തിരയുക

പാപ്പാ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പാപ്പാ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ   (ANSA)

പിതൃതുല്യമായ വാത്സല്യത്തോടെ കത്തോലിക്കാകൂട്ടായ്മയിലേക്ക് പത്താം പീയൂസിന്റെ സഭയെ വീണ്ടും ക്ഷണിച്ച് പാപ്പാ

പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്രസമൂഹമായ പത്താം പീയൂസിന്റെ സഭ, പാപ്പായുടെ അനുമതിയില്ലാതെ, പുതിയ മെത്രാന്മാരെ വാഴിക്കാൻ ഒരുങ്ങുന്നതിനിടയിൽ, ഒരിക്കൽ കൂടി, ഒരു അപ്പനടുത്ത വാത്സല്യത്തോടെ, പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പാ, സഭയുടെ സുപ്പീരിയർ ജനറലിന് കത്തയച്ചു. നിയമാനുസൃതമല്ലാത്ത ഈ പ്രവൃത്തി സഭയിൽനിന്നുള്ള പുറത്താകൽ നടപടിക്ക് (ശീശ്മ) കാരണമാകും.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"പിതൃഹൃദയത്തോടെ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നു", പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്രസമൂഹമായ പത്താം പീയൂസിന്റെ സഭ, പാപ്പായുടെ അനുമതിയില്ലാതെ, പുതിയ മെത്രാന്മാരെ വാഴിക്കാൻ  ഒരുങ്ങുന്നതിനിടയിൽ, ഒരിക്കൽ കൂടി, ലിയോ പതിനാലാമൻ പാപ്പാ, ഈ സഭയിൽ അംഗങ്ങളായിരിക്കുന്ന,  മെത്രാന്മാർ, പുരോഹിതന്മാർ, സെമിനാരിക്കാർ, അത്മായർ, എന്നിവരെ, സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ദാവിദെ പാല്യറീനി വഴിയായി കൂട്ടായ്മയിലേക്ക്, ഒരിക്കൽ കൂടി ക്ഷണിച്ചുകൊണ്ട്, കത്തെഴുതി.

പത്താം പീയൂസിന്റെ സഭയ്ക്ക് ആരാധനാക്രമ ജീവിതത്തോടുള്ള  അടുപ്പവും, പൗരോഹിത്യ രൂപീകരണത്തോടുള്ള പ്രതിബദ്ധതയും, അപ്പസ്തോലിക തീക്ഷ്ണതയും, പാരമ്പര്യത്തോടുള്ള വിശ്വസ്തതയുമെല്ലാം കത്തോലിക്കാ സഭ അംഗീകരിക്കുന്ന വസ്തുതകളാണെന്നു പാപ്പാ കത്തിൽ ചൂണ്ടിക്കാണിച്ചു. ക്രിസ്തീയ വാത്സല്യം നിറഞ്ഞ ഈ ആത്മാവിൽ, പുതിയ തീരുമാനങ്ങളിലേക്കുള്ള ചുവടുകൾ പിൻവലിക്കുവാൻ  പാപ്പാ അഭ്യർത്ഥിച്ചു.

വിശ്വാസികളുടെ ആത്മീയ നന്മ ശ്രദ്ധാപൂർവ്വം പരിഗണിക്കാൻ പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും വിഭജിക്കപ്പെടുന്ന ഈ നടപടികൾ, അവർ സ്നേഹിക്കുകയും, സ്വന്തം വിശുദ്ധീകരണത്തിനായി തേടുകയും ചെയ്യുന്ന കൂദാശകളുടെ നിയമപരവും, ചില സന്ദർഭങ്ങളിൽ സാധുതയുള്ളതുമായ സ്വീകരണം പോലും നഷ്ടപ്പെടുത്തുമെന്ന മുന്നറിയിപ്പും പാപ്പാ കത്തിലൂടെ നൽകി.

പരിശുദ്ധാത്മാവിന് സാധ്യമാക്കാനും ഫലപ്രദമാക്കാനും കഴിയുന്ന സംവാദത്തിന്റെയും പരസ്പര ധാരണയുടെയും പാതയിലേക്കായി സഭ എപ്പോഴും സന്നദ്ധമെന്നും പാപ്പാ അറിയിച്ചു. ക്രിസ്തുവിന്റെ തുന്നലില്ലാത്ത അങ്കി  കീറുന്നത് അത്യന്തം ഗൗരവകരമായ പാപമാണെന്നും, സഭയിലെ അംഗങ്ങൾക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ കത്തിൽ എടുത്തു പറഞ്ഞു.

"ക്രിസ്തുവിൽ നിന്ന് എനിക്ക് ലഭിച്ച അധികാരത്താൽ, വേദനിക്കുന്ന മനസ്സോടെ എന്നാൽ പ്രത്യാശയോടെ, നിങ്ങളുടെ ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിയണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നത് എന്റെ കടമയായി ഞാൻ കരുതുന്നു. ഈ നിയോഗങ്ങളെ സദുപദേശത്തിന്റെ മാതാവായ മറിയത്തിന്റെ വിമലഹൃദയത്തിന് ഞാൻ സമർപ്പിക്കുന്നു." പാപ്പാ എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

30 ജൂൺ 2026, 13:23