തിരയുക

ആതിഥേയത്വമൂല്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ആതിഥേയത്വമൂല്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

നന്മയും സാഹോദര്യവും സാമീപ്യവും പങ്കുവച്ച് ആതിഥേയത്വം വളർത്തുക: ലിയോ പതിനാലാമൻ പാപ്പാ

തിരുക്കുടുംബത്തിന്റെ മാതൃക സ്വന്തമാക്കാനും, സഭയിലും സമൂഹത്തിലും നന്മയും സാഹോദര്യവും പ്രോത്സാഹിപ്പിക്കാനും, "ആതിഥേയത്വത്തിന്റെ ആസ്ഥാനം" എന്ന പേരിൽ നടന്ന സമ്മേളനത്തിൽ സംബന്ധിച്ചവരോട് ലിയോ പതിനാലാമൻ പാപ്പാ. മാർച്ച് 12 വ്യാഴാഴ്ചയാണ് വിവിധ സഭാത്മകസംഘടനകളെ ഉൾക്കൊള്ളുന്ന ഈ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്‌ച അനുവദിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയിലും സമൂഹത്തിലും നന്മയും സാഹോദര്യവും വളർത്തുന്നതിന് പരിശ്രമിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഐക്യദാർഢ്യത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി പരിശ്രമിക്കുന്ന "ആതിഥേയത്വത്തിന്റെ ആസ്ഥാനം" എന്ന പേരിൽ വിവിധ സഭാത്മകസംഘടനകൾ ചേർന്ന് റോമിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് മാർച്ച് 12 വ്യാഴാഴ്ച്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ നടത്തിയത്.

മറ്റുള്ളവരെ സ്വീകരിക്കുന്നതിനുള്ള കഴിവിൽനിന്നാണ് ക്രൈസ്തവമായ ഐക്യം ഉണ്ടാകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെയും, അവർക്ക് ആതിഥേയത്വവും സഹായസഹകരണങ്ങളും നല്കുന്നതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും സഭയുടെയും സമൂഹത്തിന്റെയും ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങൾക്കുള്ള പങ്കും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

തങ്ങളുടെ സമയവും അറിവുകളും അനുഭവജ്ഞാനവും മൂല്യങ്ങളും പങ്കുവച്ചുകൊണ്ട്, മറ്റുള്ളവരുമായി സഹകരണ മനോഭാവത്തിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധപിതാവ് യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ദേവാലയത്തിൽ വച്ച് ഉണ്ണിയേശുവിനെ കാണാതാകുന്നതും, പിന്നീട് കണ്ടുമുട്ടുന്നതുമായ സംഭവം പരാമർശിച്ചുകൊണ്ട്, നമ്മുടെ ജീവിതത്തിലെ മറ്റുള്ളവരുടെ സാന്നിദ്ധ്യം എന്നത് തനിയെ ഉണ്ടാകുന്ന ഒന്നല്ലെന്നും, അത് തുടർച്ചയായ അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അവർ എത്രമാത്രം അമൂല്യരായിരുന്നുവെന്ന് നാം മനസ്സിലാക്കുകയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശ്വാസജീവിതവുമായി ബന്ധപ്പെട്ടും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് പ്രസ്താവിച്ച പാപ്പാ, നമ്മുടെ ജീവിതത്തിലെ യേശുവിന്റെ സാന്നിദ്ധ്യവും, അതില്ലാതാകുമ്പോഴാണ് പലപ്പോഴും നാം തിരിച്ചറിയുന്നതെന്ന് യുവജനങ്ങളോട് പറഞ്ഞു. യേശുവല്ല, നമ്മളാണ് അവനിൽ നിന്ന് അകന്നുപോകുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വിശുദ്ധ യൗസേപ്പിൽ നാം കണ്ടെത്തുന്നത് സ്വീകാര്യതയുടെയും സംരക്ഷണത്തിന്റെയും മാതൃകാപരവും ശക്തവുമായ മാതൃകയാണെന്നും പാപ്പാ പറഞ്ഞു. മറ്റുള്ളവരുടെ തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും മാനിക്കാനും, അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള വിളിയാണ് വിശുദ്ധനിൽ നാം കണ്ടെത്തുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാറി നിന്നുകൊണ്ടല്ല സംരക്ഷിക്കുന്നതെന്നും, മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ നാം അവരുടെ ജീവിതത്തിൽ സന്നിഹിതരല്ലെന്ന സന്ദേശമാണ് നൽകുന്നതെന്നും പാപ്പാ പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മാർച്ച് 2026, 13:06