തിരയുക

അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമൻ കെഷീഷിയൻ അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമൻ കെഷീഷിയൻ  

ലിയോ പതിനാലാമൻ പാപ്പായും ആരാം പ്രഥമൻ കാതോലിക്കോസും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും

ലിയോ പതിനാലാമൻ പാപ്പായും അർമീനിയൻ ഓർത്തഡോക്സ് സഭയുടെ രണ്ടു കാതോലിക്കേറ്റുകളിൽ ഒന്നായ സിലിഷ്യാ സിംഹാസനത്തിന്റെ അദ്ധ്യക്ഷൻ കാതോലിക്കോസ് അരാം പ്രഥമൻ കെഷീഷിയനും വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച നടത്തുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. മെയ് 18 തിങ്കളാഴ്ചയാകും ഈ സുപ്രധാന കൂടിക്കാഴ്ച്ച.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാസഭാദ്ധ്യക്ഷൻ ലിയോ പതിനാലാമൻ പാപ്പാ അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമൻ കെഷീഷിയന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും. മെയ് പതിനാറ് ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്. പൗരസ്ത്യ ഓർത്തഡോക്സ് സഭാകുടുംബത്തിലെ ഒരു അംഗസഭയാണ് ആർമീനിയൻ അപ്പോസ്തോലിക സഭ. ലെബാനനിലെ ബെയ്റൂട്ടിനടുത്തുള്ള അന്റേലിയാസാണ് 1930 മുതൽ ഈ സഭയുടെ ആസ്ഥാനം.

മെയ് മാസം പതിനെട്ടാം തീയതി തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിൽ വച്ചായിരിക്കും ലിയോ പതിനാലാമൻ പാപ്പായും ആരാം ഒന്നാമൻ കാതോലിക്കോസുമായുള്ള ഈ പ്രഥമ സ്വകാര്യകൂടിക്കാഴ്ച നടക്കുക. തുടർന്ന് അവിടെയുള്ള അർബൻ എട്ടാമൻ പാപ്പായുടെ പേരിലുള്ള ചാപ്പലിൽ ഇരുവരും പ്രാർത്ഥിക്കും.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാതോലിക്കോസ് ആരാം പ്രഥമൻ കെഷീഷിയൻ, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററി ഉൾപ്പെടെ കൂരിയയിലെ ചില ഡികാസ്റ്ററികളും സന്ദശിക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.

വത്തിക്കാനിലെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം, മേരി മേജർ ബസലിക്കയ്ക്ക് സമീപമുള്ള പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന കാതോലിക്കോസ്, മദ്ധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവസഭകൾ നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട് ഒരു കോൺഫറൻസും നടത്തും.

1947-ൽ ബെയ്‌റൂട്ടിൽ ജനിച്ച ആരാം കെഷീഷിയാൻ, 1980ൽ എപ്പിസ്കോപ്പയായും, പിന്നീട്, 1995 ജൂലൈ ഒന്നിന്‌ സിലിഷ്യാ സിംഹാസനത്തിന്റെ നാല്പത്തിയഞ്ചാമത് കാതോലിക്കോസായും തിരഞ്ഞെടുക്കപ്പെടുകയിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മേയ് 2026, 12:55