തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

മദ്ധ്യപൂർവ്വദേശങ്ങളിലെ യുദ്ധഭീകരത ഉടൻ അവസാനിപ്പിക്കണം: ലിയോ പതിനാലാമൻ പാപ്പാ

ലെബനനിലുൾപ്പെടെ, മദ്ധ്യപൂർവ്വദേശങ്ങളിലെ സാധാരണജനജീവിതം ദുരിതപൂർണ്ണമാക്കി തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ. നീതിയും സ്ഥിരതയും സമാധാനവും ഉറപ്പാക്കാൻ അക്രമം സഹായിക്കില്ലെന്ന് മാർച്ച് പതിനഞ്ച് ഞായറാഴ്ച വത്തിക്കാനിൽ ഉച്ചയ്ക്ക് പ്രാർത്ഥന നയിച്ച വേളയിൽ പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യപൂർവ്വദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന യുദ്ധഭീകരത അവസാനിപ്പിക്കാൻ അവയ്ക്ക് കാരണമായവർ തയ്യാറാകണമെന്നും വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, മാർച്ച് പതിനഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആയിരക്കണക്കിന് ജനങ്ങൾക്കൊപ്പം പ്രാർത്ഥന നയിച്ച വേളയിലാണ് സമാധാനത്തിനും സംവാദത്തിനും പരിശുദ്ധ പിതാവ് ഏവരെയും ക്ഷണിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചകളായി മദ്ധ്യപൂർവ്വദേശങ്ങളിലെ ജനങ്ങൾ അതികഠിനമായ യുദ്ധഭീകരതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ആയിരക്കണക്കിന് നിഷ്കളങ്കരായ മനുഷ്യരാണ് ഇതിനോടകം കൊല്ലപ്പെട്ടതെന്ന് പ്രസ്താവിച്ചു. അതിലധികം ആളുകൾ തങ്ങളുടെ ഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സ്‌കൂളുകൾ ആശുപത്രികൾ ജനവാസകേന്ദ്രങ്ങൾ തുടങ്ങി നിരവധി ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് തന്റെ പ്രാർത്ഥനകളും സാമീപ്യവും വീണ്ടുമൊരിക്കൽക്കൂടി പരിശുദ്ധ പിതാവ് വാഗ്ദാനം ചെയ്തു. മാർച്ച് പതിനൊന്ന് ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും, ഇത്തരമൊരു വാഗ്ദാനം പരിശുദ്ധപിതാവ് നടത്തിയിരുന്നു.

ലെബനനിലെ സ്ഥിതിഗതികൾ വളരെ ആശങ്കയുണർത്തുന്നതാണെന്ന് പ്രസ്താവിച്ച പാപ്പാ, പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംവാദത്തിന്റെ മാർഗ്ഗം മുന്നോട്ടുവച്ചു. ഇറാനിലും മധ്യപൂർവ്വദേശങ്ങളിൽ മുഴുവനിലും സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞ ബുധനാഴ്ചയും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരുന്നു.

നിലവിലെ സംഘർഷങ്ങൾക്ക് ഉത്തരവാദികളായവരെ, സന്മനസ്സുള്ള ഏവരുടെയും, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവരുടെ പേരിൽ വെടിനിറുത്തലിന് ക്ഷണിച്ച പാപ്പാ, നീതിയും സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനായി സംവാദത്തിന്റെ മാർഗ്ഗം പുനഃരാരംഭിക്കാൻ അഭ്യർത്ഥിച്ചു. നീതിയും സമാധാനവും സ്ഥിരതയും അക്രമത്തിന്റെ പാതയിലൂടെ നേടാനാകില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മാർച്ച് 2026, 13:02