മാധ്യമപ്രവർത്തകർ തങ്ങളുടെ ആധികാരികത ഉറപ്പാക്കുക, വായനക്കാരെയും ജീവനക്കാരെയും മാനിക്കുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പത്രമാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ തങ്ങളുടെ ആധികാരികത കാത്തുസൂക്ഷിക്കണമെന്നും, പത്രപ്രവർത്തനമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും പത്രം വായനക്കാരെയും മാനിക്കുന്ന രീതിയിലുള്ള നയം സ്വീകരിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഒന്നര നൂറ്റാണ്ട് മുൻപ്, 1876-ൽ മിലാനിൽ ആരംഭിച്ച "കൊറിയേരെ ദെല്ല സേര" എന്ന പത്രത്തിന്റെ നൂറ്റിയൻപതാം സ്ഥാപനവാർഷികവുമായി ബന്ധപ്പെട്ട് ഡയറക്ടർക്കയച്ച ഒരു ആശംസാസന്ദേശത്തിലാണ്, പത്രപ്രവർത്തനമുൾപ്പെടെ മുഴുവൻ മാധ്യമമേഖലകളിലും ഉണ്ടാകേണ്ട മൂല്യങ്ങളിലേക്ക് ലിയോ പതിനാലാമൻ പാപ്പാ വിരൽ ചൂണ്ടിയത്.
അച്ചടിച്ച പേജുകളിലൂടെ വാർത്തകൾ മാത്രമല്ല, മറിച്ച്, സമൂഹത്തിന്റെ വളർച്ചയ്ക്കുള്ള പുളിമാവാകുന്ന ആശയങ്ങളും സംസ്കാരവും കൂടിയാണ് കഴിഞ്ഞ നാളുകളിൽ ഈ പത്രം നൽകിയതെന്ന് പത്രാധിപർ ലൂച്യാനോ ഫൊന്താനയ്ക്കയച്ച തന്റെ കത്തിൽ പാപ്പാ എഴുതി. കഴിഞ്ഞ നൂറ്റമ്പത് വർഷങ്ങളുടെ ചരിത്രമാണ് തങ്ങളുടെ അനുദിനപ്രസിദ്ധീകരണത്തിലൂടെ വായനക്കാരിലേക്കെത്തിക്കാൻ ഈ മാധ്യമത്തിനായതെന്ന് പാപ്പാ അനുസ്മരിച്ചു.
രണ്ട് ലോകമഹായുദ്ധങ്ങൾ, ഫാസിസത്തിന്റെ ഉയർച്ചയും തകർച്ചയും, രാജവാഴ്ചയിൽ നിന്ന് റിപ്പബ്ലിക്കിലേക്കുള്ള മാറ്റം, ആഭ്യന്തരവും അന്തർദേശീയവുമായ ഭീകരത, ബെർലിൻ മതിലിന്റെ പതനം, ഇന്നത്തെ ദുഷ്‌കരമായ സാമ്പത്തിക സ്ഥിതി തുടങ്ങി, ചരിത്രത്തിന്റെ പ്രധാനപ്പെട്ട പല നിമിഷങ്ങളും യാഥാർത്ഥ്യങ്ങളും വായനക്കാരിലേക്കെത്തിക്കാൻ ഈ പത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പരിശുദ്ധ പിതാവ് തന്റെ കത്തിൽ വിശദീകരിച്ചു.
നമ്മുടെ ഈ യുഗം നേരിടുന്ന സാങ്കേതിക വിപ്ലവം, കാലത്തിനൊത്തുയരാൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരോട് ആവശ്യപ്പെടുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിർമ്മിത ബുദ്ധിയുടെ വളർച്ചയും, അതുയർത്തുന്ന ചോദ്യങ്ങളും തന്റെ കത്തിൽ പരാമർശിച്ച പാപ്പാ, തങ്ങളുടെ ആധികാരികത നഷ്ടപ്പെടുത്തരുതെന്നും, തങ്ങളുടെ വാർത്തകളുടെ ഉറവിടങ്ങൾ സംബന്ധിച്ച സുതാര്യത ഉറപ്പാക്കണമെന്നും, പത്രപ്രവർത്തനരംഗം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ വേണ്ടി അദ്ധ്വാനിക്കുന്നവരുടെ പ്രാധാന്യം ശ്രദ്ധിക്കണമെന്നും, വായനക്കാരുടെ അന്തസ്സ് മാനിക്കണമെന്നും ആവശ്യപ്പെട്ടു.
ഇറ്റലിയുടെ ചരിത്രവുമായി ഇടകലർന്നുള്ള "കൊറിയേരെ ദെല്ല സേര"യുടെ ചരിത്രം അനുസ്മരിച്ച പാപ്പാ, നിങ്ങളുടെ വേരുകളും ഭാവിയും ഒരുമിച്ച് പടുത്തുയർത്തണമെന്നും, സുദീർഘവും പ്രധാനപ്പെട്ടതുമായ നിങ്ങളുടെ ഉത്തരവാദിത്വം പരിഗണിച്ചുകൊണ്ട് പ്രവർത്തിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
