്താവുമായുള്ള ബന്ധത്തിൽ വിശ്വസ്തതയോടെ തുടരാൻ അവരെ ക്ഷണിച്ചു. പൗരോഹിത്യസഹോദര്യം ജീവിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഫെബ്രുവരി 2026, 13:39