ലിയോ പതിനാലാമൻ പാപ്പായുടെ റോമിലെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ പുറത്തിറങ്ങി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിവിധ ഇന്റർവ്യൂകളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുത്തി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ റോമിൽ ചിലവഴിച്ച വർഷങ്ങളെക്കുറിച്ചും പരിശുദ്ധ പിതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും 'ലിയോ ഇൻ റോം' (Leo in Rome) എന്ന പേരിലുള്ള ഒരു വീഡിയോ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ എഡിറ്റോറിയൽ വിഭാഗം പുറത്തിറക്കി.
റോബർട്ട് പ്രേവോസ്റ്റിൽനിന്ന് ലിയോ പതിനാലാമൻ പാപ്പായിലേക്കുള്ള യാത്രയിലെ റോമൻ കാലം വിശദീകരിക്കുന്ന ഇറ്റാലിയൻ ഭാഷയിലുള്ള ഈ വീഡിയോ, വത്തിക്കാൻ മാധ്യമപ്രവർത്തകരായ ഫെലിപ്പെ ഹെറേറ എസ്പാലിയാത്ത്, സാൽവത്തോറെ ചെർനൂത്സിയോ, തിത്സ്യാന കംപീസി എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഹൈമേ വിസ്‌കൈനോ ഹാറോയാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഗസ്റ്റീനിയൻ സഭാംഗം എന്ന നിലയിലും, പിന്നീട് മെത്രാൻ, കർദ്ദിനാൾ എന്നീ നിലകളിലും അഭിവന്ദ്യ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് റോമിൽ ചിലവഴിച്ച 20 വർഷത്തെ ജീവിതത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ വീഡിയോ.
പരിശുദ്ധ പിതാവ് മിഷനറിയായി പ്രവർത്തിച്ചിരുന്ന കാലത്തെ അധികരിച്ച് 'ലിയോൺ ദേ പെറു' എന്ന പേരിലും, അമേരിക്കയിലെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 'ലിയോ ഫ്രം ചിക്കാഗോ' എന്ന പേരിലുമുള്ള രണ്ടു വീഡിയോകൾ മുൻപ് ഇറങ്ങിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
