തിരയുക

പാപ്പാ സന്ദേശം നൽകുന്നു പാപ്പാ സന്ദേശം നൽകുന്നു   (ANSA)

ഹൃദയത്തിന്റെ വാതിലുകൾ തുറക്കുവാൻ ആത്മാവിനെ അനുവദിക്കണം: പാപ്പാ

മെയ് മാസം ഇരുപത്തിനാലാം തീയതി ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. (യോഹന്നാൻ 3,16-18)
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ ശുഭ ഞായറാഴ്ച്ച!

ഈ പന്തക്കുസ്താ  ദിനത്തിൽ,  നവജാതമായ  സഭയിൽ സമൃദ്ധമായി ചൊരിയപ്പെട്ട  പരിശുദ്ധാത്മാവിന്റെ ദാനത്തെക്കുറിച്ചു ധ്യാനിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു; ഇന്ന്, ഇത് സഭയിലെ അംഗങ്ങൾക്ക്, ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അവരെ  അനുഗമിക്കുന്ന പുതിയ വെളിച്ചവും, ശക്തിയും നൽകുന്നു. ഇന്നത്തെ ആരാധനക്രമം നമുക്ക് നൽകുന്ന ആത്മാവിന്റെ  പ്രതിച്ഛായയെ കുറിച്ച് നമുക്ക് ചിന്തിക്കാം. ആത്മാവ് വാതിലുകളെ തുറക്കുന്നു. സുവിശേഷം നമ്മോട് പറയുന്നു, "ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരുന്നു" (യോഹന്നാൻ 20:19). അതേ സമയം , ആത്മാവ് ഒരു കൊടുങ്കാറ്റു പോലെ കടന്നു വന്നുവെന്നാണ്, അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നത്. (2:2) ഈ ആത്മാവ് ആ മുറിയുടെ വാതിലുകൾ തുറക്കുകയും, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാൻ ശിഷ്യന്മാരെ പ്രചോദിപ്പിക്കുകയും ചെയ്തു.

ഇന്നും, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: പരിശുദ്ധാത്മാവ് ഏതെല്ലാം വാതിലുകളാണ്  തുറക്കുന്നത്?

യേശുക്രിസ്തുവിൽ സ്വയം വെളിപ്പെടുത്തിയതുപോലെ, ദൈവത്തിന്റെ രഹസ്യത്തിലേക്കുള്ള പ്രവേശനം നമുക്ക് സാധ്യമാക്കുന്നു  എന്ന അർത്ഥത്തിൽ, ഒന്നാമത്തെ വാതിൽ ദൈവത്തിന്റേതാണ്. തന്റെ ആത്മാവിന്റെ ദാനത്താൽ ദൈവം നമുക്ക് യഥാർത്ഥ വിശ്വാസം നൽകുന്നു, തിരുവെഴുത്തുകളുടെ അർത്ഥം മനസ്സിലാക്കാൻ  നമ്മെ പ്രേരിപ്പിക്കുന്നു, ഒരു അയൽക്കാരനായി നമ്മെ ബോധ്യപ്പെടുത്തുകയും, സ്വന്തം ജീവിതത്തിൽ  പങ്കുചേരാൻ  നമ്മെ അനുവദിക്കുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ചുള്ള വ്യക്തിപരമായ ഒരു അനുഭവം നേടാനും,  ഒരു നിയമം അനുസരിക്കുന്നതിൽ മാത്രമായി ചുരുക്കാതെ, യേശുവിൽ അവനെ കണ്ടുമുട്ടാനും, നമ്മിൽ അവനെ തിരിച്ചറിയാനും ദൈനംദിന ജീവിതത്തിൽ അവന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങൾ കണ്ടെത്താനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.

രണ്ടാമത്തെ വാതിൽ സെഹിയോൻ ഊട്ടുശാലയുടേതാണ്. ആത്മാവിന്റെ അഗ്നി ഇല്ലാതെ, സഭ ഭയത്തിന്റെ തടവുകാരനായി തുടരുന്നു, ലോകത്തിന്റെ വെല്ലുവിളികളെ ഭയപ്പെടുന്നു, സ്വയം അടഞ്ഞുകിടക്കുന്നു, അതിനാൽ മാറ്റത്തിന് വിധേയമാകുന്ന  കാലവുമായി സംഭാഷണത്തിൽ ഏർപ്പെടാൻ കഴിയാതെ പോകുന്നു. ദൈവത്തോടും, മറ്റുള്ളവരോടും, ഭാവി പ്രത്യാശയിലേക്കും, ജീവിതത്തിന്റെ സന്തോഷത്തിലേക്കും വാതിലുകളെ കൊട്ടിയടച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതിനും, അവർക്ക് ആതിഥ്യം അരുളുന്നതിനുമാണ് ആത്മാവ് സഭയുടെ വാതിലുകൾ തുറക്കുന്നത്. ഫ്രാൻസിസ് പാപ്പാ അനുസ്മരിക്കുന്നതുപോലെ, ഏവരെയും അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സഭയാകുവാനും, എല്ലാവർക്കും വാതിലുകൾ  തുറന്നിട്ടുള്ള ഒരു സഭയാകുവാനുമാണ് നാമേവരും വിളിക്കപ്പെട്ടിരിക്കുന്നത്.

അവസാനമായി, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ  തുറക്കുന്നു. സ്ഥായിയായി നിലനിൽക്കുവാനും, സ്വാർത്ഥത, അവിശ്വാസം, മുൻവിധി എന്നിവയെ മറികടക്കാൻ  നമ്മെ സഹായിക്കുകയും,  ദൈവത്തിന്റെ മക്കളായും, നമ്മുടെ ഇടയിൽ സഹോദരീസഹോദരന്മാരായും ജീവിക്കാൻ  നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കർത്താവിന്റെ ആത്മാവ് ഉള്ളിടത്ത്, ആളുകൾക്കിടയിൽ, സമൂഹത്തിൽ, ഭൂമിയിൽ അധിവസിക്കുന്ന എല്ലാവർക്കുമിടയിൽ, സ്നേഹത്തിന്റെ ഒരേ ഭാഷ സംസാരിക്കുന്നവർക്കിടയിൽ,  സാഹോദര്യം ജന്മമെടുക്കുകയും, അത് വൈവിധ്യത്തെ ഒന്നിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ, നമ്മുടെ ഈ കാലത്തും,  വിശേഷിച്ചും പന്തക്കുസ്ത ദിനത്തിൽ, ഇപ്പോഴും അടഞ്ഞിരിക്കുന്ന എല്ലാ വാതിലുകളും തുറക്കാൻ നാം പരിശുദ്ധാത്മാവിനോട്  പ്രാർത്ഥിക്കണം. നമ്മെ സ് നേഹിക്കുന്ന പിതാവായി ദൈവത്തെ വീണ്ടും കണ്ടെത്തുവാനും, എല്ലാവർക്കും കുടുംബാന്തരീക്ഷം അനുഭവിക്കുന്ന ഒരു സഭ കെട്ടിപ്പടുക്കുവാനും, എല്ലാ ജനതകൾക്കുമിടയിൽ  സമാധാനം വാഴുന്ന ഒരു സാഹോദര്യ ലോകം വളർത്തിയെടുക്കുവാനും നമുക്ക് സാധിക്കണം.

ആദ്യശിഷ്യന്മാരെപ്പോലെ, പരിശുദ്ധാത്മാവിന്റെ വാസസ്ഥലവും, സഭയുടെ മാതാവുമായ കന്യകാമറിയത്തിന്റെ സഹായത്തിൽ നമുക്ക് ആശ്രയിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മേയ് 2026, 14:21