ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

പാരമ്പര്യത്തിലധിഷ്ഠിതമായ ആരാധനാക്രമനവീകരണത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

മെയ് 27 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ ആധാരമാക്കിയ തന്റെ പ്രഭാഷണത്തിൽ, സഭയിലും വിശ്വാസജീവിതത്തിലും ആരാധനാക്രമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതിൽ കാലാനുസരണം ആവശ്യമായി വന്നേക്കാവുന്ന പരിഷ്കരണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രണ്ടാം വത്തിക്കാൻ കൗൺസിലും, തുടർന്നുള്ള സഭാപ്രബോധനങ്ങളും മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പാപ്പാ സംസാരിച്ചത്.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന കോൺസ്റ്റിറ്റ്യൂഷനെ, പ്രമാണരേഖയെ, ആധാരമാക്കി, "ആരാധനക്രമ പരിഷ്കരണം: പാരമ്പര്യവും വികസനവും" എന്ന വിഷയത്തിൽ, സഭയിലും വിശ്വാസജീവിതത്തിലും ആരാധനാക്രമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതിൽ കാലാനുസരണം ആവശ്യമായി വന്നേക്കാവുന്ന പരിഷ്കരണങ്ങൾ, അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രത്യേകിച്ച് രണ്ടാം വത്തിക്കാൻ കൗൺസിലും, തുടർന്നുള്ള സഭാപ്രബോധനങ്ങളും മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെയ് ഇരുപത്തിയേഴാം തീയതി ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പാപ്പാ പതിവുപോലെ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനം പതിനഞ്ചാം അദ്ധ്യായം നാലുമുതൽ ആറുവരെയുള്ള വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

"മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനു വേണ്ടിയാണ്. സ്ഥൈര്യത്താലും വിശുദ്ധ ലിഖിതങ്ങളിൽനിന്ന് ലഭിക്കുന്ന സമാശ്വാസത്താലും നമുക്ക് പ്രത്യാശയുളവാക്കാൻ വേണ്ടി. സ്ഥൈര്യവും സമാശ്വാസവും നൽകുന്ന ദൈവം പരസ്പരൈക്യത്തിൽ യേശുക്രിസ്തുവിനോട് ചേർന്ന് ജീവിക്കാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ! അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ" (റോമാ 15, 4-6).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

ധന്യനായ പന്ത്രണ്ടാം പിയൂസ് പാപ്പാ "മേദിയാത്തോർ ദേയി" (Mediator Dei) എന്ന തന്റെ ചാക്രികലേഖനത്തിൽ, "സഭ ജീവിക്കുന്ന ഒരു സജീവവസ്തുവാണെന്നും, അതുകൊണ്ടുതന്നെ, ആരാധനക്രമം, അതിനെക്കുറിച്ചുള്ള ഉദ്ബോധനങ്ങളുടെ സമഗ്രത നിലനിൽക്കെ, കാലക്രമേണ ഉണ്ടാകുന്ന സാഹചര്യങ്ങളോടും ആവശ്യങ്ങളോടും പൊരുത്തപ്പെട്ടും അനുരൂപപ്പെട്ടും വളരുകയും വികസിക്കുകയും ചെയ്യുന്നു" എന്ന് എഴുതുന്നുണ്ട് (I,V).

ഈയൊരു തത്വത്തോട് യോജിച്ചുകൊണ്ട്, "ആരാധനാക്രമത്തിന്റെ പരിഷ്കരണത്തിലും ഉന്നമനത്തിലും സവിശേഷമായി താൽപ്പര്യം കാണിക്കുക എന്ന തന്റെ കടമ" രണ്ടാം വത്തിക്കാൻ കൗൺസിൽ അതിന്റെ സാക്രോസാന്ക്തും കൊൺചീലിയും (Sacrosanctum Concilium - SC) എന്ന പ്രമാണരേഖയുടെ ആമുഖത്തിൽ അംഗീകരിക്കുന്നുണ്ട് (n. 1). വാസ്തവത്തിൽ, "വിശ്വാസികൾക്കിടയിൽ കൂടുതലായി ക്രിസ്തീയജീവിതം വളർത്തുക, മാറ്റങ്ങൾക്ക് വിധേയമാകേണ്ട യാഥാർത്ഥ്യങ്ങളെ, നമ്മുടെ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടുത്തുക, വിശ്വാസികളെല്ലാവരെയും ക്രിസ്തുവിൽ ഒരുമിച്ച് ചേർക്കാനും, എല്ലാവരെയും സഭയുടെ മടിത്തട്ടിലേക്ക് വിളിച്ചുചേർക്കാനും സഹായകരമായവയെയെല്ലാം കൂടുതൽ സജീവമാക്കുക" (ibid) എന്നീ ലക്ഷ്യങ്ങളോടെയാണ് കൗൺസിൽ സമ്മേളനം വിളിച്ചുചേർക്കപ്പെട്ടത്.

നൂറ്റാണ്ടുകളായി സഭ ദൈവമഹത്വവും, ക്രൈസ്തവരുടെ വിശുദ്ധീകരണവും സാധ്യമാക്കിയിരുന്ന ആചാരാനുഷ്ഠനരീതികളുടെ നവീകരണത്തിന്റെ ആവശ്യം ആ ചരിത്ര നിമിഷത്തിൽ ശക്തമായി അനുഭവപ്പെട്ടിരുന്നു. പിന്നീട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞതുപോലെ, "ആരാധനാക്രമത്തിന്റെ നവീകരണത്തിനും സഭാജീവിതത്തിന്റെ നവീകരണത്തിനുമിടയിൽ വളരെ അടുത്തതും ജൈവികവുമായ ഒരു ബന്ധമുണ്ട്" എന്ന ബോധ്യം ലിറ്റർജിക്കൽ പ്രസ്ഥാനത്തിന്റെ സഹായത്തോടെ പക്വത പ്രാപിച്ചു. "ആരാധനാക്രമത്തിൽ സഭ പ്രവർത്തിക്കുക മാത്രമല്ല, മറിച്ച് സ്വയം പ്രകടിപ്പിക്കുകയും ആരാധനക്രമത്തിൽനിന്ന് തന്റെ ജീവനുവേണ്ടിയുള്ള ശക്തി നേടുകയും ചെയ്യുന്നു" (Lett. Dominicae Cenae, 13).

പരിശുദ്ധ ആരാധനക്രമം ചൊരിയുന്ന കൃപയുടെ ദാനങ്ങളുടെ സമൃദ്ധി വിശ്വാസികൾക്ക് എളുപ്പത്തിൽ പ്രാപ്യമാക്കുന്നതിനെ സഹായിക്കാനായി, സാക്രോസാന്ക്തും കൊൺചീലിയും എന്ന പ്രമാണരേഖ, ഫലപ്രദമായ ഒരു സൂത്രവാക്യത്തിലൂടെ ഏതൊരു ദിശയാണ് പിന്തുടരേണ്ടതെന്ന് സൂചിപ്പിക്കുന്നു. "ശരിയായ പാരമ്പര്യം പരിരക്ഷിക്കുകയും, നിയമാനുസൃതമായ പുരോഗതിയിലേക്ക് വഴി തുറന്നിടുകയും ചെയ്യുക" (SC, 23) എന്നതാണത്.

ഈയൊരു പ്രഖ്യാപനത്തിലൂടെ, പഴമയുടെ വലിയ ആരാധനാക്രമപരമ്പര്യവും ഭാവിയും തമ്മിൽ സമരസപ്പെടുത്തിക്കൊണ്ട്, കൗൺസിൽ പിതാക്കന്മാർ ഉദ്ദേശിച്ചിരുന്ന "നവീകരണപദ്ധതിയെ" ബെനഡിക്ട് പതിനാറാമൻ പാപ്പാ മനസ്സിലാക്കുകയും, "പാരമ്പര്യവും പുരോഗതിയും വിചിത്രമായ രീതിയിൽ പലപ്പോഴും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്" ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. അതേസമയം "യാഥാർത്ഥ്യത്തിൽ ഈ രണ്ട് ആശയങ്ങളും പരസ്പരം ഒന്നുചേരുന്നുവെന്നും, പാരമ്പര്യം അതിൽത്തന്നെ പുരോഗതിയെ ഉൾക്കൊള്ളുന്നുണ്ടെന്നും, ഇത്, പാരമ്പര്യമെന്ന പുഴ, അതിൽത്തന്നെ അതിന്റെ ഉറവിടത്തെ വഹിക്കുന്നുണ്ടെന്നും, അതിന്റെ നിർഗ്ഗമനലക്ഷ്യത്തിലേക്ക് ഒഴുകുന്നുണ്ടെന്നും" പറയുന്നതുപോലെയാണെന്ന് പാപ്പാ പറയുന്നു (സെന്റ് ആൻസെൽമോ പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇൻസ്റ്റിട്യൂട്ട് സ്ഥാപിതമായതിന്റെ അൻപതാം വാർഷികകോൺഫറൻസിൽ സംബന്ധിച്ചവരെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രഭാഷണം, മെയ് 6, 2011).

ആധികാരികമായ പാരമ്പര്യത്തിൽ വേരൂന്നിയ ഈ പുരോഗതിയുടെ നിയമസാധുതയെ കൗൺസിൽ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, "ആരാധനാക്രമത്തിൽ പരിവർത്തനത്തിനതീതമായ ദൈവികസ്ഥാപിതഘടകങ്ങളെ, പരിവർത്തനവിധേയമായവയും, ആരാധനാക്രമത്തിൽ കടന്നുകൂടിയിട്ടുള്ളതും അതിന്റെ ആന്തരികഭാവത്തോട് പൊരുത്തപ്പെടാത്തതും, അനുയോജ്യമല്ലാതായിത്തീർന്നവയും, കാലത്തിന്റെ പുരോഗതിയിൽ മാറ്റം വരുത്തപ്പെടാവുന്നവയോ, മാറ്റം വരുത്തപ്പെടേണ്ടവയോ ആയ ഘടകങ്ങളിൽനിന്ന് കൗൺസിൽ വേർതിരിച്ചുകാട്ടുന്നുണ്ട്  (SC, 21).ക്രിസ്തുവിന്റെ പെസഹാരഹസ്യത്തിൽ ആചാരാനുഷ്‌ഠാനങ്ങളിലൂടെ വിശ്വാസികൾക്ക് ഫലപ്രദമായി പങ്കെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നൂറ്റാണ്ടുകളിലുടനീളം ഇതുപോലെയുള്ള മാറ്റങ്ങൾ നിരന്തരം സംഭവിച്ചിട്ടുണ്ട്. അങ്ങനെ സഭയുടെ ആരാധന ഓരോ യുഗങ്ങളുടെയും സംസാകാരികരൂപങ്ങളിൽ അവതാരമെടുത്തു എന്ന് മാത്രമല്ല, അവയിൽ സ്വാധീനം ചെലുത്തുവാനോ, അവയെ രൂപാന്തരപ്പെടുത്താനോ പ്രാപ്യമായിരുന്നുതാനും. നൂറ്റാണ്ടുകളായി ആരാധനക്രമം സുവിശേഷവത്കരണത്തിന്റെ നടത്തിപ്പുകാരനായിരുന്നു. ഈയൊരു ഊർജ്ജത്തെ ഇന്ന് ആധികാരികവും സജീവവുമായ കാതോലിക്കാപരമ്പര്യവുമായി യോജിപ്പിച്ചുകൊണ്ട്, അതായത്, വിശ്വാസികളെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കാനുള്ള ഒരു ലക്ഷ്യത്തോടെ പുതുക്കേണ്ടതുണ്ട്.

സഭയുടെ ഉറപ്പായ ഉപയോഗത്തോട് പൊരുത്തപ്പെടുന്നതായ കർമ്മാനുഷ്ഠാനങ്ങളുടെ പരിഷ്കരണം, പുതിയ ക്രമങ്ങൾ നിലവിലിരിക്കുന്നവയിൽനിന്നുതന്നെ ഏതെങ്കിലും വിധത്തിൽ ഘടനാപരമായി വളർന്നുവരുന്നുവെന്ന ശ്രദ്ധയോടെ വേണം നടത്തേണ്ടതെന്ന് കൗൺസിൽ പിതാക്കന്മാർ എന്തുകൊണ്ടാണ് ശുപാർശ ചെയ്തതെന്ന് ഇവിടെ മനസ്സിലാക്കാൻ സാധിക്കും (SC, 23). മുഴുവൻ സഭയുടെയും നന്മയ്ക്കായി, ഓരോ പരിഷ്കരണവും എല്ലായ്‌പ്പോഴും ദൈവശാസ്ത്ര, ചരിത്ര, അജപാലന പരമായ കൃത്യമായ ഗവേഷണത്തിന് ശേഷം വേണം നടത്തേണ്ടത് (ibid.). വിശ്വാസികൾ വഴിതെറ്റുന്നത് ഒഴിവാക്കാൻ വേണ്ടി, സ്വന്തം താത്പര്യപ്രകാരം ആരാധനാക്രമകാര്യങ്ങളിൽ എന്തെങ്കിലും ചേർക്കുകയോ, അതിൽനിന്ന് നീക്കം ചെയ്യുകയോ അതിൽ മാറ്റം വരുത്തുകയോ ചെയ്യുന്നതിനായി ശ്രമിക്കുന്നതിൽനിന്ന് പിന്തിരിയാൻ ഏവരെയും കൗൺസിൽ മജിസ്റ്റീരിയം ഇപ്രകാരം ക്ഷണിക്കുന്നു (cfr SC, 22). കൗൺസിൽ പ്രമാണരേഖ ആഹ്വാനം ചെയുന്ന പുരോഗതി, ഒരുവിധത്തിലും സഭാകൂട്ടായ്മയിൽ വിട്ടുവീഴ്ചചെയ്യുന്നില്ലെന്ന് മാത്രമല്ല, അത്, സ്ഥിരീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.

അതുകൊണ്ട്, ദിവ്യരഹസ്യങ്ങളുടെ ആഘോഷത്തിനായി ഒരുക്കങ്ങൾ നടത്താൻ വിളിക്കപ്പെട്ടിരിക്കുന്നവരോട്, പ്രത്യേകിച്ച് ആരാധനാക്രമശുശ്രൂഷയ്ക്ക് അദ്ധ്യക്ഷം വഹിക്കുകയെന്ന ശുശ്രൂഷ നിർവ്വഹിക്കുന്ന പുരോഹിതന്മാരോട്, ആരാധനക്രമഗ്രന്ഥത്തോടും, അതിലെ ചട്ടങ്ങളോടും, ദൈവത്തോടുള്ള ആന്തരികമായ സംലഭ്യതയുടെയും സമർപ്പണത്തിന്റെയും ആന്തരികമനോഭാവത്തിൽനിന്ന് ഉയരുന്ന ബഹുമാനം, അവന്റെ മഹത്വത്തിന് മുന്നിൽ വിനയവും, സഭാകൂട്ടായ്മയോടുള്ള ആത്മാർത്ഥമായ വിശ്വസ്തതയും പ്രകടമാക്കിക്കൊണ്ട് എല്ലായ്‌പ്പോഴും നിലനിറുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 മേയ് 2026, 12:20