ലിയോ പതിനാലാമൻ പാപ്പായും കാതോലിക്കോസ് ആരാം ഒന്നാമനും പൊതുകൂടിക്കാഴ്ചാവേദിയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പായും കാതോലിക്കോസ് ആരാം ഒന്നാമനും പൊതുകൂടിക്കാഴ്ചാവേദിയിൽനിന്നുള്ള ഒരു ചിത്രം   (@Vatican Media)

ലെബനനും മദ്ധ്യപൂർവ്വദേശങ്ങൾക്കും വേണ്ടി പ്രാർത്ഥനയോടെ ലിയോ പതിനാലാമൻ പാപ്പാ

ലെബനനുൾപ്പെടെയുള്ള മദ്ധ്യപൂർവ്വദേശങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടാനും അത് തുടരാനും പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പായും. മെയ് 20 ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലായിരുന്നു, യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ഈ ജനവിഭാഗത്തെ പാപ്പാ പരാമർശിച്ചത്. സിലീഷ്യായുടെ കാതോലിക്കോസ് ആരാം ഒന്നാമനും ചടങ്ങിൽ സംബന്ധിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളും സംഘർഷങ്ങളും തുടർച്ചയായ ആക്രമണങ്ങളും മൂലം ബുദ്ധിമുട്ടുന്ന ലെബനനിലേതുൾപ്പെടെ, മദ്ധ്യപൂർവ്വദേശങ്ങളിലെ ആളുകൾക്ക് സമാധാനം ലഭ്യമാകാൻ വേണ്ടി പ്രാർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ. ലെബനൻ ആസ്ഥാനമായുള്ള സിലിഷ്യാ ഓർത്തഡോക്സ് സിംഹാസനത്തിന്റെ അദ്ധ്യക്ഷൻ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു, മെയ് 20 ബുധനാഴ്‌ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ചാമദ്ധ്യേ പരിശുദ്ധ പിതാവ് ഇത്തരമൊരു പ്രാർത്ഥന നടത്തിയത്.

അക്രമങ്ങളാലും യുദ്ധത്താലും പിച്ചിച്ചീന്തപ്പെടുന്ന ലെബനനും മദ്ധ്യപൂർവ്വദേശങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്നായിരുന്നു പാപ്പാ ആഹ്വാനം ചെയ്തത്. മെയ് 18 തിങ്കളാഴ്ച അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് കാതോലിക്കോസുമൊത്ത് കൂടിക്കാഴ്ച നടത്തിയ അവസരത്തിലും, ലെബനനും മദ്ധ്യപൂർവ്വദേശങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത പരിശുദ്ധ പിതാവ്, അവിടുത്തെ ജനം കടന്നുപോകുന്ന സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

തനിക്കൊപ്പം പൊതുകൂടിക്കാഴ്ചാവേദി പങ്കിട്ട കാതോലിക്കോസിന്, തന്റെ പൊതുപ്രഭാഷണത്തിന് മുൻപായി സ്വാഗതമേകിയ പാപ്പാ, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ തനിക്കുള്ള സന്തോഷം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സഹോദര്യപൂർണ്ണമായ ഈ സന്ദർശനം, ഇരു സഭകളും തമ്മിലുള്ള ഐക്യവും ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണെന്നും, സഭകൾ തമ്മിലുള്ള പൂർണ്ണമായ ഐക്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണെന്നും പാപ്പാ പ്രസ്താവിച്ചു.

സഭൈക്യപ്രസ്ഥാനത്തിൽ കാതോലിക്കോസ് ആരാം ഒന്നാമന്റെ പ്രത്യേക താത്പര്യവും ഇടപെടലുകളും പരാമർശിച്ച പാപ്പാ, നാമെല്ലാവരും ആഗ്രഹിക്കുന്ന സഭൈക്യത്തിന്റെ പൂർണ്ണതയിലേക്ക് നടക്കാൻ നമ്മുടെ പാതകളെ സഭയിലെ വിവിധ വിശുദ്ധരും പരിശുദ്ധ ദൈവമാതാവും സഹായിക്കട്ടെയെന്നും ആശംസിച്ചു.

ലെബനൻ, സിറിയ, സൈപ്രസ്, കുവൈറ്റ്, അറബ് എമിറേറ്റ്സ്, ഗൾഫ് പ്രദേശങ്ങൾ, ഇറാൻ, ഗ്രീസ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങൾ സിലീഷ്യ ഓർത്തഡോക്സ് സിംഹാസനത്തിന് കീഴിലാണ് വരുന്നത്.  1930 മുതൽ ഇതിന്റെ ആസ്ഥാനം ലെബനനിലെ ആന്റേലിയാസ് ആണ്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മേയ് 2026, 12:52