ജനതയുടെ ശബ്ദം ശ്രവിക്കുന്ന ചർച്ചകൾ ഉണ്ടാകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മാർച്ചു മാസം എട്ടാം തീയതി ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം, സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ക്ഷണിച്ചു. ഇറാനിൽ നിന്നും, മധ്യപൂർവേഷ്യയിൽ നിന്നും വരുന്ന വാർത്തകൾ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും, ഈ സംഘർഷങ്ങൾ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുമോ എന്ന ഭയം ഏവരെയും പരിഭ്രാന്തിയിൽ ആഴ്ത്തുന്നുവെന്നും പാപ്പാ പറഞ്ഞു. ഇത്, ലെബനൻ ഉൾപ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങളെ വീണ്ടും അസ്ഥിരതയിലേക്ക് നയിക്കുമെന്നതും പാപ്പാ എടുത്തു പറഞ്ഞു.
അതിനാൽ ബോംബുകളുടെ ഗർജ്ജനം അവസാനിപ്പിക്കുവാനും, ആയുധങ്ങൾ നിശ്ശബ്ദമാക്കപ്പെടുവാനും, ജനങ്ങളുടെ ശബ്ദം ശ്രവിക്കുവാനും കഴിയുന്ന ചർച്ചകൾക്ക് ഇടം തുറക്കുവാനും നമുക്ക് കർത്താവിനോട് താഴ്മയോടെ പ്രാർത്ഥിക്കാമെന്നു പാപ്പാ ആഹ്വാനം ചെയ്തു. യുദ്ധം നിമിത്തം കഷ്ടപ്പെടുന്നവർക്കും, അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും പാതയിൽ ഹൃദയങ്ങളെ അനുഗമിക്കുവാനും സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തിനു ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
തുടർന്ന്, മാർച്ചു മാസം എട്ടാം തീയതി ആഘോഷിക്കുന്ന ആഗോള വനിതാ ദിനത്തിന്റെ ആശംസകളും പാപ്പാ ഏവർക്കും നേർന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, പുരുഷന്റെയും സ്ത്രീയുടെയും തുല്യ അന്തസ്സ് അംഗീകരിക്കുന്നതിനുള്ള സുവിശേഷാത്മകമായ പ്രതിബദ്ധത പാപ്പാ വീണ്ടും പുതുക്കി. പല സ്ത്രീകളും ഇപ്പോഴും വിവേചനം നേരിടുകയും വിവിധ തരത്തിലുള്ള അക്രമങ്ങൾ അനുഭവിക്കുകയും ചെയ്യുന്നുവെന്നത് സത്യമാണെന്നും, അവർക്ക് തന്റെ പ്രാർത്ഥനകളും, ഐക്യദാർഢ്യവും അറിയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
