ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

അമോറിസ്‌ ലെത്തീത്സിയയുടെ പത്താം വാർഷികം: കുടുംബങ്ങളോടുള്ള സുവിശേഷപ്രഘോഷണത്തെക്കുറിച്ച് വിചിന്തനത്തിന് സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ

ഫ്രാൻസിസ് പാപ്പാ നൽകിയ അമോറിസ്‌ ലെത്തീത്സിയ എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാർഷികത്തിൽ കുടുംബവുമായി ബന്ധപ്പെട്ട ക്രൈസ്തവമൂല്യങ്ങൾ സംബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. യുവജനങ്ങൾക്കും വധൂവരന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള സഭയുടെ പ്രാമാണിക, അജപാലന ഉത്തരവാദിത്വങ്ങളാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഫമിലിയാരിസ് കൊൺസോർത്സിയോയും (1981) അമോറിസ്‌ ലെത്തീത്സിയയും ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദാമ്പത്യ, കുടുംബ സ്നേഹം സംബന്ധിച്ച പ്രത്യാശയുടെ മനോഹരമായ ഒരു സന്ദേശമായിരുന്നു ഫ്രാൻസിസ് പാപ്പാ 2016 മാർച്ച് 19-ന് നൽകിയ  അമോറിസ്‌ ലെത്തീത്സിയ എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനമെന്ന് ലിയോ പതിനാലാമൻ പാപ്പാ. അമോറിസ്‌ ലെത്തീത്സിയ പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിൽ, 2026 മാർച്ച് 19 വ്യാഴാഴ്ച പുറത്തുവിട്ട ഒരു സന്ദേശത്തിലാണ്, തന്റെ മുൻഗാമി, രണ്ടാം വത്തിക്കാൻ കൗൺസിലിന്റേതുൾപ്പെടെയുള്ള സഭാത്മക ചിന്തകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അപ്പസ്തോലിക പ്രബോധനത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നതുപോലെ, കുടുംബം, സമൂഹത്തിന്റെ അടിത്തറയും, ദൈവത്തിന്റെ അനുഗ്രഹവും, മാനുഷികതയുടെ മാറ്റുകൂട്ടുന്ന ഇടവുമാണെന്ന് പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ എഴുതി. വിവാഹമെന്ന കൂദാശവഴി, ക്രൈസ്തവ ദമ്പതികൾ, വിദ്യാഭ്യാസത്തിനും വിശ്വസകൈമാറ്റത്തിനും പ്രധാനപ്പെട്ട ഗാർഹിക സഭയായി മാറുകയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. യുവജനങ്ങൾക്കും വധൂവരന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള സഭയുടെ പ്രാമാണിക, അജപാലന ഉത്തരവാദിത്വങ്ങളാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഫമിലിയാരിസ് കൊൺസോർത്സിയോയും (1981) അമോറിസ്‌ ലെത്തീത്സിയയും ഓർമ്മിപ്പിക്കുന്നതെന്നും പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.

ഫമിലിയാരിസ് കൊൺസോർത്സിയോ പുറത്തിറങ്ങിയതിന് ശേഷമുള്ള മുപ്പത്തിയഞ്ച് വർഷങ്ങളിലെ നരവംശ-സാംസ്‌കാരിക മാറ്റങ്ങൾ കൂടി കണക്കിലെടുത്ത്, സിനഡാത്മക വിചിന്തനത്തിന്റെ പാതയിൽ സഭ കൂടുതൽ സജീവമാകാൻ ഫ്രാൻസിസ് പാപ്പാ ആഗ്രഹിച്ചുവെന്ന് ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചു. കുടുംബങ്ങളുമായി സംവദിച്ചും, അവരുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും, വേദനകളും വിഷമങ്ങളും മനസ്സിലാക്കാതെയും കുടുംബത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാകില്ലെന്ന് പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിച്ചിരുന്നു.

സിനഡിന്റെ വിചിന്തനങ്ങളും അമോറിസ്‌ ലെത്തീത്സിയയും, നമുക്ക് നൽകുന്ന ക്ഷണമനുസരിച്ച്, ദൈവത്തിന്റെ, സ്നേഹവും കരുണയും നിറഞ്ഞ സാന്നിധ്യത്തെക്കുറിച്ചുള്ള ബൈബിൾ പ്രത്യാശ കൂടുതൽ ആഴത്തിൽ പഠിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയും മുന്നിലും, കുടുംബപരമായ സ്നേഹത്തിന്റെ ആദ്ധ്യാത്മികത ജീവിക്കുന്ന കുടുംബങ്ങളെയോർത്ത് ദൈവത്തിന് നന്ദി പറയാമെന്ന് പരിശുദ്ധ പിതാവ് എഴുതി.

കുടുംബങ്ങളെ സ്വാധീനിക്കുന്ന മാറ്റങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത്, ഇന്നത്തെ കുടുംബങ്ങളോട് എപ്രകാരമാണ്, അമോറിസ്‌ ലെത്തീത്സിയുടെയും, പ്രാദേശികസഭകളിൽ നടക്കുന്ന മാറ്റങ്ങളുടയും പശ്ചാത്തലത്തിൽ, സുവിശേഷം പ്രഘോഷിക്കേണ്ടതെന്നതിനെക്കുറിച്ച് പരസ്പരം ആശയങ്ങൾ കൈമാറാനായി, 2026 ഒക്ടോബറിൽ, ലോകമെങ്ങുമുള്ള മെത്രാൻസമിതി അദ്ധ്യക്ഷന്മാരെ വിളിച്ചുകൂട്ടാൻ താൻ തീരുമാനിച്ചുവെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യത്തിന് ഈയൊരു പദ്ധതിയെ സമർപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മാർച്ച് 2026, 13:42