തിരയുക

ലിയോ പതിനാലാമൻ പാപ്പായും സ്പെയിൻ പ്രധാനമന്ത്രി പേദ്രോ സാഞ്ചെസ് പേരെസ് കസ്‌തെഹോണും ലിയോ പതിനാലാമൻ പാപ്പായും സ്പെയിൻ പ്രധാനമന്ത്രി പേദ്രോ സാഞ്ചെസ് പേരെസ് കസ്‌തെഹോണും  (@Vatican Media)

സ്പെയിനിലേക്കുള്ള അപ്പസ്തോലികയാത്രയ്ക്ക് മുൻപായി പാപ്പായും സ്പെയിൻ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച

ജൂൺ 6 മുതൽ 12 വരെ തീയതികളിലായി നീളുന്ന സ്പെയിനിലേക്കുള്ള അപ്പസ്തോലികയാത്രയുടെ കൂടി പശ്ചാത്തലത്തിൽ, ലിയോ പതിനാലാമൻ പാപ്പാ സ്പെയിൻ പ്രധാനമന്ത്രി പേദ്രോ സാഞ്ചെസ് പേരെസ് കസ്‌തെഹോണിന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ നടന്ന ഈ കൂടിക്കാഴ്ചയിൽ, രാജ്യത്തെ പ്രാദേശികസഭയും സർക്കാരും തമ്മിലുള്ള സംവാദങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം, അന്താരാഷ്ട്രതലത്തിലുള്ള സംഘർഷങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഇടം പിടിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സ്പെയിൻ സർക്കാർ പ്രസിഡന്റും, രാജ്യത്തിൻറെ പ്രധാനമന്ത്രിയുമായ പേദ്രോ സാഞ്ചെസ് പേരെസ് കസ്‌തെഹോണിന് (Pedro Sánchez Pérez-Castejón) വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പരിശുദ്ധ പിതാവ് അനുവദിച്ച കൂടിക്കാഴ്ചാസമ്മേളനത്തിന് മുൻപാണ് ഈ സ്വകാര്യകൂടിക്കാഴ്ച നടന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും സ്പെയിൻ പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

അപ്പസ്തോലികകൊട്ടാരത്തിൽ വച്ചുനടന്ന വിവിധ കൂടിക്കാഴ്ചകളിൽ പരിശുദ്ധ പിതാവ് ജൂൺ 6 മുതൽ 12 വരെ തീയതികളിൽ സ്പെയിനിലേക്ക് നടത്താനിരിക്കുന്ന അപ്പസ്തോലികയാത്ര പ്രത്യേകം പരാമർശിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധത്തിന്റെ അടയാളം കൂടിയാണ് ഈ യാത്രയെന്ന് ഇരുനേതൃത്വങ്ങളും വിലയിരുത്തി. സ്പെയിനിലെ പ്രാദേശികസഭയും സർക്കാരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന സംവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യം പ്രത്യേക ചർച്ചാവിഷയമായി. ഇതുകൂടാതെ, പൊതുനന്മ ലക്ഷ്യമാക്കി, പരസ്പരബഹുമാനത്തോടെ സമൂഹത്തിലെ മറ്റു യാഥാർത്ഥ്യങ്ങളുമായുമുള്ള ബന്ധവും ഇത്തരുണത്തിൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇരു വിഭാഗങ്ങളും വിലയിരുത്തി.

ലോകത്ത് നിലനിൽക്കുന്ന വിവിധ സംഘർഷങ്ങളും അവയുടെ ഫലങ്ങളും, കുടിയേറ്റം, വിവിധരാജ്യങ്ങൾക്കിടയിലെ ബന്ധത്തിന്റെ പ്രാധാന്യം, അന്താരാഷ്ട്രനിയമത്തിന്റെ പാലനം, സമാധാനം പ്രോത്‌സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങി, അന്താരാഷ്ട്രസ്വഭാവമുള്ള വിഷയങ്ങളും ചർച്ചകളിൽ ഇടം പിടിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2026, 12:43