ലിയോ പതിനാലാമൻ പാപ്പായും സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനിയും ലിയോ പതിനാലാമൻ പാപ്പായും സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനിയും  (ANSA)

നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട അന്തർ ഡികാസ്റ്ററി കമ്മീഷന് അംഗീകാരം നൽകി ലിയോ പതിനാലാമൻ പാപ്പാ

നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട്, സമഗ്രമാനവികവികസനത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ചേർനി ഒപ്പിട്ട് രേഖ വഴി സ്ഥാപിക്കപ്പെട്ടതും വിവിധ ഡികാസ്റ്ററികളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്നതുമായ കമ്മീഷന് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകിയതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. മെയ് 12-ന് ഒപ്പിട്ട ഈ ഉത്തരവുരേഖ വഴി സ്ഥാപിക്കപ്പെട്ട കമ്മീഷന്, പാപ്പാ അംഗീകാരം നൽകിയ വിവരം മെയ് 16 ശനിയാഴ്ചയാണ് വത്തിക്കാൻ പുറത്തുവിട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നിർമ്മിതബുദ്ധി സംബന്ധിച്ച അന്തർ ഡികാസ്റ്ററി കമ്മീഷന് അംഗീകാരം നൽകി ലിയോ പതിനാലാമൻ പാപ്പാ. സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി,  "പ്രെദിക്കാത്തെ എവഞ്ചേലിയും" എന്ന അപ്പസ്തോലിക ഭരണഘടനയുടെ ഇരുപത്തിയെട്ടാം ആർട്ടിക്കിളിന്റെ അഞ്ചാം ഖണ്ഡികയനുസരിച്ച് സ്ഥാപിച്ച കമ്മീഷന്, മെയ് മൂന്നാം തീയതി കർദ്ദിനാളിനനുവദിച്ച ഒരു കൂടിക്കാഴ്ചയുടെ കൂടി അടിസ്ഥാനത്തിലാണ് പരിശുദ്ധ പിതാവ് അംഗീകാരം നൽകിയത്.

കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിർമ്മിതബുദ്ധിയെന്ന പ്രതിഭാസത്തിന്റെ വളർച്ചയും, പൊതുജനങ്ങൾക്കിടയിൽ അടുത്തിടെയുണ്ടായിട്ടുള്ള അതിന്റെ കൂടുതലായ ഉപയോഗവും, മനുഷ്യന്റെമേലും, പൊതുവായ മാനവികതയുടെ മേലും അതുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളും, മനുഷ്യരുടെ അന്തസ്സുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് മനുഷ്യരുടെ സമഗ്രവികസനം സംബന്ധിച്ച് സഭയ്ക്കുള്ള പ്രത്യേക പരിഗണനയും കണക്കിലെടുത്താണ് പരിശുദ്ധ പിതാവ് ഈ കമ്മീഷന് അംഗീകാരം നൽകിയതെന്ന് മെയ് പന്ത്രണ്ടാം തീയതി ഒപ്പിട്ട് മെയ് പതിനാറ് ശനിയാഴ്ച പുറത്തുവിട്ട ഒരു സ്ഥാപനഉത്തരവ് രേഖയിലൂടെ കർദ്ദിനാൾ ചേർനി വിശദീകരിച്ചു.

സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററി, വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡികാസ്റ്ററി, ആശയവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി, ശാസ്ത്രവിഭാഗങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി, സാമൂഹ്യശാസ്ത്രങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി എന്നിവയുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതായിരിക്കും മേലുദ്ധരിച്ച കമ്മീഷൻ.

പൊതുനന്മകൂടി ലക്ഷ്യമാക്കി നിർമ്മിതബുദ്ധിയെന്ന യാഥാർത്ഥ്യത്തിന്റെ ശരിയായ ഉപയോഗം, അതിലുണ്ടായിരിക്കേണ്ട ധാർമ്മിക മൂല്യങ്ങൾ തുടങ്ങി വിവിധ ഉദ്ബോധനങ്ങൾ ഉൾപ്പെടുത്തി, "മാഞ്ഞിഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) എന്ന പേരിൽ മെയ് മാസം ഇരുപത്തിയഞ്ചാം തീയതി തന്റെ പ്രഥമ ചാക്രികലേഖനം, പരിശുദ്ധ പിതാവ് പുറത്തിറക്കാനിരിക്കെയാണ് നിർമ്മിതബുദ്ധി സംബന്ധിച്ച അന്തർ ഡികാസ്റ്ററി കമ്മീഷന് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകിയത്.

കമ്മീഷൻ അംഗങ്ങളായുള്ള വിവിധ ഡികാസ്റ്ററികളുടെ നേതൃത്വം നിയോഗിക്കുന്ന പ്രതിനിധികൾ ഉൾക്കൊളളുന്ന അംഗങ്ങളുൾക്കൊള്ളുന്ന കമ്മീഷന്റെ ഘടനാപരമായ മാറ്റങ്ങൾ പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയായിക്കും പ്രാബല്യത്തിൽ വരിക. നിലവിലെ തീരുമാനപ്രകാരം, സമഗ്രമാനാവികവികസനത്തിന് വേണ്ടിയുള്ള ഡികാസ്റ്ററി ഒരു വർഷത്തേക്ക് കമ്മീഷന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.

കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ആശയകൈമാറ്റങ്ങളും, പരിശുദ്ധ സിംഹാസനത്തിനുകീഴിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങളും പരസ്പരസംവാദങ്ങളിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചുമതല, പ്രതിവർഷം ഇതിന്റെ മേൽനോട്ടം വഹിക്കുന്ന അംഗസ്ഥാപനത്തിനായിരിക്കും. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മേയ് 2026, 12:05