തിരയുക

കാത്തലിക് ഫൗണ്ടേഷൻ അംഗങ്ങൾക്ക് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച്ച അനുവദിച്ചപ്പോൾ കാത്തലിക് ഫൗണ്ടേഷൻ അംഗങ്ങൾക്ക് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച്ച അനുവദിച്ചപ്പോൾ  (@Vatican Media)

സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ "കത്തോലിക്കാ പ്രസ്ഥാനം" നൽകുന്ന സേവനങ്ങൾ തുടരുക: ലിയോ പതിനാലാമൻ പാപ്പാ

1896-ൽ ഇറ്റലിയിലെ വെറോണയിൽ ആരംഭിച്ച "കാത്തലിക് ഇൻഷുറൻസ് സൊസൈറ്റി" യും, അതിന്റെ ഭാഗമായി ഇരുപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച "കാത്തലിക് ഫൗണ്ടേഷനും" ചെയ്തുവന്നിരുന്ന സേവനങ്ങൾ തുടരാൻ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. കത്തോലിക്കാ പ്രസ്ഥാനത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് മാർച്ച് 13-ന് വെള്ളിയാഴ്ച്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സംഘടന ചെയ്യുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയിലെ പൊതുസമൂഹത്തിൽ കത്തോലിക്കരുടെ സജീവസാന്നിദ്ധ്യവും സേവനവും ഉറപ്പാക്കുന്നതിൽ,  "കാത്തലിക് ഇൻഷുറൻസ് സൊസൈറ്റി" യും, "കാത്തലിക് ഫൗണ്ടേഷനും" ചെയ്യുന്ന പങ്കിനെ അഭിനന്ദിച്ച് ലിയോ പതിനാലാമൻ പാപ്പാ. കത്തോലിക്കാ പ്രസ്ഥാനത്തിന്റെ അംഗങ്ങൾക്ക് മാർച്ച് 13 വെള്ളിയാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് ഇരു പ്രസ്ഥാനങ്ങളുടെയും സ്ഥാപനത്തെയും, അവ നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും പരിശുദ്ധപിതാവ് പരാമർശിച്ചത്.

ലിയോ പതിമൂന്നാമൻ പാപ്പാ “റേരും നൊവാരും” എന്ന ചാക്രികലേഖനത്തിലൂടെ നൽകിയ ആഹ്വാനം കൈക്കൊണ്ട്, സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി കത്തോലിക്കർ സാമ്പത്തിക രംഗത്ത് ഒരുമിച്ച് വന്നതിന്റെ ഭാഗമായിരുന്നു നിലവിലെ കത്തോലിക്കാ പ്രസ്ഥാനവും, അതിന് മുൻപുണ്ടായ കാത്തലിക് ഇൻഷുറൻസ് സൊസൈറ്റിയുമെന്ന് പാപ്പാ അനുസ്മരിച്ചു. കൂടുതൽ ദുർബലമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കും, സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും സഹായമെത്തിക്കാൻ ഈ സംഘടനയ്ക്കായിട്ടുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ യുവജനങ്ങൾക്ക് നൽകിവരുന്ന സഹായങ്ങളും പിന്തുണയും തുടരാൻ പരിശുദ്ധ പിതാവ് സംഘടനാ നേതൃത്വത്തെ ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തിരുഹൃദയത്തിന്റെ നാമത്തിൽ മിലാനിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയോട് ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളും പാപ്പാ പ്രത്യേകം പരാമർശിച്ചു.

"സഭയുടെ സാമൂഹികതത്വങ്ങളുടെ ആഘോഷം" എന്ന പേരിലുള്ള സംരംഭത്തിന് കഴിഞ്ഞ വർഷങ്ങളിൽ കത്തോലിക്കാ പ്രസ്ഥാനം നൽകി വന്നിരുന്ന പിന്തുണ അനുസ്മരിച്ച പരിശുദ്ധ പിതാവ്, ഫ്രാൻസിസ് പാപ്പായ്ക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു അതെന്ന് കൂട്ടിച്ചേർത്തു.

സുവിശേഷാത്മകമായ ശൈലിയിൽ, ലക്ഷ്യവും മാർഗ്ഗവും തമ്മിൽ ചേർച്ചയുള്ള സേവനപ്രവർത്തങ്ങളുമായി മുന്നോട്ട് പോകാൻ സംഘടനാംഗങ്ങളെ ക്ഷണിച്ച പാപ്പാ, വാഴ്ത്തപ്പെട്ട ജ്യുസേപ്പേ തൊണിയോളോയുടെ ഉദ്ബോധനങ്ങൾ നിങ്ങൾക്ക് പ്രേരണയാകട്ടെയെന്ന് ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2026, 12:39