തിരയുക

ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലേക്കുള്ള പുതിയ അംബാസഡർമാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലേക്കുള്ള പുതിയ അംബാസഡർമാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നു  (@Vatican Media)

ലോകത്തിനാവശ്യമായ സമാധാനവും സംവാദങ്ങളും പ്രോത്സാഹിപ്പിക്കാൻ നയതന്ത്രജ്ഞർക്കാകണം: ലിയോ പതിനാലാമൻ പാപ്പ

റോമിൽ സ്ഥിരതാമസക്കാരല്ലാത്തവരും പരിശുദ്ധ സിംഹാസനത്തിലേക്ക് പുതുതായി നിയോഗിക്കപ്പെട്ടവരുമായ ഒരു പറ്റം അംബാസഡർമാർക്ക് മെയ് 21 വ്യാഴാഴ്ച കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ. സംഘർഷങ്ങളും യുദ്ധങ്ങളും മൂലം ദുരിതമനുഭവിക്കുന്ന മനുഷ്യർക്കും, മെച്ചപ്പെട്ട ഒരു ലോകത്തിനുമായി, സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും, പരസ്പരം കൂടുതൽ മനസ്സിലാക്കാനും, മാനവികതയ്ക്ക് ഏറെ ആവശ്യമുള്ള സമാധാനം ശക്തിപ്പെടുത്താനും സഹായിക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്ത് സമാധാനം, സഹവാസം, സംവാദങ്ങൾ തുടങ്ങിയ മൂല്യങ്ങളും യാഥാർത്ഥ്യങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് നയതന്ത്രജ്ഞരെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിലേക്ക് പുതുതായി നിയമിക്കപ്പെട്ടവരും എന്നാൽ റോമിൽ സ്ഥിരതാമസക്കാരല്ലാത്തവരുമായ കുറച്ച് അംബാസഡർമാർക്ക് മെയ് 21 വ്യാഴാഴ്ച രാവിലെ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, ആധുനികലോകവും മാനവികതയും നേരിടുന്ന പ്രശ്‌നങ്ങളിലേക്കും വെല്ലുവിളികളിലേക്കും പാപ്പാ നയതന്ത്രജ്ഞരുടെ ശ്രദ്ധ ക്ഷണിച്ചത്. വത്തിക്കാനിലെ ക്ലമന്റൈൻ ശാലയിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.

പാവപ്പെട്ടവരോടും ദരിദ്രരോടും ക്രിസ്തുവിനുണ്ടായിരുന്ന സ്നേഹം പരാമർശിച്ചുകൊണ്ട്, അത്തരം മനുഷ്യരെ കാണാതിരിക്കുന്ന സ്വാർത്ഥതയുടെ മനോഭാവം വെടിയേണ്ടതുണ്ടെന്നും, അധികാരവും പുരോഗതിയും മാത്രം കണ്ടുകൊണ്ടാണ് ഒരു അന്താരാഷ്ട്ര യാഥാർത്ഥ്യത്തെ നീതിയുള്ളതും മാനവികമെന്നും വിളിക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. സിയറ ലിയോൺ, ബംഗ്ലാദേശ്, യമൻ, റുവാണ്ട, നമീബിയ, മൗറീഷ്യസ്, ചാഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള പുതിയ അംബാസഡർമാർ തങ്ങളുടെ യോഗ്യതാപത്രങ്ങൾ സമർപ്പിക്കാൻ വത്തിക്കാനിലെത്തിയ അവസരത്തിലായിരുന്നു പാപ്പാ ഇങ്ങനെയൊരു ഉദ്‌ബോധനം പങ്കുവച്ചത്

പന്തക്കുസ്താ തിരുനാൾ അടുത്തുവരുന്നത് പരാമർശിച്ച പാപ്പാ, ശിഷ്യന്മാരുടെമേൽ ഇറങ്ങിവസിച്ച പരിശുദ്ധാത്മാവ് അവരുടെ ഭയം നീക്കിയതും അവരെ കൂടുതൽ ഐക്യപ്പെടുത്തിയതും, വ്യത്യസ്ത ജനസമൂഹങ്ങളോട് അവരവരുടെ ഭാഷകളിൽ സംസാരിക്കാൻ കഴിവുള്ളവരാക്കിയതും അനുസ്മരിച്ച പരിശുദ്ധ പിതാവ്, നയതന്ത്രത്തിന്റെ ലോകത്തും ഐക്യത്തിന്റെ ചിന്തകൾ കൂടുതൽ ഉണ്ടാകേണ്ടതിന്റെയും വിവിധ രാജ്യങ്ങൾ തമ്മിൽ ക്രിയാത്മകമായ ബന്ധങ്ങളും പരസ്പരബഹുമാനവും ഉത്തരവാദിത്വബോധവും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറഞ്ഞു.

ആയുധങ്ങളിലും ശക്തിയിലും അധിഷ്ഠിതമായ നയങ്ങളിൽനിന്ന് മാറി, പരസ്പരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു നയതന്ത്രത്തിലേക്ക് കൂടുതലായി വളരേണ്ടതിന്റെയും, തെറ്റിദ്ധാരണകൾ അകറ്റി അന്താരാഷ്ട്രബന്ധങ്ങൾ പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയിലേക്കും പാപ്പാ വിരൽ ചൂണ്ടി. ഇതിനായി വേണ്ട പരിവർത്തനത്തിന്റെയും, പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെയും ആവശ്യവും പാപ്പാ എടുത്തുകാട്ടി.

രാജ്യങ്ങൾ തമ്മിലുള്ള പരസ്പരധാരണകളും വിശ്വാസവും സഹകരണവും അതോടൊപ്പം മാനവികതയ്ക്ക് ഏറെ ആവശ്യമുള്ള സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾക്ക് പുതിയ അംബാസഡർമാരെ ക്ഷണിച്ച പാപ്പാ, ഇതിനായി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെയും മറ്റു ഡികാസ്റ്ററികളുടെയും സഹകരണവും സഹായവും ഉറപ്പുനൽകി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മേയ് 2026, 12:56