തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി പിയെത്രോ പരൊളീൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി പിയെത്രോ പരൊളീൻ  (ANSA)

യുദ്ധം അവസാനിപ്പിക്കണം: അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ള കർദ്ദിനാൾ പരൊളീന്റെ സന്ദേശം

അമേരിക്കൻ പ്രസിഡന്റ് ട്രംപിനോടും, ഇസ്രയേലിനോടുമുള്ള തന്റെ അഭ്യർത്ഥന യുദ്ധം കഴിയും വേഗം അവസാനിപ്പിക്കാനാകുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി പിയെത്രോ പരൊളീൻ. ലിയോ പതിനാലാമൻ പാപ്പായുമായി ബന്ധപ്പെട്ട ഒരു പുസ്തകപ്രകാശനത്തിന്റെ ഭാഗമായി മാർച്ച് 18-ന് റോമിലെ ലെജിസ്ളേറ്റീവ് അസ്സംബ്ലിയിൽ വച്ചുനടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യപൂർവദേശങ്ങളിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാനാകും, അമേരിക്കൻ പ്രസിഡന്റിനെ കണ്ടുമുട്ടിയാൽ താൻ ആവശ്യപ്പെടുകയെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. ലിയോ പതിനാലാമൻ പാപ്പായുമായ് ബന്ധപ്പെട്ട ഒരു പുസ്തകപ്രകാശനത്തിന്റെ ഭാഗമായി മാർച്ച് 18-ന്  റോമിലെ ലെജിസ്ളേറ്റീവ് അസ്സംബ്ലിയിൽ വച്ചുനടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിൽ കണ്ടാൽ എന്താകും പറയുക എന്ന ചോദ്യത്തിന് ഉത്തരം നല്കവേ, യുദ്ധം രൂക്ഷമാകാനുള്ള അപകടസാധ്യത തൊട്ടുമുന്നിലായതിനാൽ, യുദ്ധം കഴിയുന്നതും വേഗം അവസാനിപ്പിക്കണമെന്നും, ലെബനനെ വെറുതെ വിടണമെന്നുമാകും താൻ ആവശ്യപ്പെടുകയെന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ പ്രസ്താവിച്ചു.

ഇസ്രായേൽക്കാർക്കുള്ള തന്റെ സന്ദേശവും ഇതുതന്നെയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ളതോ, ഉണ്ടെന്ന് അവർ കരുതുന്നതോ ആയ പ്രശ്‌നങ്ങൾ എന്തുതന്നെയായാലും, നയതന്ത്രത്തിന്റെയും സംവാദത്തിന്റെയും സമാധാനപൂർണമായ പാതയിലൂടെ അവ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.

"ലിയോ പതിനാലാമൻ: ഞാനാരാണെന്നാണ് നിങ്ങൾ പറയുക? ഞാൻ വിശുദ്ധ അഗസ്റ്റിന്റെ പുത്രനാണ്" എന്ന പേരിൽ, വത്തിക്കാൻ മാധ്യമപ്രവർത്തകൻ ഇഞ്ഞാസ്യോ ഇൻഗ്രാവോ, അഗസ്റ്റീനിയൻ സഭാംഗം ഫാ. ജ്യുസേപ്പേ പഗാനോ എന്നിവർ ചേർന്ന് എഴുതി, കാന്തഗാല്ലി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംബന്ധിച്ച അവസരത്തിലായിരുന്നു, കൂടുതൽ സങ്കീർണ്ണമായി വളർന്നുവരുന്ന മദ്ധ്യപൂർവ്വ ദേശങ്ങളിലെ സംഘർഷങ്ങളെക്കുറിച്ച് കർദ്ദിനാൾ സംസാരിച്ചത്.

വടക്കേ അമേരിക്കയിൽനിന്നുള്ള പ്രഥമ പാപ്പായായ ലിയോ പതിനാലാമനൊപ്പമുള്ള പ്രവർത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഏറെ എളുപ്പമുള്ളതാണെന്നും, തങ്ങൾ ഇരുവരും തമ്മിൽ നല്ല രീതിയിലുള്ള സംവാദങ്ങളും ആശയകൈമാറ്റങ്ങളും നടക്കുന്നുണ്ടെന്നും, നല്ലൊരു ബന്ധമാണ് തങ്ങൾക്കിടയിലുള്ളതെന്നും കർദ്ദിനാൾ അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മാർച്ച് 2026, 12:36