തിരയുക

നമ്മുടെ ദൃഷ്ടികൾ ഉയർത്തി കർത്താവിന്റെ അത്‌ഭുതങ്ങളെ ദർശിക്കാം: പാപ്പാ

മാർച്ചു മാസം എട്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥന വേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ. ലത്തീൻ ആരാധന ക്രമമനുസരിച്ച് ഞായറാഴ്ച്ച വായിക്കപ്പെട്ട സുവിശേഷഭാഗത്തെ ആധാരമാക്കിയുള്ളതായിരുന്നു പാപ്പായുടെ സന്ദേശം.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ, ശുഭ ഞായറാഴ്ച്ച!

യേശുവും സമരിയാക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണം, ജന്മനാ അന്ധനായ മനുഷ്യന്റെ രോഗശാന്തി, ലാസറിന്റെ പുനരുത്ഥാനം എന്നിവ സഭാ ചരിത്രത്തിലെ ആദ്യ നൂറ്റാണ്ടുകൾ മുതൽ, ഈസ്റ്റർ ദിനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കുന്നവരുടെ പാതയെ പ്രകാശിപ്പിക്കുന്നു. ഈ ഞായറാഴ്ച മുതൽ നാം വായിക്കുന്ന ഈ മഹത്തായ സുവിശേഷ ഭാഗങ്ങൾ, പുതുക്രിസ്ത്യാനികൾക്ക് സമർപ്പിക്കപ്പെടുന്നതാണ്. എന്നാൽ, അതേ സമയം മുഴുവൻ സമൂഹവും വീണ്ടും അവ ശ്രവിക്കുന്നു, കാരണം അവ നമ്മെ ക്രിസ്ത്യാനികളാകാൻ സഹായിക്കുന്നു അല്ലെങ്കിൽ നമ്മൾ ഇതിനകം അങ്ങനെയാണെങ്കിൽ, കൂടുതൽ ആധികാരികതയോടും സന്തോഷത്തോടും കൂടി അങ്ങനെയാകാൻ സഹായിക്കുന്നു.

വാസ്തവത്തിൽ, യേശു നമ്മുടെ ദാഹത്തിനുള്ള ദൈവത്തിന്റെ ഉത്തരമാണ്. സമരിയാക്കാരിയായ സ്ത്രീയോട് അദ്ദേഹം സൂചിപ്പിക്കുന്നത് പോലെ, അവനുമായുള്ള കൂടിക്കാഴ്ച നമ്മുടെ ഓരോരുത്തരുടെയും ആഴങ്ങളിൽ "നിത്യജീവനിലേക്ക് ഒഴുകുന്ന ഒരു നീരുറവ"യെ സജീവമാക്കുന്നു ( യോഹന്നാൻ 4:14). ലോകമെമ്പാടുമുള്ള എത്രയോ ആളുകൾ ഇന്നും ഈ ആത്മീയ ഉറവിടം തേടുന്നു! യുവതിയായ എറ്റി ഹില്ലേസം തന്റെ ഡയറിയിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: "ചിലപ്പോൾ എനിക്ക് അതിൽ എത്തിച്ചേരാൻ കഴിയും, മിക്കപ്പോഴും അത് കല്ലുകളും മണലും കൊണ്ട് മൂടപ്പെട്ടിരിക്കും; അപ്പോൾ, ദൈവം അടക്കം ചെയ്യപ്പെട്ടിരിക്കുകയാണ്: അതിനാൽ അവനെ വീണ്ടും കുഴിച്ചെടുക്കണം". പ്രിയ സുഹൃത്തുക്കളെ, നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമാക്കുന്നതിനായി നാം സമർപ്പിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊരു ഊർജ്ജവും നമുക്ക് ചിലവഴിക്കുവാനില്ല. ഇക്കാരണത്താൽ, നോമ്പുകാലം ഒരു സമ്മാനമാണ്: നമ്മൾ മൂന്നാം ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്, അതിനാൽ ഇപ്പോൾ നമുക്ക് നമ്മുടെ യാത്ര തീവ്രമാക്കാം!

"അവന്റെ ശിഷ്യന്മാർ വന്നു [യേശു] സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു" എന്നും സുവിശേഷം പറയുന്നു ( യോഹന്നാൻ 4:27).  ഇത് അവന്റെ ദൗത്യമാണെന്നു മനസ്സിലാക്കുവാൻ അവർ പ്രയാസപ്പെടുന്നു. ആ സമയം ഗുരു അവരെ പ്രകോപിപ്പിക്കുന്നു: "നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു."( യോഹന്നാൻ 4:35). കർത്താവ് വീണ്ടും തന്റെ സഭയോട് പറയുന്നു: "നിങ്ങളുടെ കണ്ണുകൾ ഉയർത്തി ദൈവത്തിന്റെ അത്ഭുതങ്ങൾ തിരിച്ചറിയുക!" വിളവെടുപ്പിന് നാല് മാസം മുമ്പ് വയലുകളിൽ, മിക്കവാറും ഒന്നും കാണാൻ കഴിയില്ല. എന്നാൽ നമ്മൾ ഒന്നും കാണാത്തിടത്ത്, കൃപ ഇതിനകം പ്രവർത്തിക്കുന്നു, ഫലങ്ങൾ വിളവെടുപ്പിനു ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. വിളവെടുപ്പ് സമൃദ്ധമാണ്: ഒരുപക്ഷേ വേലക്കാർ കുറവായിരിക്കാം, കാരണം അവർ മറ്റ് പ്രവർത്തനങ്ങളാൽ വ്യതിചലിക്കപ്പെടുന്നു. എന്നിരുന്നാലും, യേശു ശ്രദ്ധാലുവാണ്. ആ സമരിയക്കാരി സ്ത്രീ,  പതിവനുസരിച്ച്, അവളെ അവഗണിക്കേണ്ടതായിരുന്നു; പകരം, യേശു അവളോട് സംസാരിക്കുന്നു, അവളെ ശ്രദ്ധിക്കുന്നു, നിഗൂഢമായ ഉദ്ദേശ്യങ്ങളില്ലാതെയും അവജ്ഞയില്ലാതെയും അവൾക്ക് യേശു അംഗീകാരം നൽകുന്നു.

സഭയിൽ എത്രയോ പേർ ഇതേ ദയയും ഈ തുറന്ന മനസ്സും തേടുന്നു! നാം കണ്ടുമുട്ടുന്നവരെ  അവർ  ആയിരിക്കുന്ന സാഹചര്യത്തിൽ, ശ്രദ്ധിക്കുവാൻ നമ്മുടെ സമയം നഷ്ടപ്പെടുത്തുന്നത് എത്രയോ മനോഹരമാണ്. യേശു ഭക്ഷണം കഴിക്കാൻ പോലും മറന്നുപോയി, കാരണം, എല്ലാവരിലേക്കും ആഴത്തിൽ എത്തിച്ചേരാനുള്ള ദൈവത്തിന്റെ ആഗ്രഹത്താൽ അവൻ അത്രയധികം പോഷിപ്പിക്കപ്പെട്ടു ( യോഹന്നാൻ 4:34). അങ്ങനെ സമരിയക്കാരി സ്ത്രീ നിരവധി സുവിശേഷകരിൽ ആദ്യത്തെ ആളായി തീരുന്നു. നിന്ദിക്കപ്പെടുകയും, നിരസിക്കപ്പെടുകയും ചെയ്യപ്പെട്ട അവളുടെ ഗ്രാമത്തിൽ നിന്ന്, അവളുടെ സാക്ഷ്യം നിമിത്തം പലരും യേശുവിന്റെ അടുക്കലേക്ക് വരുന്നു, അവരിലും വിശ്വാസം ശുദ്ധജലം പോലെ ഒഴുകുന്നു.

സഹോദരി സഹോദരന്മാരേ, ഇന്ന് നമുക്ക് സഭയുടെ അമ്മയായ മറിയത്തോട്, യേശുവിനോടൊപ്പം, യേശുവിനെപ്പോലെ സത്യത്തിനും നീതിക്കും വേണ്ടി ദാഹിക്കുന്ന മനുഷ്യരാശിയെ സേവിക്കാൻ തങ്ങളെ പ്രാപ്തരാക്കണമെന്നു അപേക്ഷിക്കാം. ആരാധന കേന്ദ്രങ്ങൾക്ക് ഇടയിൽ, നമുക്കും മറ്റുള്ളവർക്കും ഇടയിൽ,  പരസ്പരമുള്ള സംഘർഷത്തിനുള്ള സമയമല്ല ഇത്: ദൈവം അന്വേഷിക്കുന്ന ആരാധകർ സമാധാനത്തിന്റെ സ്ത്രീയും പുരുഷനുമാണ്, അവർ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കുന്നു (യോഹന്നാൻ 4:23-24).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മാർച്ച് 2026, 14:19