തിരയുക

പാപ്പാ അഭിവാദ്യം ചെയ്യുന്നു  പാപ്പാ അഭിവാദ്യം ചെയ്യുന്നു   (@Vatican Media)

"മാഞ്ഞിഫിക്ക ഹുമാനിത്താസ്", ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനം

'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനം, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി പ്രസിദ്ധീകരിക്കും.

വത്തിക്കാൻ ന്യൂസ്

"മാഞ്ഞിഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) എന്ന തലക്കെട്ടിൽ, 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനം,  മെയ് മാസം ഇരുപത്തിയഞ്ചാം തീയതി പ്രസിദ്ധീകരിക്കും. ലിയോ പതിമൂന്നാമൻ പാപ്പായുടെ ചാക്രികലേഖനമായ റേരും  നൊവാരും  പുറത്തിറക്കിയതിന്റെ 135-ാം വാർഷികമായ മെയ് 15-നാണ്, ലിയോ പതിനാലാമൻ പാപ്പാ, ഈ ചാക്രിക ലേഖനത്തിൽ ഒപ്പു വച്ചിരിക്കുന്നത്.

ലേഖനത്തിന്റെ ഔദ്യോഗിക പ്രകാശനം, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, പ്രാദേശിക സമയം രാവിലെ 11.30 നു വത്തിക്കാനിലെ സിനഡ് ശാലയിൽ വച്ച്, പാപ്പായുടെ സാന്നിധ്യത്തിൽ നടക്കും.

തദവസരത്തിൽ, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസ്, സമഗ്രമാനവിക വികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി, ഡർഹാം സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞയും പ്രൊഫസറുമായ പ്രൊഫസർ അന്ന റോളണ്ട്സ്, ആന്ത്രോപിക് (യുഎസ്എ) യുടെ സഹസ്ഥാപകനും നിർമ്മിത ബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണ മേധാവിയുമായ ക്രിസ്റ്റഫർ ഒലാ; കാലിഫോർണിയയിലെ ജെസ്യൂട്ട് സ്കൂൾ ഓഫ് തിയോളജി/സാന്താ ക്ലാര സർവകലാശാലയിലെ രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെയും കത്തോലിക്കാ സാമൂഹിക ചിന്തയുടെയും പ്രൊഫസർ ലിയോകാഡി ലുഷോംബോ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ നൽകുന്ന സമാപന സന്ദേശത്തിനു ശേഷം, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സന്ദേശം നൽകി ആശീർവാദവും നൽകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മേയ് 2026, 15:52