ആർക്കും മറ്റുള്ളവരിൽ നിന്നും വേർപെട്ടു ഒറ്റയ്ക്ക് നിൽക്കുക സാധ്യമല്ല: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
തന്റെ പിതൃതുല്യമായ വാത്സല്യവും, അടുപ്പവും അറിയിച്ചുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, അൾജീരിയൻ സഭയിലെ, മേലധ്യക്ഷന്മാരെയും, വൈദികരെയും, സന്യസ്തരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തത്. അൾജീരിയയിലെ പത്തൊൻപത് രക്തസാക്ഷികളെക്കുറിച്ച് എടുത്തു പറഞ്ഞ പാപ്പാ, അവർ ചിന്തിയ രക്തം, ഇന്നും ഫലങ്ങൾ നൽകുന്ന ജീവനുള്ള വിത്തുകളാണെന്നു അടിവരയിട്ടു. ക്രൈസ്തവ സഭയുടെ ആദ്യ നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്നവരാണ് അൾജീരിയയിലെ സഭയെന്നും, വിശുദ്ധ അഗസ്റ്റിന്റെയും, അമ്മ വിശുദ്ധ മോനിക്കയുടെയും, മറ്റു പല വിശുദ്ധരുടെയും ജീവിത സാക്ഷ്യത്തിന്റെ സ്മരണ, ഇന്നും, കൂട്ടായ്മയുടെയും, സംഭാഷണത്തിന്റെയും, സമാധാനത്തിന്റെയും ഓർമ്മപ്പെടുത്തലാണെന്നും പാപ്പാ പറഞ്ഞു. സഭയുടെ മാതൃമുഖം ദൃശ്യമാക്കുന്ന തരത്തിൽ, കത്തോലിക്കർ ചെയ്യുന്ന ദൈനംദിനമുള്ള പ്രതിബദ്ധതയ്ക്ക് പാപ്പാ നന്ദി അർപ്പിച്ചു. സമ്മേളന അവസരത്തിൽ പങ്കുവച്ച സാക്ഷ്യങ്ങളെക്കുറിച്ചും പാപ്പാ എടുത്തു പറഞ്ഞു.
തുടർന്ന്, പ്രാർത്ഥന, കാരുണ്യപ്രവൃത്തികൾ, കൂട്ടായ്മ എന്നീ മൂന്നു കാര്യങ്ങൾ അടിവരയിട്ടു കൊണ്ട് പാപ്പാ സംസാരിച്ചു. “ശ്വസിക്കുവാൻ സാധിക്കാതെ ജീവൻ നിലനിർത്തുക സാധ്യമല്ലാത്തതുപോലെ, പ്രാർത്ഥന കൂടാതെ മനുഷ്യന് ജീവിക്കുക അസാധ്യമാണെന്ന”, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ്, പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടത്. തുടർന്ന് പ്രാർത്ഥനയെപ്പറ്റി, വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിന്റെ വാക്കുകളും പാപ്പാ അടിവരയിട്ടു പറഞ്ഞു. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ നീണ്ട മണിക്കൂറുകൾ ആയിരിക്കുന്നതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നും, അപരന് വേണ്ടി പ്രാർത്ഥിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നുവെന്നുള്ള വിശുദ്ധന്റെ അനുഭവങ്ങൾ പാപ്പാ വിവരിച്ചു. പ്രാർത്ഥന ഹൃദയത്തെ ഒന്നിപ്പിക്കുകയും മാനുഷികവൽക്കരിക്കുകയും ശക്തിപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ പാപ്പാ, മാനവികത, ഐക്യം, ശക്തി, വിശുദ്ധി എന്നിവ ഊട്ടിയുറപ്പിക്കുന്ന അൾജീരിയയിലെ സഭയുടെ പ്രാർത്ഥനകൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.
തുടർന്ന് കാരുണ്യപ്രവൃത്തികളുടെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു. വികലാംഗരായ കുഞ്ഞുങ്ങൾക്കൊപ്പം സേവനം ചെയ്യുന്നതിന്റെ അനുഭവങ്ങൾ പങ്കുവച്ച സിസ്റ്റർ ബെർണദെത്തിന്റെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട്, കരുണയുടെയും സേവനത്തിന്റെയും മൂല്യം ഏറ്റവും ദുർബലരായവർക്കുള്ള പിന്തുണയായി മാത്രമല്ല, എല്ലാറ്റിനുമുപരിയായി കൃപയുടെ ഇടമെന്ന നിലയിൽ മനസിലാക്കപ്പെടണമെന്നു ചൂണ്ടിക്കാട്ടി. കാരുണ്യപ്രവൃത്തികൾ എപ്പോഴും, രോഗീ സന്ദർശനം പോലെ വളരെ ലളിതമായ രീതിയിലാണ് ആരംഭിക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു. രക്തസാക്ഷികളുടെ ജീവിതസാക്ഷ്യത്തെ സജീവമാക്കിയത് സഹോദരീസഹോദരന്മാരോടുള്ള അവരുടെ സ്നേഹമായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അൾജീരിയയിലെ ധീര രക്തസാക്ഷികളുടെ സാക്ഷ്യം, എല്ലാവർക്കും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രചോദനമായിരിക്കട്ടെ എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഊന്നിപ്പറഞ്ഞു.
സമാധാനവും, ഐക്യവും പ്രോത്സാഹിപ്പിക്കുവാൻ ക്രൈസ്തവർ എന്ന നിലയിലുള്ള പ്രതിബദ്ധതയും പാപ്പാ എടുത്തുപറഞ്ഞു. ഇതിനു നമുക്കുള്ള പ്രചോദനം ഉത്ഥിതനായ ക്രിസ്തു നൽകുന്ന സമാധാനത്തിന്റെ ആശംസയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനവും ഐക്യവും ക്രിസ്തീയ സമൂഹത്തിന്റെ അടിസ്ഥാന സവിശേഷതകളാണെന്നും, അപ്പസ്തോലപ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ പാപ്പാ എടുത്തു പറഞ്ഞു. ഈ കൂട്ടായ്‍മയുടെയും, ഐക്യത്തിന്റെയും അടയാളമാണ്, ഒത്തുചേർന്നിരിക്കുന്ന ബസിലിക്കയെന്നും, അത്, ജീവനുള്ള കല്ലുകളാൽ നിർമ്മിതമായ സഭയുടെ പ്രതീകമാണെന്നും, ആഫ്രിക്കയുടെ മാതാവിന്റെ സംരക്ഷണത്തിൽ, ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള കൂട്ടായ്മ കെട്ടിപ്പടുക്കപ്പെടുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ലല്ല മെറിയത്തിന്റെ മാതൃസ്നേഹം എല്ലാവരെയും കുട്ടികളായി ഒരുമിച്ച് കൂട്ടുന്നുവെന്നും പറഞ്ഞ പാപ്പാ, ഓരോരുത്തരും അവന്റെ വൈവിധ്യങ്ങളാൽ സമ്പന്നരാണെന്നും, അതേസമയം മനുഷ്യാന്തസ്സ്, സ്നേഹം, നീതി, സമാധാനം എന്നിവയ്ക്കുള്ള ഒരേ അഭിലാഷത്താൽ ഏവരും ഒന്നിക്കുന്നുവെന്നും അടിവരയിട്ടു.
ഒരുമിച്ച് നടക്കാനും ജീവിക്കാനും പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും സ്വപ്നം കാണാനും ആഗ്രഹിക്കുന്ന ജനത, യഥാർത്ഥമായ ഒരു സാഹോദര്യം വളർത്തിയെടുക്കുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.
ഭിന്നതകളും യുദ്ധങ്ങളും രാജ്യങ്ങൾക്കിടയിലും സമൂഹങ്ങളിലും കുടുംബങ്ങളിലും പോലും വേദനയും മരണവും വിതയ്ക്കുന്ന ഒരു ലോകത്ത്, അൾജീരിയയിലെ ജനത ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുന്നത് ഒരു വലിയ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മരുഭൂമിയുടെ സാന്നിധ്യം ഏവരെയും ഓർമ്മിപ്പിക്കുന്ന വലിയ സത്യം, ആർക്കും മറ്റുള്ളവരിൽ നിന്നും വേർപെട്ടു ഒറ്റയ്ക്ക് നിൽക്കുക സാധ്യമല്ല എന്നതാണെന്നും, ഏവർക്കും, ദൈവത്തെയും, അപരനേയും ആവശ്യമുണ്ടെന്നും പാപ്പാ പറഞ്ഞു. വിശ്വാസത്തിന്റെ ഒരു സമൂഹമെന്ന നിലയിൽ, സഭയുടെ സാന്നിധ്യം "രക്ഷയുടെ സാർവത്രിക കൂദാശ" ആയി ഏവർക്കും അനുഭവവേദ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
