തിരയുക

ലിയോ പതിനാലാമൻ പാപ്പാ അൾജീരിയയിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തെയും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ അൾജീരിയയിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തെയും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നു  (@Vatican Media)

മത, സാംസ്‌കാരിക, സാമൂഹിക സന്തുലിതമനോഭാവത്തിൽ വളരുക: അൾജീരിയൻ ജനതയ്ക്ക് ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം

മത, സാംസ്‌കാരിക മൂല്യങ്ങളും സാഹോദര്യവും ആധുനികസമൂഹത്തിലേക്കുള്ള വളർച്ചയും ഒരുമിച്ച് കൊണ്ടുപോകാൻ അൾജീരിയൻ ജനതയെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. തന്റെ മൂന്നാമത് അപ്പസ്തോലികയാത്രയുടെ ആദ്യപാദമായ അൾജീരിയയിലെത്തിയ പാപ്പാ, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തെയും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് രാജ്യത്തിന്റെ ചരിത്ര, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരാമർശിച്ചുകൊണ്ട് ഇത്തരമൊരു ആഹ്വാനം നൽകിയത്.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

താൻ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ഏറ്റെടുത്തത്തിന്റെ ആദ്യ ദിനങ്ങളിൽത്തന്നെ അൾജീരിയ സന്ദർശിക്കാൻ തനിക്ക് രാജ്യം നൽകിയ ക്ഷണത്തിന് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭിച്ചത്. അഗസ്റ്റീനിയൻ സഭാംഗമെന്ന നിലയിൽ 2001-ലും 2013-ലും രാജ്യത്തെ അന്നാബാ സന്ദർശിക്കാൻ സാധിച്ച തനിക്ക് ഇപ്പോൾ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ഇവിടം സന്ദർശിക്കാൻ സാധിക്കുന്നതിൽ താൻ കാണുന്ന ദൈവകൃപ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സമാധാനത്തിന്റെ തീർത്ഥാടകനെന്ന നിലയിലാണ് താൻ ഇവിടേക്കെത്തുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

നമുക്കേവർക്കും സ്വർഗ്ഗസ്ഥനായ ഒരേ പിതാവാണുള്ളതെന്നും, അതുകൊണ്ടുതന്നെ നാമേവരും സഹോദരീസഹോദരന്മാരാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സംഘട്ടനങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞ ഈ ലോകത്ത്, നാമേവരും ഒരു കുടുംബമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പരസ്പരം കണ്ടുമുട്ടാനാണ് നാം ശ്രമിക്കേണ്ടത്.

ലോകം ആർദ്രമായി തേടുന്ന സമാധാനത്തിന്റെയും പ്രത്യാശയുടെയും സാക്ഷിയായാണ് താൻ അൾജീരിയയിലേക്കെത്തിയതെന്ന് പറഞ്ഞ പാപ്പാ, "സദാക്ക" (sadaka), എന്ന പേരിൽ അറിയപ്പെടുന്ന ദാനധർമ്മം നൽകുന്ന അൾജീരിയൻ ജനതയുടെ പതിവിനെ പരാമർശിച്ചുകൊണ്ട്, അവരുടെ സാമൂഹിക ഐക്യദാർഢ്യമനോഭാവം പ്രത്യേകമായി അനുസ്മരിച്ചു. സദാക്ക എന്നതിന്റെ ശരിയായ അർത്ഥം നീതി എന്നതാണെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, തങ്ങൾക്കുള്ളത് ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്ന മനോഭാവത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. കരുണയില്ലാത്ത മതവും, ഐക്യദാർഢ്യമില്ലത്ത സമൂഹവും ദൈവത്തിന് മുൻപിൽ ഒരു അപമാനമാണെന്ന് പ്രസ്താവിച്ച പാപ്പാ അസമത്വവും അവഗണനയും വളരുന്ന തരത്തിൽ ധനസമ്പാദനം നടത്തുന്നതിനെ അപലപിച്ചു.

അൾജീരിയയുടെ ചരിത്രവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, ആഗോളതലത്തിലുള്ള അസമത്വങ്ങൾക്ക് മുന്നിൽ ഐക്യദാർഢ്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. അന്താരാഷ്ട്രനിയമങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുകയും, നവകൊളോണിയൽ ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന ഒരു ലോകത്ത് പുതിയൊരു ചരിത്രഗതിയുടെ നായകന്മാരാകാൻ സാധിക്കുന്ന വിധത്തിൽ, ജനതകൾക്കിടയിൽ കൂടുതൽ നീതിപൂർണ്ണമായ ഒരു വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കാൻ അൾജീരിയയ്ക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ശരിയായ ദിശയിലുള്ള ആഗോളവത്കരണപദ്ധതികൾക്ക് ധനവും സമ്പത്തും ഏവർക്കുമിടയിൽ തുല്യമായി എത്തിക്കാൻ സാധിക്കുമെന്നും, മറിച്ചുള്ള പ്രവണതകൾ ദരിദ്രരും പണക്കാരും തമ്മിലുള്ള അന്തരം വർദ്ധിക്കാനും ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കാനും കാരണമാകുമെന്നും ബെനഡിക്ട് പാപ്പാ പറഞ്ഞത് (Caritas in veritate, 42) പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ഭൂമിയുടെ തെക്കൻ പ്രദേശങ്ങളിൽ കൂടുതലായി അനുഭവിച്ചറിയാൻ സാധിക്കുന്ന വൈരുദ്ധ്യങ്ങളുടെ വലിയ അനുഭവമുള്ള ഫ്രാൻസിസ് പാപ്പാ, പൊതുവായ ഭാവിയുടെ നിർമ്മാണത്തിൽ ഏവരെയും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നുവെന്നും (Fratelli tutti, 169) പാപ്പാ ഓർമ്മിപ്പിച്ചു.

അധികാരവർഗ്ഗം ജനതയുടേമേൽ മേൽക്കോയ്മ സ്ഥാപിക്കാനല്ല, അവരെ ശുശ്രൂഷിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പൊതുനന്മയ്ക്കായുളള പ്രവർത്തനങ്ങളിൽ ഏവരെയും, പ്രത്യേകിച്ച് യുവജനങ്ങളെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ആധികാരികമായ സമാധാനത്തിന് വേണ്ട നീതിയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, കത്തോലിക്കാസഭയും, അൾജീരിയൻ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കിയും തെക്കിനും വടക്കിനും പടിഞ്ഞാറിനും കിഴക്കിനും ഇടയിൽ പാലമായും ആണ് പ്രവർത്തിക്കാൻ പരിശ്രമിക്കുന്നതെന്ന് പ്രസ്താവിച്ചു.

അൾജീരിയയുടെ പ്രകൃതിപരമായ പ്രത്യേകതകൾ പരാമർശിച്ചുകൊണ്ട്, മെഡിറ്ററേനിയൻ തീരത്തിനും സഹാറ മരുഭൂമിക്കും ഇടയിലുള്ള സംഗമസംസ്കാരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ് സഹസ്രാബ്ധങ്ങളായി സംസ്കാരങ്ങളുടെയും ജനതകളുടെയും വളർച്ചയുടെയും കൈമാറ്റത്തിന്റെയും വേദിയായിരുന്ന ഈ ഭൂമിയിൽ പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനങ്ങൾ ഒഴിവാക്കി ജീവിക്കാൻ പരിശ്രമിച്ചാൽ മാനവികതയുടെ വലിയ നിധികൾ കണ്ടെത്താനാകുമെന്ന് ഉദ്‌ബോധിപ്പിച്ചു. സമാധാനത്തിന്റെ മരുപ്പച്ചകൾ വളർത്താനും, തിന്മ ഇല്ലാതാക്കാനും, ഒരുമിച്ച് പ്രവർത്തിച്ച് ജീവന്റെയും കണ്ടുമുട്ടലിന്റെയും അത്ഭുതങ്ങളുടെയും ഇടമാക്കി അൾജീരിയയുടെ മണ്ണിനെ മാറ്റാനും പാപ്പാ ആഹ്വാനം ചെയ്തു.

മറ്റിടങ്ങളിലെന്നപോലെ അൾജീരിയയിലെ സമൂഹത്തിലും മതവും ആധുനികജീവിതരീതിയും തമ്മിലുള്ള പിരിമുറുക്കം നിലനിൽക്കുന്നുണ്ടെന്നും, ഇത് മതമൗലികവാദത്തിനും മതേതരവത്കരണചിന്തകൾക്കും പ്രേരണ നൽകുന്നതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്തെയും അവന്റെ സൃഷ്ടികളുടെ അന്തസ്സിനേയും കുറിച്ചുള്ള യഥാർത്ഥ ബോധ്യം നഷ്ടപ്പെടാനും ഇത് കാരണമായേക്കാമെന്ന് പരിശുദ്ധ പിതാവ് മുന്നറിയിപ്പ് നൽകി. മതപരമായ കാര്യങ്ങൾ ഒരുഭാഗത്ത് അടിച്ചമർത്തലിനുള്ള ഉപകരണങ്ങളായും മറുഭാഗത്ത് ഉപഭോഗസംസ്കാരത്തിൽ വിലയില്ലാത്ത ഒന്നായും മാറാനുള്ള സാധ്യതയും പാപ്പാ ഓർമ്മിപ്പിച്ചു.

ബുദ്ധിപൂർവ്വം ജീവിക്കേണ്ടതിന്റെയും, സ്വതന്ത്രമായ ഹൃദയത്തോടെ, മഹത്തായ ആത്മീയ, മത പാരമ്പര്യങ്ങളിൽനിന്ന് ദർശനങ്ങളും പ്രചോദനങ്ങളും ഉൾക്കൊണ്ട് മുന്നോട്ട് പോകേണ്ടതിന്റെയും പ്രാധാന്യവും പരിശുദ്ധ പിതാവ് ഇടതുപറഞ്ഞു. മറ്റുളളവരിൽ എതിരാളികളെയല്ല, സഹയാത്രികരെ കാണാൻ സഹായിക്കുന്ന വിധത്തിൽ, വിമർശനാത്മക, സ്വതന്ത്ര്യ ചിന്തകളും പരസ്പര സംവാദങ്ങളും ശ്രവണവും വളർത്തിയെടുക്കേണ്ടതിന്റെയും ആവശ്യകത അനുസ്മരിപ്പിച്ച പരിശുദ്ധ പിതാവ്, അൾജീരിയയിലെ ജനത്തിനായി താൻ പ്രാർത്ഥിക്കുന്നതും ഇതുതന്നെയാണെന്ന് വ്യക്തമാക്കി. അത്യുന്നതന്റെ അനുഗ്രഹങ്ങൾ ഏവർക്കും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഏപ്രിൽ 2026, 14:13