തിരയുക

പാപ്പാ അംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു പാപ്പാ അംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു   (@VATICAN MEDIA)

മാനവികതയ്‌ക്കെതിരെയുള്ള വെല്ലുവിളികളെ നേരിടുവാൻ കുടുംബങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിയണം: പാപ്പാ

ജനസംഖ്യാ വിഷയത്തെക്കുറിച്ച് യൂറോപ്യൻ പാർലമെന്റിന്റെ ഇന്റർഗ്രൂപ്പ് അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, കൂടിക്കാഴ്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മെയ് 25 ന് റോമിൽ നടക്കുന്ന "ജനസംഖ്യാശാസ്ത്രവും യൂറോപ്പും: ഒരു നിർണായക നിമിഷം" എന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന ജനസംഖ്യാ വിഷയത്തെക്കുറിച്ച് യൂറോപ്യൻ പാർലമെന്റിന്റെ ഇന്റർഗ്രൂപ്പ് അംഗങ്ങളുമായി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി.  യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങളുടെ സ്ഥാപക പിതാക്കന്മാരുടെ ക്രിസ്തീയ പ്രചോദനത്തെ നിരാകരിക്കുന്ന ഏകാന്തതയുടെ സംസ്കാരമാണ്, ഇന്ന്  ജനനനിരക്ക് കുറയുന്നതിന് കാരണമാകുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതെന്നു പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ഇത് യൂറോപ്യൻ ഭൂഖണ്ഡത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. കുടുംബങ്ങൾക്കെതിരായ നയങ്ങൾ രൂപീകരിക്കുന്നതും, മാതൃത്വത്തിനെതിരെ വിവേചനം കാണിക്കുന്നതും, ഗർഭഛിദ്രം ഒരു അവകാശമായി വാഴ്ത്തുന്നതുമായ ഒരു യൂറോപ്പിന്, വർത്തമാന  കാലത്തെ പുരുഷന്മാരും സ്ത്രീകളും നേരിടുന്ന പ്രതിസന്ധികളോട് പ്രതികരിക്കാൻ ക്രിയാത്മകമായ തത്വങ്ങൾ ആവശ്യമാണെന്നു പാപ്പാ അടിവരയിട്ടുപറഞ്ഞു.

കുട്ടികളാണ് ഭാവി എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, തലമുറകൾക്കിടയിൽ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. ജനസംഖ്യാപരമായ വിവരങ്ങൾ  കേവലം സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല, പിതൃത്വം, മാതൃത്വം, കുട്ടികൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ശക്തമായ ആശയമാണെന്നും പാപ്പാ പറഞ്ഞു. സമീപ ദശകങ്ങളിൽ, യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങളുടെ സ്ഥാപക പിതാക്കന്മാരുടെ ക്രിസ്തീയ പ്രചോദനത്തെ നിരസിച്ചത് കടുത്ത വന്ധ്യതയുടെ ഒരു കാലഘട്ടത്തിലേക്ക് നയിച്ചുവെന്നും പാപ്പാ അടിവരയിട്ടു. ഇതുമൂലം, യുവാക്കൾക്ക് ഭാവിയെ അഭിമുഖീകരിക്കാൻ ആവശ്യമായ ഭൗതികവും സാംസ്കാരികവുമായ കാര്യങ്ങൾ  കൈമാറുന്നതിൽ സമൂഹം പരാജയപ്പെട്ടുവെന്നും ശക്തമായ ഭാഷയിൽ പാപ്പാ പ്രതികരിച്ചു.

മാതൃത്വത്തിനെതിരായ വിവേചനം ഒരേസമയം പ്രോത്സാഹിപ്പിക്കുകയും, ഗർഭച്ഛിദ്രത്തെ ഒരു അവകാശമായി ഉയർത്തിപ്പിടിക്കുകയും, ഒരു കുടുംബം ആരംഭിക്കാനുള്ള ആഗ്രഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന കുടുംബ സൗഹൃദ നയങ്ങളുടെ പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ ഏറെ വേദന ഉളവാക്കുന്നുവെങ്കിലും, ഇതിനു അപവാദമായി മാതൃകകൾ ഇന്ന് ഉയർന്നു വരുന്നത് ഏറെ സന്തോഷകരമാണെന്നും പാപ്പാ പറഞ്ഞു.

യൂറോപ്പിന്റെ നരവംശശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവുമായ ഭാവിയുടെ നിർണായക ഘട്ടമായി ജനസംഖ്യാപരമായ വെല്ലുവിളി നിലകൊള്ളുന്നുവെന്നും, അതിനാൽ ആഴത്തിലുള്ള ഒരു പഠനം ആവശ്യമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. തുടർന്ന് കുടുംബങ്ങളുടെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു. കുടുംബം "സാമൂഹിക ജീവിതത്തിന്റെ ആദ്യത്തേതും പകരം വയ്ക്കാനാവാത്തതുമായ സ്കൂളാണ്" എന്നുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ  വാക്കുകൾ ഉദ്ധരിച്ച പാപ്പാ,  ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിൽ സ്ഥാപിതമാണ് കുടുംബമെന്നും, കുടുംബത്തിന്റെ ഈ കേന്ദ്ര സ്ഥാനത്തെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും പാപ്പാ ആവശ്യപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മേയ് 2026, 14:15