മതങ്ങളും സംസ്കാരങ്ങളും സമാധാനത്തിനായി സഹവർത്തിക്കണം: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര, ഒ ഐ സി
അപ്പസ്തോലനായ പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ അൾജീരിയ സന്ദർശിക്കുവാൻ അവസരം നൽകിയ ദൈവത്തിന് നന്ദിയർപ്പിച്ചുകൊണ്ടും, ഒരു സഹോദരനെന്ന നിലയിൽ ഹൃദയങ്ങളെ അടുപ്പിക്കുന്ന സ്നേഹബന്ധം പുതുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടുമാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.
കരുത്തുറ്റ ഒരു യുവജനതയുടെ മുഖമാണ് താൻ ഇവിടെ കാണുന്നത്. സൗഹൃദവും വിശ്വാസവും ഐക്യദാർഢ്യവും വെറും വാക്കുകളല്ല; മറിച്ച്, അൾജീരിയൻ ഹൃദയത്തിൽ അവയെല്ലാം കൂട്ടായജീവിതത്തിന് ഊഷ്മളതയും കരുത്തും പകരുന്ന മൂല്യങ്ങളാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
വിശുദ്ധ അഗസ്റ്റിന്റെ കാലങ്ങൾക്കുമുൻപേ, പാരമ്പര്യങ്ങളാൽ സമ്പന്നവും, ദീർഘവുമായ ഒരു ചരിത്രമുള്ള മഹത്തായ രാജ്യമാണ് അൾജീരിയ.
അൾജീരിയയുടെ ചരിത്രത്തിനും, സ്വാതന്ത്ര്യത്തിനും അന്തസ്സിനും പരമാധികാരത്തിനും വേണ്ടി പോരാടിയ ഒരു ജനതയുടെ ആത്മാവിന് നൽകുന്ന ആദരവായാണ് നാം ഈ സ്മാരകം സന്ദർശിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
തുടർന്നുള്ള പാപ്പായുടെ വാക്കുകൾ സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു. സമാധാനമെന്നത് സംഘർഷത്തിന്റെ അഭാവം മാത്രമല്ല, നീതിയുടെയും അന്തസ്സിന്റെയും പ്രകടനം കൂടിയാണ്. ക്ഷമയിലൂടെ മാത്രം സാധ്യമാകുന്ന ഈ സമാധാനം, അനുരഞ്ജനപ്പെട്ട മനസ്സോടെ ഭാവിയെ നേരിടാൻ നമ്മെ അനുവദിക്കുന്നു. വിമോചനത്തിനായുള്ള യഥാർത്ഥ പോരാട്ടം പൂർണ്ണമായി വിജയിക്കുന്നത്, നമ്മുടെ ഹൃദയങ്ങളിൽ സമാധാനം കൈവരുമ്പോഴാണ്.
ഭാവിയെന്നത് സമാധാനവാഹകരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്. സംസ്കാരങ്ങളും മതങ്ങളും ഒന്നു ചേരുന്ന ഈ മണ്ണിൽ, എല്ലാവർക്കും ഒരുമിച്ച് നടക്കാൻ സഹായിക്കുന്ന വഴി, പരസ്പര ബഹുമാനത്തിന്റേതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വേരുകളിൽ ഉറച്ചുനിൽക്കുകയും യുവതീയുവാക്കളിൽ അചഞ്ചലമായ പ്രത്യാശ വയ്ക്കുകയും ചെയ്യുന്ന അൾജീരിയൻ ജനത, അന്താരാഷ്ട്ര തലങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും സ്ഥിരതയ്ക്കും പരസ്പരരസംവാദത്തിനും തുടർന്നും സംഭാവനകൾ നൽകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും തനതായ പൈതൃകത്തിന്റെ സമ്പന്നത അൾജീരിയൻ ജനതയുടെ ചരിത്രത്തെ ബലപ്പെടുത്തിയതുപോലെ ഭാവിയെ നയിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തെ പ്രകാശിപ്പിക്കുകയും കുടുംബങ്ങളെ താങ്ങിനിർത്തുകയും സാഹോദര്യചൈതന്യം പകരുകയും ചെയ്യുന്ന ദൈവവിശ്വാസം, ദൈവത്തെ സ്നേഹിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ അൾജീരിയയുടെ വിലയേറിയ പൈതൃകത്തിലെ നിധികളിലൊന്നായി കാത്തുസൂക്ഷിക്കുന്നു എന്നതും പാപ്പാ അനുസ്മരിച്ചു.
നീതിക്കും ഐക്യത്തിനും വേണ്ടി ദാഹിക്കുന്ന, വിശ്വാസികളായ സ്ത്രീ-പുരുഷൻമാരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. അതുകൊണ്ടുതന്നെ, സാഹോദര്യത്തിനും അനുരഞ്ജനത്തിനും വേണ്ടി കൊതിക്കുന്ന ഒരു മനുഷ്യകുലത്തിന്റെ മുമ്പിൽ, നാം എപ്പോഴും സഹോദരീസഹോദരന്മാരായി, ഏക ദൈവത്തിന്റെ മക്കളായി ഐക്യപ്പെട്ടിരിക്കുന്നുവെന്ന് ദൃഢതയോടെ പ്രഖ്യാപിക്കുന്നത് നമ്മുടെ വിശുദ്ധമായ കടമയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തി, സ്വന്തം ജനത്തോടുള്ള സ്നേഹത്തെ പ്രതി സ്വയം സമർപ്പിച്ച രക്തസാക്ഷികളുടെ മാതൃക അൾജീരിയൻ ജനതയെയും എല്ലാവരുടെയും ജീവിതയാത്രയെ ബലപ്പെടുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു.
യേശു ശിഷ്യൻമാരോട് അരുളി ചെയ്ത മലയിലെ പ്രസംഗത്തിലെ അഷ്ടഭാഗ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന തിരുവചനഭാഗം ഉദ്ധരിച്ചുകൊണ്ടും ഊഷ്മളമായ സ്വീകരണത്തിന് നന്ദിയർപ്പിച്ചുകൊണ്ടുമാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
