തിരയുക

കൂടിക്കാഴ്ചാവേളയിൽ  ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

ദൈവ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്: പാപ്പാ

മാർച്ചുമാസം എട്ടാം തീയതി, ഞായറാഴ്ച്ച, ലിയോ പതിനാലാമൻ പാപ്പാ, തോറെവേക്യയിലെ, സാന്താ മരിയ ദെല്ല പ്രെസെന്റത്സിയോനെ ഇടവക ദേവാലയത്തിൽ, പ്രായമായവരും, രോഗികളും, കുട്ടികളും, യുവജനങ്ങളും, അജപാലന ശുശ്രൂഷയിൽ പങ്കാളികളാകുന്നവരുമായ ആളുകളുമായി കൂടിക്കാഴ്ച നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1982-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സന്ദർശനത്തിന് ശേഷം, 44 വർഷങ്ങൾക്കിപ്പുറം, ലിയോ പതിനാലാമൻ പാപ്പാ, റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി,  തോറെവേക്യയിലെ, സാന്താ മരിയ ദെല്ല പ്രെസെന്റത്സിയോനെ ഇടവക ദേവാലയത്തിൽ, രോഗികളും, കുട്ടികളും, യുവജനങ്ങളും, അജപാലന ശുശ്രൂഷയിൽ പങ്കാളികളാകുന്നവരുമായ ആളുകളുമായി കൂടിക്കാഴ്ച നടത്തി. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വാഗതത്തിനു പാപ്പാ ഏവർക്കും നന്ദിയർപ്പിച്ചു.

നമ്മൾ ജീവിക്കുന്നതിനേക്കാൾ മനോഹരമായ ഒരു ഭാവിയിലും മികച്ച ഒരു ലോകത്തിലും പ്രത്യാശ അർപ്പിച്ചുകൊണ്ട്,  യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എങ്ങനെ തയ്യാറെടുക്കാമെന്നുള്ള കൊച്ചുകുട്ടികളുടെ ചോദ്യത്തിന്, നമുക്കേവർക്കും സമാധാനത്തിന്റെ സംസ്ഥാപകരാകുവാനും, അനുരജ്ഞനത്തിന്റെ വക്താക്കളാകുവാനും സാധിക്കുമെന്നുള്ളത് തിരിച്ചറിയണമെന്നും, ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു.

സുഹൃദ് വലയത്തിൽ, ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും, സുഹൃത്തുക്കളുമായും സഹപാഠികളുമായും സമാധാനം സ്ഥാപിക്കാൻ കുട്ടികളെ പാപ്പാ ആഹ്വാനം ചെയ്തു. പ്രാർത്ഥനയിലൂടെ കർത്താവിനോട് സംസാരിക്കാനും, നമ്മുടെ ആശങ്കകളും, ബുദ്ധിമുട്ടുകളും, ദുഃഖങ്ങളും അവനെ  ഭരമേൽപ്പിക്കാനും, കഷ്ടപ്പെടുന്നവരിൽ അവിടുത്തെ തിരിച്ചറിയാനും, നമ്മുടെ ഔദാര്യത്തിലും,  ജീവകാരുണ്യ പ്രവർത്തനങ്ങളിലും, എന്തിനേറെ സൗഹൃദത്തിൽ പോലും യേശുവിനെ കണ്ടെത്താനും അവിടുന്ന് നമ്മെ ക്ഷണിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ലോകത്തിന് ഒരു വെളിച്ചമായും, സാക്ഷ്യമായും  മാറാൻ നമുക്കെല്ലാവർക്കും ഇടവകയുടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വൃദ്ധരും രോഗികളുമായ ആളുകളുമായുള്ള കൂടിക്കാഴ്ചയിൽ, ഏറ്റവും ദുർബലരായവർ ദൈവ സ്നേഹത്തിന്റെ അടയാളങ്ങളാണെന്നും, ഏറ്റവും പ്രായം ചെന്നവർക്കും, രോഗികൾക്കും,  ദുർബലർക്കും പോലും, വളരെയധികം മൂല്യമുണ്ട്, കാരണം നാമെല്ലാവരും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നും പറഞ്ഞ പാപ്പാ, എന്നാൽ ഈ വസ്തുത ഇന്നത്തെ ലോകം വിസ്മരിക്കുന്നുവെന്ന കാര്യവും പങ്കുവച്ചു.

കുടുംബങ്ങൾ സഭയിൽ നിന്ന് അകന്നു മാറുകയും, കുട്ടികളും യുവാക്കളും മാമോദീസ സ്വീകരിക്കാതിരിക്കുകയും, കർത്താവിനെ അറിയാതിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങളിലും, പ്രേഷിത മാനത്തിലും കൂടുതൽ ശ്രദ്ധിക്കുവാൻ പാപ്പാ ഏവരേയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മാർച്ച് 2026, 14:04