തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

ബാബേൽ ഗോപുരമല്ല; സ്നേഹസംസ്കാരത്തിന്റെ പുതിയ ജെറുസലേം പണിതുയർത്തുക: ലിയോ പതിനാലാമൻ പാപ്പാ

"ലൗദാത്തോ സീ ഗ്രാമ സംവാദങ്ങൾ" എന്ന പേരിൽ കസ്തേൽ ഗന്തോൾഫോയിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ജൂൺ 19 വെള്ളിയാഴ്‌ച ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. പൊതുനന്മയും മനുഷ്യാന്തസ്സും പ്രോത്സാഹിപ്പിക്കാനും, ഏവരുടെയും സഹകരണത്തോടെ മെച്ചപ്പെട്ട ഒരു ലോകം പണിതുയർത്താനും പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദുർബലരായ മനുഷ്യരെപ്പോലും പരിഗണിക്കാതെ, മനുഷ്യത്വരഹിതമായ രീതിയിൽ, ലാഭക്കണക്കുകൾ മാത്രം നോക്കി സ്വാർത്ഥതയുടെ ബാബേൽ ഗോപുരം പണിതുയർത്തുന്നതിന് പകരം, സ്നേഹസംസ്കാരത്തിൽ അധിഷ്ഠിതമായതും സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക നയങ്ങളനുസരിച്ച് മുന്നോട്ടു പോകുന്നതുമായ നവീന ജെറുസലേം പണിതുയർത്താനാണ് നാം പരിശ്രമിക്കേണ്ടതെന്ന് ലിയോ പതിനാലാമൻ പാപ്പാ. "ലൗദാത്തോ സീ ഗ്രാമ സംവാദങ്ങൾ" എന്ന പേരിൽ കസ്തേൽ ഗന്തോൾഫോയിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ജൂൺ 19 വെള്ളിയാഴ്‌ച വത്തിക്കാനിലെ കൺസിസ്റ്ററി ശാലയിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെ, സിനഡാത്മക ശൈലിയിൽ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ പരിശുദ്ധ പിതാവ് അഭിനന്ദിച്ചു.

സ്നേഹത്തിന്റെ സംസ്കാരം ഗംഭീരമോ വലുതോ ആയ ഒരു പ്രവൃത്തിയിൽനിന്നല്ല, ചെറുതും ഉറച്ചതുമായ അനേകം പ്രവൃത്തികൾ ഒരുമിച്ച് ചേരുമ്പോഴാണ് ഉണ്ടാവുകയെന്ന് ഓർമ്മിപ്പിച്ച പാപ്പാ, കസ്തേൽ ഗന്തോൾഫോയിലെ പൂന്തോട്ടത്തിൽ നടന്ന ഈ ആദ്യസമ്മേളനത്തിൽ, പ്രാദേശികമായ അറിവുകളെ ഉത്തരവാദിത്വപൂർവ്വം ആഗോളപരമായ നന്മയ്ക്കുവേണ്ടി പങ്കുവയ്ക്കുകയാണ് നിങ്ങൾ ചെയ്തതെന്ന് പാപ്പാ പറഞ്ഞു. ഈയൊരു സംസ്കാരത്തിന്റെ സാക്ഷാത്കാരത്തിനായി, എളിമയോടെ, എന്നാൽ ധൈര്യപൂർവ്വം മുന്നോട്ട് പോകാൻ സമ്മേളനത്തിൽ പങ്കുചേർന്നവരോട് പാപ്പാ ആവശ്യപ്പെട്ടു.

തന്റെ പ്രഥമ അപ്പസ്തോലിക ലേഖനമായ  "മഞ്ഞീഫിക്ക ഉമാനിത്താസിലൂടെ" (Magnifica humanitas) താൻ മുന്നോട്ടുവച്ച ആഹ്വാനം സ്വീകരിച്ച്, പൊതുനന്മയും ഏവരുടെയും അന്തസ്സ് പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമാക്കിയുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ഈ സംരംഭത്തിലെ ആളുകൾ സമകാലീനലോകത്തെ ഭിന്നതലങ്ങളിലുള്ള മനുഷ്യരുമായി സംവാദങ്ങൾ നടത്തിയത് പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രത്യേകം അനുസ്മരിച്ചു.

കത്തോലിക്കാ സഭയിലെ സിനഡാത്മക ദർശനത്തിൽ അധിഷ്ഠിതമായാണ് "ലൗദാത്തോ സീ ഗ്രാമ സംവാദങ്ങൾ" എന്ന പദ്ധതിയിലെ സംവാദങ്ങൾ സംഘടിപ്പിക്കപ്പെട്ടതെന്ന കാര്യം അനുസ്മരിച്ച പാപ്പാ, ലോകത്തിന്റെ വിവിധയിടങ്ങളിലും വിവിധ മേഖലകളിലും നിന്ന് വരുന്ന നിങ്ങൾ, ലോകത്ത് പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനം ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു.

ഇതാദ്യമായാണ് "ലൗദാത്തോ സീ ഗ്രാമ സംവാദങ്ങൾ" എന്ന പേരിൽ രണ്ടു ദിനങ്ങൾ നീണ്ട ഇത്തരമൊരു സമ്മേളനം നടന്നത്. നിർമ്മിത ബുദ്ധിയും അത് മനുഷ്യാന്തസ്സിന്മേൽ ഉളവാക്കുന്ന മാറ്റങ്ങളും, ആരോഗ്യപരമായ ജീവിതവളർച്ച, കായികനയതന്ത്രം, പാരിസ്ഥിതിക സമഗ്രത തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

19 ജൂൺ 2026, 13:43