വൈവിധ്യങ്ങൾക്കിടയിലെ സഭയുടെ ഐക്യമാണ് വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ ജീവിതസാക്ഷ്യം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി, വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിൻ്റെയും തിരുനാൾ ദിനത്തിൽ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം, വത്തിക്കാൻ ചത്വരത്തിൽ, മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, ഇരു വിശുദ്ധരുടെയും ജീവിത മാതൃക എടുത്തുകാണിച്ചുകൊണ്ട്, സഭയിലെ വൈവിധ്യവും ഐക്യവും ഉയർത്തിക്കാട്ടി, സന്ദേശം നൽകുകയും ചെയ്തു. റോമിലെ സഭയ്ക്ക് ലോകമെമ്പാടുമുള്ള മറ്റ് സഭകളുമായുള്ള വിശ്വാസത്തിൻ്റെയും, സ്നേഹത്തിൻ്റെയും അവിഭാജ്യമായ ബന്ധത്തെ ഈ തിരുനാൾ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
വിശുദ്ധ പത്രോസിൻ്റെയും, പൗലോസിൻ്റെയും ജീവിത സാക്ഷ്യം പുതിയ നിയമത്തിൻ്റെ മുദ്രയാണെന്ന് പറഞ്ഞ പാപ്പാ, റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനത്ത് അവർ ചിന്തിയ രക്തം ദൈവസ്നേഹത്തിൻ്റെ ആഴം വെളിപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേർത്തു. അധികാരത്തേക്കാൾ സേവനത്തിന് മുൻഗണന നൽകുന്ന ഒരു പുതിയ ദൈവവിജ്ഞാനവും മനുഷ്യൻ്റെ അന്തസ്സും ഉയർത്തിപ്പിടിക്കാൻ അവരുടെ രക്തസാക്ഷിത്വം വഴികാട്ടുന്നുവെന്നും പാപ്പാ പറഞ്ഞു.
ദൈവം വിളിക്കുന്ന ആളുകൾ എല്ലാം തികഞ്ഞവരല്ലെന്നും, അവർ പാപികൾ ആണെന്ന് അറിഞ്ഞുകൊണ്ടാണ് അവിടുന്ന് നമ്മെ വിശ്വസിക്കുന്നതെന്നും പറഞ്ഞ പാപ്പാ, അവിടുത്തെ കൃപ നമ്മുടെ ജീവിതങ്ങളിലൂടെ പ്രകാശിക്കാനും, തിന്മയെ നന്മയാക്കി മാറ്റാനും ദൈവം ആഗ്രഹിക്കുന്നുവെന്നും അടിവരയിട്ടു. "എന്നെ അനുഗമിക്കുക" എന്ന ക്രിസ്തുവിൻ്റെ വിളി സ്വീകരിച്ച് ധീരമായ തീരുമാനങ്ങൾ എടുക്കുന്നവരിലൂടെ ഇന്നും ദൈവം ലോകത്തിൻ്റെ നാനാഭാഗങ്ങളിലും സന്നിഹിതനാകുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
വിശുദ്ധ പത്രോസും പൗലോസും സ്വഭാവത്തിലും പശ്ചാത്തലത്തിലും തികച്ചും വ്യത്യസ്തരായിരുന്നുവെന്നും, സുവിശേഷ പ്രഘോഷണത്തിൽ പോലും, അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നതെന്നും, എന്നാൽ ഇത് ശത്രുത ആയിരുന്നില്ലെന്നും, മറിച്ച് പരിശുദ്ധാത്മാവ് ഒരുമിപ്പിച്ച വൈവിധ്യങ്ങളുടെ പ്രതീകങ്ങളായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ വൈവിധ്യങ്ങൾക്കിടയിലും അവർ പുലർത്തിയ ഐക്യം സഭയ്ക്ക് എന്നും മാതൃകയാണെന്നും പാപ്പാ അനുസ്മരിച്ചു.
തുടർന്ന്, സേവനത്തിൻ്റെയും സംവാദത്തിൻ്റെയും പാത തുറക്കുവാനുള്ള ആഹ്വാനവും പാപ്പാ നൽകി. ക്രൈസ്തവ സാന്നിധ്യം എന്നത് ലോകത്ത് ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് സേവനത്തിനും അനുരഞ്ജനത്തിനുമുള്ളതാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. സഭയുടെ സാർവത്രിക സ്വഭാവത്തെ വിലമതിക്കാനും, ജനങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന് പ്രാധാന്യം നൽകാനും അദ്ദേഹം ഏവരെയും ക്ഷണിച്ചു. സഭയിലെ ഐക്യത്തെ തകർക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, മറ്റ് സഭകളുമായുള്ള സംവാദങ്ങളിലും, സമാധാനത്തിൻ്റെ പാതയിലും ഉറച്ചുനിൽക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
