സ്വർഗ്ഗാരോഹണം ജീവനുള്ള ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭകരമായ ഞായറാഴ്ച!
ലോകത്തിലെ പല രാജ്യങ്ങളിലും ഇന്ന് കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആഘോഷിക്കുകയാണ്.
തിരുവചനം വ്യക്തമാക്കുന്നതുപോലെ (അപ്പ. പ്രവർത്തനങ്ങൾ 1:1-11), ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ട് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്ന യേശുവിന്റെ ചിത്രം, കാലങ്ങൾക്കപ്പുറം നടന്ന വിദൂരമായ ഒരു സംഭവമായി, ഈ രഹസ്യത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.
എന്നാൽ ഇത് അങ്ങനെയല്ല, കാരണം ശിരസ്സിനോട് ചേർന്നിരിക്കുന്ന ഒരേ ശരീരത്തിലെ അവയവങ്ങൾ എന്നപോലെ നാം യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്നു. അതിനാൽ, സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിലൂടെ, പിതാവുമായുള്ള പൂർണ്ണമായ കൂട്ടായ്മയിലേക്ക് അവിടുന്ന് നമ്മെയും ചേർത്ത് വയ്ക്കുന്നു. വിശുദ്ധ അഗസ്റ്റിൻ ഇപ്രകാരമാണ് പറയുന്നത്: "ശിരസ്സിന്റെ പുരോഗതിയാണ് അവയവങ്ങളുടെ പ്രത്യാശ".
തീർച്ചയായും, ക്രിസ്തുവിന്റെ ജീവിതം മുഴുവൻ ആരോഹണത്തിന്റെ ഒരു പ്രയാണമാണ്. തന്റെ മനുഷ്യത്വത്തിലൂടെ അവിടുന്ന് ലോകത്തെ മുഴുവൻ ആശ്ലേഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു, മനുഷ്യരെ അവരുടെ പാപാവസ്ഥയിൽ നിന്ന് ഉയർത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. മുമ്പ് ഇരുളും, അനീതിയും, നിരാശയും ഉണ്ടായിരുന്നിടത്ത് അവിടുന്ന് പ്രകാശവും ക്ഷമയും പ്രത്യാശയും കൊണ്ടുവരുന്നു. ഇതിലൂടെ മനുഷ്യർ നിർണ്ണായകമായ പുനരുത്ഥാനത്തിന്റെ വിജയം കൈവരിക്കുന്നു; ദൈവപുത്രൻ തന്റെ മരണത്തിലൂടെ "നമ്മുടെ മരണത്തെ തോൽപ്പിക്കുകയും, ഉയിർത്തെഴുന്നേൽക്കുന്നതിലൂടെ നമ്മുടെ ജീവൻ വീണ്ടെടുക്കുകയും ചെയ്യുന്നു.
അതിനാൽ, സ്വർഗ്ഗാരോഹണം വിദൂരമായ ഒരു വാഗ്ദാനത്തെക്കുറിച്ചല്ല, മറിച്ച് നമ്മെ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആകർഷിക്കുന്ന ഒരു ജീവനുള്ള ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് ഈ ജീവിതത്തിൽത്തന്നെ നമ്മുടെ ചക്രവാളത്തെ ഉയർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും ദൈവത്തിന്റെ ഹൃദയത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ, ഈ ആരോഹണ പാതയിൽ നാം യഥാർത്ഥ വഴി തിരിച്ചറിയുന്നു (യോഹന്നാൻ 14:1-6). യേശുവിന്റെ ജീവത്യാഗത്തിലും, മാതൃകയിലും, പഠിപ്പിക്കലുകളിലും നാം അത് കണ്ടെത്തുന്നു. പരിശുദ്ധ കന്യകാമറിയവും വിശുദ്ധരും നമുക്കായി ഈ വഴി അടയാളപ്പെടുത്തിയിട്ടുണ്ട്; അതിനാൽ സഭ അവരെ സാർവത്രിക മാതൃകകളായി നമുക്ക് നൽകുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ കൂടെക്കഴിയുന്ന "അയൽപക്കത്തെ വിശുദ്ധരെ" കുറിച്ച് സംസാരിക്കാൻ ഫ്രാൻസിസ് പാപ്പാ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സുവിശേഷമനുസരിച്ച് ആത്മാർത്ഥമായി ജീവിക്കാൻ സന്തോഷത്തോടും പ്രതിബദ്ധതയോടും കൂടി പരിശ്രമിക്കുന്ന അപ്പന്മാർ, അമ്മമാർ, മുത്തശ്ശിമാർ, മുത്തച്ഛന്മാർ, എല്ലാ പ്രായത്തിലും അവസ്ഥയിലുമുള്ള ആളുകൾ എന്നിവരാണവർ.
അവരോടൊപ്പം, അവരുടെ പിന്തുണയോടെയും പ്രാർത്ഥനയാലും നമുക്കും സ്വർഗ്ഗത്തിലേക്ക് ഓരോ ദിവസവും ഉയരാൻ പഠിക്കാം. വിശുദ്ധ പൗലോസ് പറയുന്നതുപോലെ, സത്യമായതും, നീതിയുള്ളതും, സ്നേഹാർഹവുമായ എല്ലാറ്റിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം (ഫിലിപ്പിയർ 4:8). നാം "കേട്ടതും കണ്ടതും" (9) ദൈവസഹായത്തോടെ പ്രാവർത്തികമാക്കണം. ഈ രീതിയിൽ, ജ്ഞാനസ്നാനത്തിലൂടെ നമുക്ക് ലഭിച്ചതും പിതാവിലേക്ക് നമ്മെ നിരന്തരം ആകർഷിക്കുന്നതുമായ ദൈവിക ജീവൻ നമ്മിലും നമുക്ക് ചുറ്റും വളരാൻ ഇടയാകും, അത് ലോകത്ത് ഐക്യത്തിന്റെയും സമാധാനത്തിന്റെയും വിലയേറിയ ഫലങ്ങൾ ഉളവാക്കുകയും ചെയ്യും.
ഓരോ നിമിഷവും നമ്മെ പ്രകാശിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന സ്വർഗ്ഗരാജ്ഞിയായ മറിയം നമ്മുടെ പാതയിൽ നമുക്ക് തുണയായിരിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
