തിരയുക

ചാക്രിക ലേഖനത്തിന്റെ പ്രകാശനവേളയിൽ പാപ്പാ ചാക്രിക ലേഖനത്തിന്റെ പ്രകാശനവേളയിൽ പാപ്പാ   (@Vatican Media)

നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കണം: പാപ്പായുടെ പുതിയ ചാക്രിക ലേഖനം

ലിയോ പതിമൂന്നാമൻ പാപ്പായുടെ "റേരും നൊവാരും", ചാക്രികലേഖനത്തിന്റെ 135-ാം വാർഷികത്തിൽ, ലിയോ പതിനാലാമൻ പാപ്പാ ഒപ്പു വച്ച തന്റെ ആദ്യ ചാക്രിക ലേഖനമായ, "മാഞ്ഞിഫിക്ക ഹുമാനിത്താസ്" മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, പ്രസിദ്ധീകരിച്ചു. 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പുതിയ ചാക്രിക ലേഖനം.

ഇസബെല്ല പീറോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"ഇന്ന് ദൈവം സൃഷ്ടിച്ച മഹത്തായ മനുഷ്യരാശി നിർണായകമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു: ബാബേലിന്റെ ഒരു പുതിയ ഗോപുരം ഉയർത്തുക അല്ലെങ്കിൽ ദൈവവും മനുഷ്യരാശിയും ഒരുമിച്ച് വസിക്കുന്ന നഗരം പണിയുക." നിർമ്മിത ബുദ്ധിയുടെ അതിപ്രസരം, ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന ഒരു കാലഘട്ടത്തിൽ, ലിയോ പതിനാലാമൻ പാപ്പായുടെ ചാക്രികലേഖനമായ  "മാഞ്ഞിഫിക്ക ഹുമാനിത്താസ്" മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, വായനക്കാർക്കായി സമർപ്പിച്ചു. ലിയോ പതിമൂന്നാമൻ  പാപ്പായുടെ "റേരും നൊവാരും", ചാക്രികലേഖനത്തിന്റെ 135-ാം വാർഷികദിനമായ, മെയ് മാസം പതിനഞ്ചാം തീയതിയാണ്, ലിയോ പതിനാലാമൻ പാപ്പാ, ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്. അഞ്ചു അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന, ചാക്രികലേഖനത്തിൽ, സാങ്കേതികവിദ്യ "വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വൈരുദ്ധ്യ ശക്തി" അല്ല എന്നും ധീരമായ സഹ-ഉത്തരവാദിത്തത്തിന്റെയും കൂട്ടായ്മയുടെയും യുക്തി പിന്തുടർന്ന് "നന്മയിൽ കെട്ടിപ്പടുക്കുന്ന മാനവികത തുടരുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.

ലേഖനത്തിന്റെ ആദ്യ അധ്യായത്തിൽ,  സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് പാപ്പാ നൽകുന്നത്. തുടർന്ന് രണ്ടാം അധ്യായത്തിൽ, സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ അടിത്തറകളും തത്ത്വങ്ങളും എടുത്തു പറയുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗർഭധാരണം മുതൽ സ്വാഭാവിക മരണം  വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനമില്ലായ്മ; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പാപ്പാ പ്രതിപാദിക്കുന്നു. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളുടെ അഞ്ചു പ്രധാനപ്പെട്ട മാനങ്ങളെ പാപ്പാ അടിവരയിട്ടു പറയുന്നു. പൊതുനന്മയാണ് അതിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നത്. പൊതുനന്മയുടെ പ്രോത്സാഹനത്തെ ഒരിക്കലും ജനങ്ങളുടെ നിലനിൽപ്പിനുള്ള അവകാശത്തിൽ നിന്നും  വേർപെടുത്തുക സാധ്യമല്ലെന്നു പറഞ്ഞ പാപ്പാ, "ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു ശ്രമമോ പദ്ധതിയോ ഗുരുതരമായ അധാർമ്മികവും അതിനാൽ അസ്വീകാര്യവുമായ പ്രവൃത്തിയാണെന്നും" കൂട്ടിച്ചേർക്കുന്നു.

രണ്ടാമത്തെ തത്വം ഉത്പ്പന്നങ്ങളുടെ സാർവത്രിക ലക്ഷ്യസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. സാങ്കേതികവിദ്യകൾ ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടേണ്ടതല്ല എന്ന് പാപ്പാ എടുത്തു പറയുന്നു. ഇതിനായി സഹ ഉത്തരവാദിത്വത്തിന്റെയും, ഉത്തരവാദിത്വത്തിന്റെയും തത്വങ്ങളും പാപ്പാ അടിവരയിടുന്നു. അവസാനമായി, സാമൂഹിക നീതിയെ പറ്റിയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ, എല്ലാവർക്കും അവസരങ്ങളുടെ തുല്യ പ്രവേശനം ഉറപ്പുനൽകണം, ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണം, വിദ്വേഷത്തെയും തെറ്റായ വിവരങ്ങളെയും പ്രതിരോധിക്കണം, സാങ്കേതികവിദ്യകളുടെ ഉപയോഗം പൊതു പരിശോധനയ്ക്ക് വിധേയമാക്കണം. എന്നീ ആശയങ്ങൾ പാപ്പാ മുൻപോട്ടു വയ്ക്കുന്നു.

മൂന്നാം അധ്യായം, നിർമ്മിത ബുദ്ധിക്കായുള്ള ഒരു ധാർമ്മിക സംഹിതയുടെ ആവശ്യം എടുത്തു പറഞ്ഞുകൊണ്ട്, സാങ്കേതികതയും ആധിപത്യവും, നിർമ്മിത ബുദ്ധിയുടെ  വാഗ്ദാനങ്ങൾക്ക് മുന്നിൽ മനുഷ്യ വ്യക്തിയുടെ മഹത്വം എന്ന തലക്കെട്ടിൽ വിവരിക്കുന്നു. നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വികസനത്തെ ജാഗ്രതയോടെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് ഇവിടെ അടിവരയിടുന്നു. അതിന്റെ എല്ലാ ഘട്ടങ്ങളുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തത നിലനിർത്തുകയും മതിയായ നയങ്ങളിലും നിയമ ചട്ടക്കൂടുകളിലും സ്വതന്ത്ര മേൽനോട്ടത്തിലും ഉപയോക്തൃ വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നും പാപ്പാ എടുത്തു പറയുന്നു. ഇവിടെ നിർമ്മത്ത സാങ്കേതിക ബുദ്ധിയുടെ ഉപയോഗം നിരായുധമാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

തുടർന്ന് നാലാം അധ്യായത്തിൽ, സാമൂഹിക പരിവർത്തനത്തിൽ മനുഷ്യനെ കാത്തുസൂക്ഷിക്കുവാനും. തൊഴിൽ , സ്വാതന്ത്ര്യം, സത്യം  എന്നിവയെ  അടിസ്ഥാനമാക്കിയുള്ള ഒരു "ആശയവിനിമയത്തിന്റെ പരിസ്ഥിതി" കാത്തുസൂക്ഷിക്കുവാനും പാപ്പാ ആഹ്വാനം  ചെയ്യുന്നു. സുതാര്യത, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, ഗൗരവമായ പത്രപ്രവർത്തനം, എന്നിവയെല്ലാം പാപ്പാ എടുത്തു പറയുന്നു. തൊഴിലിന്റെ മാന്യത, സമാധാനപൂർവ്വകമായ പുരോഗതി, മാനവിക സ്വാതന്ത്ര്യം, എന്നിവയെല്ലാം പാപ്പാ നാലാം അധ്യായത്തിൽ വിവരിക്കുന്നു.

അവസാന അധ്യായത്തിന്റെ തലക്കെട്ട്, അധികാരത്തിന്റെ സംസ്കാരവും സ്നേഹത്തിന്റെ നാഗരികതയും എന്നുള്ളതാണ്. ആയുധ വ്യവസായത്തിന്റെ വളർച്ച, ആണവായുധ മത്സരം, ജിഹാദികൾ  ഉൾപ്പെടെയുള്ള പുതിയ സായുധ സംഘങ്ങളുടെ  ആവിർഭാവം എന്നിവയെ പാപ്പാ അപലപിക്കുന്നു. , പൊതുനന്മയ്ക്ക് അനുകൂലമായ മൂല്യങ്ങളുടെ നിലവിലെ പ്രതിസന്ധിയെ മറികടക്കുവാൻ സാധിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു. "സ്നേഹത്തിന്റെ നാഗരികത" കെട്ടിപ്പടുക്കുന്നതിലൂടെയും ബലത്തിന്റെ യുക്തിയെ പരിപോഷിപ്പിക്കണോ അതോ സമാധാനം നിലനിർത്തണോ എന്ന് തീരുമാനിച്ചുകൊണ്ട് അധികാര സംസ്കാരത്തോട് പ്രതികരിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ എടുത്തു പറയുന്നു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ  പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം വസിക്കുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുന്നു. അപ്രകാരം, നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിലും,"ദൈവം വസിക്കുന്ന മഹത്തായ മനുഷ്യരാശിയുടെ സൗന്ദര്യത്തിന്" സാക്ഷ്യം വഹിക്കാൻ കഴിയുമെന്നും പാപ്പാ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മേയ് 2026, 14:24